തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഏപ്രിൽ ഒന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും.
603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തിന്റെ സ്മരണാർത്ഥം ഏപ്രിൽ ഒന്ന് മുതൽ 2025 നവംബർ 23 വരെയായി 603 ദിവസം നീളുന്ന ആഘോഷപരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
സാംസ്കാരികമന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രിയുടെ കത്ത് കൈമാറുകയും ചെയ്തു.
ക്ഷണം സ്വീകരിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, കേരളത്തിൽ ഒരു ദിവസം ചെലവഴിക്കാനുദ്ദേശിക്കുന്നതായി അറിയിച്ചു.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരുടെ പേരിൽ വൈക്കത്ത് തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള സ്മാരകത്തിന്റെ വിപുലീകരണം, കേരള- തമിഴ്നാട് സാംസ്കാരിക വിനിമയ പദ്ധതി എന്നിവ സംബന്ധിച്ച് സജി ചെറിയാൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ നൽകി. അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സ്റ്റാലിൻ ഉറപ്പ് നൽകി.
മുൻമന്ത്രിയും ഡി.എം.കെ നേതാവുമായ ടി.ആർ. ബാലു എം.പി, സാംസ്കാരികമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി അഡ്വ. മനു സി. പുളിക്കൻ, ചെന്നൈയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ അനു പി. ചാക്കോ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |