ദിവസങ്ങളായുള്ള അസംബന്ധ നാടകങ്ങൾക്കൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത് ആശ്വാസമായെന്നു കരുതാം. ജനജീവിതത്തെ ബാധിക്കുന്ന അനവധി വിഷയങ്ങൾ പരിഗണിക്കാൻ സഭയ്ക്ക് അവസരം ലഭിച്ചില്ല. ബഡ്‌ജറ്റ് സമ്മേളനമായിട്ടുപോലും ഗൗരവമേറിയ ചർച്ചകളോ കാര്യമാത്രപ്രസക്തമായ ധനാഭ്യർത്ഥന ചർച്ചകളോ ഉണ്ടായില്ല. മാർച്ച് 30 വരെ സഭ ചേർന്ന് പരിഗണിക്കേണ്ട വിഷയങ്ങൾ ചൊവ്വാഴ്ച വെറും അരമണിക്കൂർകൊണ്ട് പരിഗണിക്കുകയും ഒറ്റയടിക്കു പാസാക്കുകയും ചെയ്‌തു. സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമായതുകൊണ്ടാണ് അറ്റകൈ പ്രയോഗമെന്ന സർക്കാരിന്റെ വിശദീകരണം അപ്പാടെ വിഴുങ്ങാൻ അധികമാരും തയ്യാറാവില്ല.
അസുഖകരവും മറുപടിനല്‌കാൻ വിഷമമുള്ളതുമായ വിഷയങ്ങളിൽനിന്ന് ഓടിയൊളിക്കാൻ സർക്കാരിന് അവസരം നല്കി പ്രതിപക്ഷത്തിന്റെ സമരതന്ത്രങ്ങളെന്നു പറയാതിരിക്കാൻ വയ്യ. സർക്കാർപക്ഷം ആഗ്രഹിച്ചത് നിവർത്തിച്ചുകൊടുക്കാൻ പ്രതിപക്ഷത്തിനു സാധിച്ചു. ഇരുപക്ഷത്തിന്റെയും ഏറ്റുമുട്ടലിൽ പതിവുപോലെ പരാജയം വരിച്ചത് ജനങ്ങളാണ്. ഏപ്രിൽ ഒന്നുമുതൽ ജീവിതച്ചെലവുകൾ ഉയർത്തുന്ന പുതിയ നികുതിനിർദ്ദേശങ്ങൾ ഉൾപ്പെടെ സുപ്രധാന മാറ്റങ്ങൾ വരികയാണ്. ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ധനകാര്യ ബില്ലുകളുടെ ചർച്ചയും പാസാക്കലും ഈ സമ്മേളനത്തിലെ പ്രധാന അജൻഡകളിലൊന്നായിരുന്നു. അടിയന്തരപ്രമേയങ്ങൾക്ക് അവതരണാനുമതി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം തുടർച്ചയായി സൃഷ്ടിച്ച ബഹളത്തിലും സമരപരിപാടികളിലും പെട്ട് എല്ലാം താറുമാറായി.
ഒരു പ്രതിഷേധവുമില്ലാതെ ഏപ്രിൽ ഒന്നുമുതൽ എല്ലാറ്റിനും അധികനിരക്ക് നൽകാൻ ജനം വിധിക്കപ്പെട്ടിരിക്കുന്നു. പെട്രോളിനും ഡീസലിനും ബഡ്‌ജറ്റിൽ ഏർപ്പെടുത്തിയ രണ്ടുരൂപ സെസ് സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോവുകയാണ്. ഭൂമി ഇടപാടുകൾക്കും വാഹനങ്ങൾക്കും നിരക്കുവർദ്ധന ബാധകമാകും. ഭൂമിയുടെ ന്യായവിലയിലെ വർദ്ധന ഇരുപതു ശതമാനമാണ്. കെട്ടിടനികുതി, മദ്യം, പുതിയ വാഹനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നികുതി കൂടും. ജനങ്ങളെ കൂടുതൽ ഞെരുക്കുന്ന ഒട്ടേറെ നികുതിനിർദ്ദേശങ്ങളുമായി വന്ന ധനമന്ത്രിക്ക് ഒരു വിമർശനവും നേരിടാതെ അവ അപ്പാടെ പ്രാബല്യത്തിൽ കൊണ്ടുവരാൻ അവസരം ലഭിച്ചു. അടിയന്തരപ്രമേയ പ്രശ്നത്തിൽ കടിച്ചുതൂങ്ങിയ പ്രതിപക്ഷത്തിന് ഇതിന്റെയൊന്നും പൊരുൾ മനസിലാകാത്തതാണോ അടിച്ചുപിരിയലിലൂടെ ഉണ്ടാക്കാവുന്ന രാഷ്ട്രീയലാഭമാണ് കൂടുതൽ മെച്ചമെന്ന് കരുതിയതുകൊണ്ടാണോ കാര്യങ്ങൾ ഈ പരുവത്തിലായതെന്ന് നിശ്ചയമില്ല. ഏതായാലും ബഡ്‌ജറ്റ് സമ്മേളനത്തെ ഇവ്വിധം കോലംകെടുത്തിയതിൽ ഇരുപക്ഷത്തിനും തുല്യ ഉത്തരവാദിത്വമുണ്ട്. എന്തിനുവേണ്ടിയാണ് നിയമനിർമ്മാണ സഭകൾ സമ്മേളിക്കുന്നതെന്ന് ചോദിച്ചുപോകും വിധത്തിലായിട്ടുണ്ട് അടുത്തകാലത്ത് പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും സമ്മേളനങ്ങൾ. വർഷത്തിന്റെ മൂന്നിലൊരു ഭാഗം ദിവസങ്ങളെങ്കിലും സഭങ്ങൾ സമ്മേളിക്കണമെന്നു പറയാറുണ്ട്. എന്നാൽ ഒരു സംസ്ഥാനത്തും അങ്ങനെയൊരു കീഴ്‌വഴക്കമില്ല. ആറുമാസത്തിലൊരിക്കൽ നിശ്ചയമായും കൂടിയിരിക്കണമെന്ന ഭരണഘടനാ ബാദ്ധ്യത നിറവേറ്റാൻ വേണ്ടി മാത്രം കൂടുന്ന സമ്മേളനമാണ് അധികവും. സമ്മേളിച്ചാലോ, നിയമനിർമ്മാണവും ചർച്ചകളുമൊക്കെ പേരിനു മാത്രമാകും. ഒരുവിധ ചർച്ചയും കൂടാതെയാകും ബില്ലുകൾ പാസാക്കുക. അടിപിടി കൂടാനും ബഹളം കൂട്ടാനും രാഷ്ട്രീയവിഷയങ്ങൾ എപ്പോഴുമുണ്ടാകും. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും കമ്പം അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ വിഷയങ്ങളിലാകും. സംസ്ഥാന നിയമസഭയിലും ബഹളത്തിനിടയിൽ ചൊവ്വാഴ്ച ധനകാര്യബില്ലുകൾ ഉൾപ്പെടെ അരഡസനോളം ബില്ലുകൾ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ പാസാക്കി. സബ്‌ജക്ട് കമ്മിറ്റി പരിശോധന പോലും ഒഴിവാക്കിയാണ് സ്വകാര്യ വനം ഭേദഗതി ബിൽ പാസാക്കിയെടുത്തത്. വിവാദമായ പൊതുജനാരോഗ്യബില്ലും ഇതുപോലെ നിയമസഭ കടന്നു. സഭയിൽ വലിയ ഭൂരിപക്ഷമുള്ളതിനാൽ സർക്കാരിന് ഇക്കാര്യങ്ങളിൽ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരാറില്ല. ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ഉൗറ്റം കൊള്ളുന്നവർ ചർച്ചകളും സംവാദങ്ങളും ഒഴിവാക്കി കാര്യങ്ങൾ ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകുന്നത് നല്ല ലക്ഷണമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |