തൃശൂർ: ജീവിതത്തിലെ തിക്താനുഭങ്ങൾ പറയുകയും എഴുതാതിരിക്കുകയും ചെയ്ത ഇന്നസെന്റിനെ വെെക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് വിളിച്ചത് 'എഴുതാത്ത ബഷീറെ"ന്നാണ്. പിന്നീട് ഇന്നസെന്റ് ആത്മകഥയും ഓർമ്മക്കുറിപ്പുകളും കഥകളുമെഴുതിയതും സത്യൻ അന്തിക്കാടിന്റെ പ്രേരണയിൽ. ചിരിക്കു പിന്നിൽ എന്ന ആത്മകഥയ്ക്ക് അവതാരിക എഴുതിയതും അന്തിക്കാട്.
ചെന്നെെയിൽ നാടോടിക്കാറ്റിന്റെ എഡിറ്റിംഗ് നടക്കുമ്പോൾ ഇന്നസെന്റ് പറഞ്ഞ അനുഭവകഥകൾ കേട്ട് സത്യൻ അന്തിക്കാട് അസ്വസ്ഥനായി. തുടർന്നാണ് അനുഭവങ്ങൾ എഴുതാൻ നിർദ്ദേശിച്ചത്. എട്ടാംക്ളാസ് വരെയേ പഠിച്ചിട്ടുള്ളുവെങ്കിലും മലയാളസിനിമയിലെ ഏറ്റവും വിദ്യാസമ്പന്നൻ ഇന്നസെന്റാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. നല്ല ഓർമ്മശക്തിയുള്ള ഇന്നസെന്റ് ഭരതൻ, പ്രിയദർശൻ തുടങ്ങിയവരുടെ സിനിമാ ചർച്ചകളിലും സജീവമായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ടവരെപ്പോലും അദ്ദേഹം ഓർമ്മിച്ചിരുന്നതായി അന്തിക്കാടിന് അനുഭവമുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങൾ ഇന്നസെന്റിന്റെ സംഭാഷണങ്ങളിൽ നിന്ന് പുറത്തുവരും. ഇവയൊക്കെ സിനിമകൾക്ക് വളമായി. ചില കഥാപാത്രങ്ങൾക്ക് പേരിട്ടതും ഇന്നസെന്റായിരുന്നു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ നായകന് ഭീംസിംഗ് ക ബേട്ടാ രാംസിംഗെന്നും പ്രിയദർശന്റെ തേന്മാവിൻ കൊമ്പത്തിലെ ശോഭനയുടെ കഥാപാത്രത്തിന് കാർത്തുമ്പിയെന്നും പേരിട്ടു. ചർച്ചകളിൽ വീട്ടിലെയും നാട്ടിലെയും കാര്യങ്ങളാണ് ഇന്നസെന്റ് കൂടുതലും പറഞ്ഞിരുന്നത്. അവ ശരാശരി മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു.
എന്നും നല്ല വീട്ടുകാരൻ
വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ചർച്ചയിൽ ഇന്നസെന്റ് പങ്കെടുത്തില്ല. സ്വന്തം വീട്ടുകാര്യങ്ങൾ നോക്കാനുള്ളതുകൊണ്ടായിരുന്നു അത്. പങ്കെടുക്കില്ലെന്ന് പറഞ്ഞപ്പോൾ സത്യൻ അന്തിക്കാട് ആദ്യം കരുതിയത് തമാശയെന്നാണ്. സിദ്ദിക്കിന്റെ ഫ്രണ്ട്സ് സിനിമാചർച്ചയിലും പങ്കെടുക്കാതിരുന്നപ്പോഴാണ് പറഞ്ഞത് ഗൗരവത്തിലാണെന്ന് ബോദ്ധ്യമായത്. സ്വന്തം വീട്ടുകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന ഇന്നസെന്റ് ഭാര്യയും മകനുമൊത്ത് നാടുചുറ്റുകയായിരുന്നു, അപ്പോൾ. തിരക്കുകൾക്കിടെ കുടുംബജീവിതവും ശ്രദ്ധിച്ചു.
ജീവിതത്തിന്റെ ഓരോ നിമിഷവും ഇന്നസെന്റ് ആസ്വദിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ സത്യൻ അന്തിക്കാട് പറയുന്നു. തളരുംവരെ ജോലി ചെയ്തിട്ട് ഒന്നും ആസ്വദിക്കാൻ കഴിയാത്തപ്പോൾ വിശ്രമിച്ചിട്ടെന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്. ഈ കാഴ്ചപ്പാട് സ്വന്തം ജീവിതത്തിലും പുലർത്തി.
മനസ്സിനക്കരെയിൽ ഷീലയുടെ കൊച്ചുത്രേസ്യയോളം പ്രാധാന്യമുളള കഥാപാത്രമാണ് ചാക്കോമാപ്പിളയുടേത്. സത്യൻ അന്തിക്കാടും രഞ്ജൻ പ്രമോദും ഇന്നസെന്റിന് വേണ്ടിയുണ്ടാക്കിയ കഥാപാത്രമാണിത്. എന്നാൽ കുടുംബകാര്യങ്ങളെ തുടർന്ന് ഷൂട്ടിംഗിന് പങ്കെടുക്കാൻ കഴിയാതായപ്പോൾ, തന്നെ ഒഴിവാക്കണമെന്നായി ഇന്നസെന്റ്. എന്നാൽ മറ്റൊരാളെ വച്ച് ചെയ്യില്ലെന്നായി സത്യൻ അന്തിക്കാട്. മകന്റെ പുറംവേദനയ്ക്ക് ചികിത്സിക്കാൻ മെെസൂറിൽ പോകാനുള്ള
തിരക്കിലായിരുന്നു അദ്ദേഹം. ഇക്കാര്യം നേരിൽ പറയാൻ സെറ്റിലെത്തിയ ഇന്നസെന്റിനെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ മേക്കപ്പിട്ട് അഭിനയിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |