വമ്പിച്ച ജനപങ്കാളിത്തത്തിലും അവതരിപ്പിക്കപ്പെട്ട വിഷയങ്ങളുടെ വ്യത്യസ്തതയിലും ഉജ്ജ്വല വിജയമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധജാഥ നേടിയത്. ജാഥയുടെ ഒരു ഘട്ടത്തിലും സ്വന്തം പ്രതിച്ഛായ ഉയർത്താനുള്ള ശ്രമം എം.വി. ഗോവിന്ദൻ എന്ന നേതാവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് എടുത്തുപറയേണ്ടത്. ഇപ്പോൾ നിലനില്‌ക്കുന്ന ദേശീയ - സംസ്ഥാന വിഷയങ്ങൾ ജനങ്ങളെയും പാർട്ടിക്കാരെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ വീക്ഷണത്തിൽ അറിയിക്കാനാണ് ജാഥയിലുടനീളം അദ്ദേഹം ശ്രമിച്ചത്. അധികാരത്തിന്റെ ഗർവിലും ഏകാധിപത്യത്തിന്റെ സ്വരത്തിലും ഒരിടത്തും സംസാരിച്ചില്ല. മൈക്ക് ഓപ്പറേറ്ററോട് അല്പം കയർത്ത് സംസാരിക്കേണ്ടിവന്നത് സ്വാഭാവികമായ പ്രതികരണമായിരുന്നു. തുടർന്ന് ആ വിഷയം ജനങ്ങളോട് വിശദീകരിച്ചപ്പോൾ ചങ്ങാതി എന്ന വാക്കാണ് മൈക്ക് ഓപ്പറേറ്ററിനെ സൂചിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ചത്. ഈ ഒരു ചെറിയ സംഭവത്തിന്റെ പേരിൽ മറ്റ് ചിലരെപ്പോലെ അനാവശ്യമായ ധാർഷ്ട്യവും അഹങ്കാരവുമുള്ള നേതാവാണ് എം.വി. ഗോവിന്ദനെന്ന് വരുത്തിത്തീർക്കാൻ ചില മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും ശ്രമിച്ചെങ്കിലും ജനങ്ങൾ അതേറ്റെടുത്തില്ല.
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കറപുരളാത്ത പഴയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം പിന്തുടരുന്ന നേതാവാണ് എം.വി. ഗോവിന്ദൻ എന്നത് ജനങ്ങൾക്ക് അവരുടെ അനുഭവത്തിൽ നിന്നറിയാം. അതിനാൽ വ്യാജമുദ്രകൾ ചാർത്തി അതിവേഗം ഒതുക്കാൻ പറ്റുന്ന നേതാവല്ല താനെന്ന് സുവ്യക്തമായി തെളിയിക്കാൻകൂടി ജാഥ ഉപകരിക്കപ്പെട്ടു. അതുപോലെ ജാഥക്കിടയിൽ തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച വ്യക്തിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കാനുള്ള ധാർമ്മിക ധൈര്യവും അദ്ദേഹം കാണിച്ചു. വ്യക്തിയുടെയല്ല പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കാനാണ് അദ്ദേഹമത് ചെയ്തത്. അതിന്റെ പേരിലും അദ്ദേഹത്തെ അഭിനന്ദിക്കാനല്ല, വിമർശിക്കാനാണ് ചിലർ ശ്രമിച്ചത്. പാർട്ടിയിലെതന്നെ മറ്റ് ചിലരെ വെട്ടിലാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ആരോപിച്ചവരും കുറവല്ല. സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ രണ്ടുരൂപ ഇന്ധന സെസ് ഏർപ്പെടുത്തിയ ഏറ്റവും പ്രതികൂല സാഹചര്യത്തിലാണ് ജാഥ തുടങ്ങിയത്. പക്ഷേ ജാഥ അവസാനിച്ചപ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിനും ഇവിടത്തെ നിഷ്‌പക്ഷരായ മറ്റ് ജനവിഭാഗങ്ങൾക്കും പുതിയ പ്രതീക്ഷകൾ നല്‌കുന്ന തലത്തിലേക്ക് ജനകീയ പ്രതിരോധജാഥ മാറി.
ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള തെറ്റായ സാമ്പത്തിക സമീപനം തുറന്നു കാണിക്കുന്നതിനൊപ്പം വികസനത്തിന് ജനങ്ങൾ നല്‌കുന്ന പ്രാധാന്യം അടിവരയിട്ട് സൂചിപ്പിക്കാനാണ് സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളിൽ അദ്ദേഹം കൂടുതൽ ശ്രദ്ധനല്‌കിയത്. വികസനത്തിൽ മുന്നേറിയതുകൊണ്ടാണ് രണ്ടാമതും എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിലേറ്റാൻ ജനങ്ങൾ തയ്യാറായതെന്ന് അദ്ദേഹം വ്യക്തമാക്കി. കടമെടുക്കാതെ ഒരു സംസ്ഥാനത്തിനും വികസനപ്രക്രിയകൾ പൂർത്തിയാക്കാനാവില്ല. അതിനാൽ അത് തടയാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന വിശദീകരണം ജനങ്ങൾ ഉൾക്കൊണ്ടെന്ന് തന്നെയാണ് പ്രതികരണങ്ങളിൽ നിന്ന് വിലയിരുത്തേണ്ടത്. ഭൂമിയില്ലാത്ത 64000 അതിദരിദ്ര കുടുംബങ്ങളെ ദത്തെടുത്ത നടപടി ചൂണ്ടിക്കാട്ടി ഇടതുപക്ഷ സർക്കാരിന്റെ മാനുഷികമുഖം വ്യക്തമാക്കാനും ജാഥാ സമ്മേളനങ്ങളിൽ അദ്ദേഹത്തിന് കഴിഞ്ഞു. എന്തായാലും ജനങ്ങളുടെ സ്പന്ദനങ്ങൾ അടുത്തറിയാൻ ഈ ജാഥ അദ്ദേഹത്തിന് നിമിത്തമായെന്ന് കരുതാം. ഇതിന്റെകൂടി പശ്ചാത്തലത്തിൽ വരുംവർഷങ്ങളിൽ ഇടതുപക്ഷ സർക്കാർ കൈക്കൊള്ളേണ്ട നയവ്യതിയാനങ്ങൾ സംബന്ധിച്ച് പാർട്ടി നിർദ്ദേശങ്ങൾ നല്‌കുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |