തൃശൂർ: തൃശൂരിൽ ജില്ലാ കളക്ടറായി വി ആർ കൃഷ്ണതേജ ചുമതലയേറ്റു. തൃശൂർ കളക്ടറായിരുന്ന ഹരിത വി കുമാർ കൃഷ്ണതേജക്ക് ചാർജ് കൈമാറി. നേരത്തെ തൃശൂരിൽ എ കൗശിഗൻ കളക്ടറും ഹരിത വി കുമാർ സബ് കളക്ടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആലപ്പുഴയിൽ ഏറെ ജനകീയനായ കൃഷ്ണതേജയ്ക്ക് തൃശൂരും സുപരിചിതമാണ്. ഇന്ന് രാവിലെ പത്തിനാണ് കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഹരിത വി കുമാർ, കൃഷ്ണതേജയ്ക്ക് ചുമതല കൈമാറിയത്. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം കേരളകൗമുദി "ഉത്സവം പുസ്തക പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
നിറഞ്ഞ സംതൃപ്തിയോടെയാണ് ജില്ലയിൽ നിന്ന് പോകുന്നതെന്ന് ഹരിത വി കുമാർ പറഞ്ഞു. 18 മാസത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് ഹരിത വി കുമാർ ആലപ്പുഴയിലേക്ക് പോകുന്നത്. ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരികോത്സവവും വടക്കേച്ചിറ ഫെസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. വടക്കേചിറയെ സ്ഥിരം വിപണന കേന്ദ്രമാക്കുന്ന പദ്ധതിക്ക് രൂപം നൽകിയാണ് കളക്ടർ യാത്രയാകുന്നത്. 17,000 പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പട്ടയം നൽകിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടയം നൽകിയ ജില്ലയെന്ന ബഹുമതിക്ക് തൃശൂരിനെ അർഹമാക്കിയ ശേഷമാണ് ഹരിത കുട്ടനാട്ടിലേക്ക് യാത്ര തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |