കൽപ്പറ്റ: തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തല്ലൂർ താലൂക്കിലും വയനാട് ജില്ലയിലെ സുൽത്താൻ
ബത്തേരി താലൂക്കിലെയും ജനങ്ങളെ ഭീതിയിലാഴ്ത്തിയ പന്തല്ലൂർ മഖ്ന-2 എന്ന മോഴയാനയെ കാട്ടിലേക്ക്
തുറന്ന് വിടാനുള്ള വനം വകുപ്പിന്റെ നീക്കത്തിൽ വ്യാപക പ്രതിഷേധം. കാട്ടാനയെ ജനുവരിയിലാണ് വനം വകുപ്പ് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലടച്ചത്.തമിഴ്നാട്ടിൽ രണ്ട് പേരെ കൊലപ്പെടുത്തുകയും പന്തല്ലൂർ മേഖലയിൽ നൂറോളം വീടുകൾ തകർക്കുകയും ചെയ്തിരുന്നു. സുൽത്താൻ ബത്തേരിയിൽ കാൽനടയാത്രക്കാരനെ ആക്രമിച്ചതോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. കുങ്കിയാനയാക്കാനുള്ള നടപടികൾ തുടർന്ന് വരുകയായിരുന്നു.ഇടുക്കിയിലെ അരികൊമ്പനെ പിടികൂടുന്നതിനെതിരെയുള്ള കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ചില മൃഗ സ്‌നേഹികൾ പിഎം 2-വിനെ കാട്ടിലേക്ക് വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തീരുമാനമെടുക്കാൻ അഞ്ചംഗ സമിതിയെ വനം വകുപ്പ് നിയോഗിക്കുകയും ചെയ്തു. സമിതിയിൽ ഒരു
ജനപ്രതിനിധിയെപോലും ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് മാസത്തോളം ചട്ടം പഠിച്ച കാട്ടാനയെ കാട്ടിലേക്ക് തുറന്ന് വിട്ടാൽ അത് വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങും. കാട്ടിൽ മറ്റ് ആനകളുമായി ഏറ്റുമുട്ടി ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ട്. തുറന്നുവിടുന്നത് സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ നൽകണമെന്ന ചീഫ്
വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശം കർഷക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. നിയമപരമായും ജനകീയമായും നേരിടുമെന്ന് കർഷക സംഘടനകളും ജനപ്രതിനിധികളും വ്യക്തമാക്കി.
കുടവകളെ തുറന്നുവിടുമോ?
കൽപ്പറ്റ : കുപ്പാടിയിലെ അനിമൽ സെന്ററിൽ കഴിയുന്ന അഞ്ചു കടുവകളെയും വനത്തിലേക്ക് തുറന്നു വിടുമോ എന്ന ഭീതിയിലാണ് ജനങ്ങൾ. തൊണ്ടർനാട് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് എന്ന കർഷകനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്. വളർത്തുമൃഗങ്ങളെ വേട്ടയാടിയാണ് ഇവ കഴിഞ്ഞുവന്നത്. ഇവയെ വനത്തിലേക്ക് തുറന്ന് വിട്ടാൽ കൂടുതൽ അപകടകാരിയായിട്ടായിരിക്കും ജനവാസകേന്ദ്രത്തിലേക്ക് എത്തുക.
കടുവകളെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മൃഗസ്‌നേഹി ഹർജി നൽകിയിരിക്കുകയാണ്.
നാല് മൃഗങ്ങളെ പാർപ്പിക്കാനാണ് സംസ്ഥാനത്തെ ആദ്യത്തെ മൃഗങ്ങളുടെ പാലിയേറ്റീവ് സെന്റർ കുപ്പാടിയിൽ തുടങ്ങിയത്. അനിമൽ ഹോസ് സ്‌പെയ്സ് സെന്റർ വികസിപ്പിക്കുന്നതിനായി വനം വകുപ്പ് പ്രത്യേക ഫണ്ട് വകയിരുത്തി നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കോടതിയിൽ മൃഗസ്‌നേഹിയുടെ വക ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |