ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. പുതിയ സ്പീക്കറായി ഓം ബിർള അധികാരവുമേറ്റു. ഇനി നിയമസഭാ സ്പീക്കറുടെ പ്രധാന ചുമതല പ്രതിപക്ഷനേതാവിനെ അംഗീകരിക്കുക എന്നതാണ്. അതായത് സർക്കാർ രൂപീകരിച്ച് കഴിഞ്ഞശേഷം എതിർപക്ഷത്തെ ഏറ്റവും അംഗസംഖ്യയുള്ള പാർട്ടിയുടെ സഭയ്ക്കുള്ളിലെ നേതാവിനെയാണ് സാധാരണ പ്രതിപക്ഷ നേതാവായി കണക്കാക്കുക. അപ്രകാരം തിരഞ്ഞെടുത്ത നേതാവിനെ സ്പീക്കർ അംഗീകരിക്കുന്നതോടെ അദ്ദേഹം സഭയുടെ പ്രതിപക്ഷ നേതാവായി മാറും.
പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവ് എന്നത് വളരെ പ്രധാനപ്പെട്ടതും ഉത്തരവാദിത്വപ്പെട്ടതുമായ പദവിയാണ്. ജനാധിപത്യം ചലനാത്മകവും ക്രിയാത്മകവും സർഗാത്മകവുമായി പ്രവർത്തിക്കണമെങ്കിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം സഭയിൽ അലംഘനീയമാണ്. എന്നാൽ, ഇക്കുറി 52 ലോക്സഭാംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടുകയില്ലെന്ന് തീരുമാനിച്ചതായി ചില ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
16-ാം ലോക്സഭയിൽ 44 അംഗങ്ങൾ മാത്രമായിരുന്ന കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടിരുന്നില്ല. അതിനാൽ സ്പീക്കർ പ്രസ്തുത സ്ഥാനം ആർക്കും അംഗീകരിച്ച് നൽകിയിരുന്നുമില്ല. ചില പത്രങ്ങളിൽ എഴുതപ്പെട്ടത് കോൺഗ്രസിന് നിയമപരമായി പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻ അർഹതയില്ലെന്നാണ്. അതിനായി ചൂണ്ടിക്കാണിക്കപ്പെട്ട കാരണം ഭരണകക്ഷി കഴിഞ്ഞാൽ സഭയിൽ ഏറ്റവും വലിയ എതിർപക്ഷത്തെ പാർട്ടിയുടെ നേതാവിന് പ്രതിപക്ഷ നേതൃസ്ഥാനം അർഹതപ്പെടണമെങ്കിൽ പ്രസ്തുത പാർട്ടിക്ക് സഭയുടെ ആകെ അംഗസംഖ്യയുടെ മിനിമം 10 ശതമാനം അംഗ സംഖ്യയെങ്കിലും ഉണ്ടായിരിക്കണമെന്നാണ്. 545 അംഗങ്ങളുള്ള ലോക്സഭയിൽ 10 ശതമാനം മിനിമം അംഗസംഖ്യ എന്നത് 55 അംഗങ്ങളാണ്. കോൺഗ്രസിന് 52 അംഗങ്ങൾ മാത്രമുള്ളതിനാൽ നിയമപരമായി പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻ അർഹതയില്ലെന്നാണ്. പ്രതിപക്ഷസ്ഥാനം ലോക്സഭയിലും രാജ്യസഭയിലും നിലവിലുള്ള പദവിയാണ്. അത് ക്യാബിനറ്റ് മന്ത്രി പദവിയിലുള്ള ഉത്തരവാദിത്വപ്പെട്ട സ്ഥാനമാണ്. ഈ മിനിമം 10 ശതമാനം അംഗസംഖ്യ കണക്കാക്കുമ്പോൾ ലോക്സഭയിൽ 55 അംഗങ്ങളും രാജ്യസഭയിൽ 25 അംഗവുമുള്ള പാർട്ടിക്കു മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനാവുകയുള്ളൂ. പ്രതിപക്ഷ നേതൃസ്ഥാനം എന്ന പദവി ബ്രിട്ടീഷ് കേന്ദ്രീകൃത നിയമനിർമ്മാണസഭ നിലനിന്നിരുന്ന കാലം മുതലുള്ള സ്ഥാനമാണിത്. മോത്തിലാൽ നെഹ്റു ബ്രിട്ടീഷ് ഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്നു.
പ്രതിപക്ഷ നേതാവ് ; നിർവചനം
1977ലെ പാർലമെന്റിലെ പ്രതിപക്ഷനേതാവിന്റെ ശമ്പളവും ആനുകൂല്യവും എന്ന നിയമത്തിലാണ് പ്രതിപക്ഷ നേതാവ് എന്ന പദം നിർവചിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ 2003ലെ കേന്ദ്ര വിജിലൻസ് നിയമത്തിന്റെ നാലാം വകുപ്പിലും മുഖ്യ വിജിലൻസ് കമ്മിഷണറെയും വിജിലൻസ് കമ്മിഷൻ അംഗങ്ങളെയും അംഗങ്ങളായി തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും പ്രതിപക്ഷനേതാവ് അംഗമായിരിക്കണം എന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവായി ഒരംഗത്തിനെ തിരഞ്ഞെടുക്കേണ്ടത് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ്. അപ്രകാരം തിരഞ്ഞെടുത്ത അംഗത്തിനെ ലോക്സഭയിൽ സ്പീക്കറോ രാജ്യസഭയിൽ ചെയർമാനോ അംഗീകരിക്കേണ്ടതാണ്. സ്പീക്കറോ ചെയർമാനോ അംഗീകരിച്ച് ഉത്തരവ് ഇറക്കിയാൽ പ്രസ്തുത അംഗത്തിന് പ്രതിപക്ഷ നേതാവിന്റെ പദവിയും സ്ഥാനവും ലഭിക്കും. 1977ലെ നിയമത്തിൽ പ്രതിപക്ഷ നേതാവിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്. ''പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ നേതാവ് എന്നാൽ പ്രതിപക്ഷ പാർട്ടികളിൽ ഏറ്റവും അംഗസംഖ്യയുള്ള പാർട്ടി തിരഞ്ഞെടുത്ത നേതാവ് എന്നാണ്. പ്രസ്തുത നേതാവിനെ ലോക്സഭയിൽ സ്പീക്കറോ രാജ്യസഭയിൽ ചെയർമാനോ അംഗീകരിച്ച് ഉത്തരവിറക്കേണ്ടതാണ്. ഈ നിർവചനത്തിന്റെ വിശദീകരണം ഇപ്രകാരം സ്പഷ്ടീകരിക്കുന്നു. ''പാർലമെന്റിന്റെ ഇരുസഭകളിൽ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള ഒന്നിൽ കൂടുതൽ പ്രതിപക്ഷ പാർട്ടികൾ തുല്യമായി വന്നാൽ, ലോക്സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ അതിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാവുന്നതാണ്. അതായത് ഇത് സംബന്ധിച്ച നിയമം വ്യക്തവും ലളിതവുമാണ്. അംഗസംഖ്യ കൂടുതലുള്ള പ്രതിപക്ഷപാർട്ടി സഭയിൽ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുത്ത് അത് അറിയിച്ചുകൊണ്ട് ലോക്സഭാ സ്പീക്കർക്കോ രാജ്യസഭാ ചെയർമാനോ കത്ത് നൽകിയാൽ സ്പീക്കറോ ചെയർമാനോ അത് അംഗീകരിച്ച് ഉത്തരവിറക്കുക എന്നതാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
തുല്യ സംഖ്യ വരുന്ന പാർട്ടികളിൽ നിന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഉന്നയിക്കപ്പെട്ടാൽ മാത്രം സ്പീക്കർക്ക് വിവേചനാധികാരം ഉപയോഗിച്ച് അവരിൽ ഒരാളെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാം. നിയമം ഇതായിരിക്കെ 10 ശതമാനം മിനിമം അംഗസംഖ്യ വേണം എന്നത് നിയമപരമായി ശരിയായ നടപടിയല്ല. അപ്രകാരം 1977ലെ നിയമത്തിൽ നിബന്ധനവത്കരിക്കപ്പെട്ടിട്ടുമില്ല. മിനിമം 10 ശതമാനം എന്നത് ലോക്സഭയും രാജ്യസഭയും കൂടുന്നതിനായി ഭരണഘടന നിശ്ചയിച്ച മിനിമം ക്വാറമാണ്. അത് പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിന് ബാധകമല്ല.
(ലേഖകൻ മുൻ നിയമസഭാ സെക്രട്ടറിയാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |