തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ നിശബ്‌ദ സാന്നിദ്ധ്യമായ എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെ 2.18ന് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള മകളുടെ വസതിയായ പ്രശാന്തിലായിരുന്നു അന്ത്യം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്.
നാർമടിപ്പുടവ, ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. 2010ലെ സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1934 സെപ്‌തംബർ 14ന് കോട്ടയം വഞ്ചിത്താട്ടിൽ ജില്ലാ രജിസ്‌ട്രാറായിരുന്ന വർക്കി എം. മാത്യുവിന്റെയും സാറാമ്മ വർക്കിയുടെയും രണ്ടാമത്തെ മകളായി ജനിച്ച സാറ, പിതാവിന്റെ ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയത്. ഓമനയെന്നായിരുന്നു വീട്ടുപേര്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലും, ഗവ.വിമെൻസ് -യൂണിവേഴ്സിറ്റി കോളേജുകളിലുമായിരുന്നു വിദ്യാഭ്യാസം. പന്ത്രണ്ടാം വയസിൽ പ്രേമത്തെ കുറിച്ചെഴുതിയ കഥയാണ് ആദ്യരചന. എന്നാൽ പിതാവ് വിലക്കിയതോടെ എഴുത്ത് നിറുത്തി.
പത്തൊൻപതാം വയസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. തോമസ് സക്കറിയയുടെ ജീവിതസഖി ആയതോടെയാണ് സാറ വീണ്ടും എഴുത്തിന്റെ വഴിയിലെത്തിയത്. മക്കൾ: ശോഭ (കെയർപ്ലസ് സെക്രട്ടറി, ആർ.സി.സി), ദീപ (റിട്ട. ടീച്ചർ, പോണ്ടി എഡ്യൂക്കേഷൻ സൊസൈറ്റി സ്‌കൂൾ, ഗോവ). മരുമക്കൾ: പരേതരായ ജോർജ് പുളിമൂട് (ചാർട്ടേഡ് അക്കൗണ്ടന്റ്), ചാൾസ് ജോൺസ് സക്കറിയ. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിന് പാറ്റൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
കഥയാക്കിയത് രോഗികളുടെ ജീവിതം
ഡോ. തോമസിനെ കാണാൻ വീട്ടിലെത്തിയിരുന്ന രോഗികളുടെ ജീവിതം നിരീക്ഷിച്ചാണ് സാറ കഥകൾ നെയ്‌തിരുന്നത്. 34ാം വയസിൽ പുറത്തിറങ്ങിയ 'ജീവിതം എന്ന നദി"യാണ് ആദ്യ നോവൽ. നാർമടിപ്പുടവ എന്ന നോവലിന് സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. മുറിപ്പാടുകൾ, അസ്‌തമയം, പവിഴമുത്ത് എന്നീ നോവലുകൾ ചലച്ചിത്രങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |