SignIn
Kerala Kaumudi Online
Wednesday, 29 March 2023 9.05 AM IST

ഹജ്ജിനൊരുങ്ങി തീർത്ഥാടക മനസ്

photo

ലോക മുസ്‌ലിം സമൂഹത്തിന് ഏറ്റവും പുണ്യം നിറഞ്ഞ തീർത്ഥാടനമാണ് ഹജ്ജ്. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർ മേയിൽ മക്കയിലേക്ക് യാത്ര തിരിക്കും. സൗദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ച ഹജ്ജ് ക്വാട്ടയിൽ ഇന്ത്യയ്ക്ക് 1,75,025 സീറ്റുകൾ ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് ഹജ്ജ് അപേക്ഷകർ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 79,237 സീറ്റുകളേ ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നൂള്ളൂ. 56,061 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വീതിച്ചപ്പോൾ കേരളത്തിന്റെ ക്വാട്ട 5,766ൽ ഒതുങ്ങി.

70 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തയ്യാറാക്കിയ പുതിയ ഹജ്ജ് നയത്തിലുള്ളത്. ഇതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന പോവുന്ന തീർത്ഥാടകരുടെ എണ്ണം കൂടും. കേരളത്തിനുള്ള ക്വാട്ടയും ആനുപാതികമായി വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി. കേരളത്തിലെ ഹജ്ജ് അപേക്ഷകരുടെ എണ്ണം ഇതിനകം തന്നെ 18,000 കടന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷകർ ഉണ്ടാവാറുള്ളത് കേരളത്തിലാണ്. എന്നാൽ അതത് സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിനാൽ കേരളത്തിന് അപേക്ഷകരുടെ എണ്ണത്തിന്റെ പകുതി സീറ്റ് പോലും ലഭിക്കാറില്ല. ജനസംഖ്യ മാനദണ്ഡമാക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണമനുസരിച്ച് പരിഗണന നൽകണമെന്ന കേരളത്തിന്റെ ആവശ്യം ഇത്തവണയും കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിച്ചിട്ടില്ല.


ഒരുക്കങ്ങൾ തകൃതി
ഇത്തവണ കേരളത്തിൽനിന്ന് ഹജ്ജിന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ പുറപ്പെടൽ (എംബാർക്കേഷൻ) കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ നടപടി തീർത്ഥാടകർക്ക് ഏറെ സൗകര്യപ്രദമാണ്. കണ്ണൂരിൽ ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കോഴിക്കോട്ടെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിച്ചു. സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടകരിൽ നല്ലൊരു പങ്കും മലബാറിൽ നിന്നുള്ളവരാണ്. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന പദവിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയത് തീർത്ഥാടകർക്ക് വലിയ ദുരിതമായിരുന്നു. 2019ലാണ് അവസാനമായി കോഴിക്കോട് എംബാർക്കേഷൻ പോയിന്റ് പ്രവർത്തിച്ചത്.

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനൊപ്പം കണ്ണൂരിനെക്കൂടി ഉൾപ്പെടുത്തിയ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നടപടി തീർത്ഥാടകർക്ക് അനുഗ്രഹമാവും. രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം പത്തിൽ നിന്ന് 25 ആക്കി വർദ്ധിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്. ഹജ്ജിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപമേകിയിട്ടുണ്ട്. കരിപ്പൂർ എയർപോർട്ടിലെ റീകാർപ്പറ്റിംഗ് വർക്കുകൾ മേയ് ആദ്യവാരത്തോടെ പൂർത്തിയാകും.

കെ.എസ്.ആർ.ടി.സിയുടെ, ആവശ്യമായ അധിക ഷെഡ്യൂളുകൾ വിവിധ ജില്ലകളിൽ നിന്നും ഹജ്ജ് ക്യാമ്പിലേക്ക് ഏർപ്പെടുത്തുന്നുണ്ട്.

മേയ് 21ന് ആരംഭിച്ച് ജൂൺ 22ന് അവസാനിക്കും വിധത്തിലാണ് ഹജ്ജ് സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്നത്. ജൂലായ് മൂന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മടക്ക സർവീസുകൾ. തീർത്ഥാടകരുടെ വിസ സ്റ്റാമ്പിംഗ് ഏപ്രിൽ 18 മുതൽ ആരംഭിക്കും. മാർച്ച് അവസാനത്തോടെ മുഴുവൻ സംസ്ഥാനങ്ങളിലും ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയാക്കും.


മികച്ച നയം,​

പക്ഷെ വൈകി

കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയം പുതിയ ഹജ്ജ് നയത്തിന്റെ കരട് രേഖയ്ക്ക് അംഗീകാരമേകുന്നത് ദീർഘിപ്പിച്ചത് ഇത്തവണ ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നത് അടക്കം വൈകിപ്പിച്ചിട്ടുണ്ട്. ഹജ്ജിന്റെ മറ്റ് ഒരുക്കങ്ങളെയും ഇത് ബാധിക്കുമെന്ന ആശങ്കയുണ്ട്. ജനുവരി ഒന്നിന് ഹജ്ജ് അപേക്ഷ സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും ഫെബ്രുവരി അവസാനത്തിലേക്ക് നീണ്ടു. ഓരോ അഞ്ചുവർഷം കൂടുമ്പോഴാണ് ഹജ്ജ് നയം തയ്യാറാക്കുക. കഴിഞ്ഞ നവംബറിൽ പുതിയനയം തയ്യാറാക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തീരുമാനിച്ചു. കരട് നയം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകുകയും ഇതിലെ അഭിപ്രായങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കരട് നയത്തിന് അംഗീകാരമേകുന്നതിൽ വേഗതയുണ്ടായില്ല. ഹജ്ജ് അപേക്ഷ സ്വീകരിക്കലും തുടർനടപടികളും ഓൺലൈനായതിനാൽ കുറഞ്ഞ സമയം മതിയെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പറയുന്നത്. കഴിഞ്ഞ തവണ 40 ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

2018ൽ രൂപവത്കരിച്ച ഹജ്ജ് നയം അനുസരിച്ച് ക്വാട്ടയിൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമാണ്. എന്നാൽ ഇത്തവണ 20 ശതമാനമേ സ്വകാര്യ ഗ്രൂപ്പുകൾക്കുള്ളൂ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയവർക്കുള്ള സ്‌പെഷ്യൽ ഹജ്ജ് ക്വാട്ടയും ഒഴിവാക്കി. 500 സീറ്റുകൾ പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് നൽകും. 70 വയസിന് മുകളിലുള്ളവർക്കും ഒരുസഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. പുരുഷന്മാരില്ലാതെ, 45 വയസ്സിന് മുകളിലുള്ള നാല് സ്ത്രീകൾക്ക് ഒരുമിച്ച് ഒരു കവറിൽ അപേക്ഷ നൽകാനാവും. ഹജ്ജിനുള്ള അപേക്ഷാ ഫീസായ 300 രൂപ വാങ്ങില്ല. ബാഗും വസ്ത്രങ്ങളും തീർത്ഥാടകരിൽ നിന്ന് പണം ഈടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങി നൽകുന്നതിന് പകരം തീർത്ഥാടകർ സ്വയം വാങ്ങണം. ബാഗും വസ്ത്രങ്ങളും വാങ്ങുന്നതിന്റെ മറവിൽ ഉദ്യോഗസ്ഥർ സാമ്പത്തിക തിരിമറികൾ നടത്തുന്നെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് തടയിടാൻ കൂടി പുതിയ ഹജ്ജ് നയം വഴിവയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAJJ
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.