കൊച്ചി: സർവീസിൽ നിന്ന് 2014 സെപ്തംബർ ഒന്നിനുശേഷം വിരമിച്ചവരും നിലവിൽ ഉയർന്ന പി.എഫ് പെൻഷൻ ലഭിക്കുന്നവരുമായ വ്യക്തികളും ഒാപ്ഷൻ നൽകണമെന്ന നോട്ടീസിനെതിരെ നൽകിയ ഹർജി ഹൈക്കോടതി മാർച്ച് 27 ലേക്ക് മാറ്റി. ഇൗ വിഭാഗക്കാർ ഇ.പി.എഫ് പെൻഷന് വീണ്ടും ഓപ്ഷനും അനുമതിരേഖകളും നൽകണമെന്ന റീജിയണൽ പി.എഫ് കമ്മിഷണറുടെ സർക്കുലറും നോട്ടീസും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
കെൽട്രോണിൽനിന്ന് വിരമിച്ച കണിയാപുരം സ്വദേശി വിക്രമൻ നായരുൾപ്പെടെ 121 പേർ ചേർന്നു നൽകിയ ഹർജി ജസ്റ്റിസ് രാജ വിജയരാഘവനാണ് പരിഗണിക്കുന്നത്.
നിലവിൽ ഉയർന്ന പി.എഫ് പെൻഷൻ വാങ്ങുന്നവരും ഇ.പി.എഫ് പെൻഷൻ സ്കീമിലെ 26 (6), 11 (3) ഖണ്ഡികകൾ പ്രകാരം വീണ്ടും ഓപ്ഷൻ നൽകണമെന്ന ഇ.പി.എഫ്.ഒയുടെ കഴിഞ്ഞ ഫെബ്രുവരി രണ്ടിലെ സർക്കുലർ പ്രകാരം റീജിയണൽ പെൻഷൻ കമ്മിഷണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാർച്ച് 17ന് ഈ നോട്ടീസ് ചില മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിപ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ അവകാശപ്പെടുന്നുണ്ടെങ്കിലും സുപ്രീംകോടതി വിധിയിൽ ഈ പരാമർശങ്ങളില്ലെന്ന് ഹർജിക്കാർ വാദിക്കുന്നു.
പെൻഷൻഫണ്ടിലെ കുടിശ്ശിക തീർത്ത് ഉയർന്ന പെൻഷൻ വാങ്ങുന്നവരോട് വീണ്ടും ഓപ്ഷൻ നൽകണമെന്ന് പറയുന്നത് ന്യായമല്ല. നിലവിൽ ഉയർന്ന പെൻഷൻ വാങ്ങുന്ന സ്ഥിതിക്ക് തങ്ങൾ ഓപ്ഷൻ നൽകിയതായി കണക്കാക്കുകയാണ് വേണ്ടത്. ഇതിനുള്ള അനുമതി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കുന്നത് നിലനിൽക്കില്ല. തങ്ങൾക്ക് ഓപ്ഷൻ നൽകാൻ വേണ്ടിയുള്ള ലിങ്ക് പ്രവർത്തനരഹിതമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2014 സെപ്തംബർ ഒന്നിനുമുമ്പ് വിരമിച്ചവരുടെ പി.എഫ് പെൻഷൻ സംബന്ധിച്ച ഒരുകൂട്ടം ഹർജികൾ ഹൈക്കോടതി ഏപ്രിൽ നാലിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |