SignIn
Kerala Kaumudi Online
Friday, 26 April 2024 7.22 PM IST

കൊന്നിട്ടും കലിയടങ്ങാത്ത കൊലവിളി

opinion

കെ.കെ.രമ ഇടയ്ക്കിടെ പറയുന്നൊരു വാചകമുണ്ട്. ' കൊല്ലപ്പെട്ടത് ഞാനാണ്, ജീവിച്ചിരിക്കുന്നതാണ് ടി.പി.ചന്ദ്രശേഖരനെന്ന്. കേരള നിയമസഭയിലിരിക്കുന്നതും പാർട്ടിയോടൊപ്പം സഞ്ചരിക്കുന്നതും ടി.പിയാണ്. അതുകൊണ്ടാണ് കൊന്നിട്ടും തീരാത്ത കൊലവിളി തുടരുന്നത്, ഇനിയും കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല...' ധീരമായ വാക്കുകൾ, ചുവടുവയ്‌പുകൾ.
സഞ്ചരിക്കുന്ന വഴികളിൽ,​ മരണവീടുകൾക്കു മുമ്പിൽ കെട്ടിയ കരിങ്കൊടിവരെ അഴിപ്പിച്ചുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി സഞ്ചരിക്കുമ്പഴാണ് കേരള നിയമസഭയിലെ സഹപ്രവർത്തകയായ ഒരു എം.എൽ.എയ്ക്ക് മൂന്നുതവണ വധഭീഷണിയുണ്ടായിരിക്കുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ അടുത്തകാലത്തൊന്നും ഇത്തരം ഭീഷണികളൊന്നും ഉണ്ടായതായി തെളിവുകളില്ല. പക്ഷെ സംസ്ഥാന ഇന്റലിജൻസ് പറയുന്നു മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ട്, അതുകൊണ്ടാണിത്രയും സുരക്ഷയെന്ന്. ശരിയായിരിക്കാം. ഇന്റലിജൻസിന് പിഴക്കാറില്ലല്ലോ..! സുരക്ഷവേണം. പ്രത്യേകിച്ചും നിരവധി ഭീഷണികൾക്കും വാൾത്തലപ്പുകൾക്കും കൊലവിളികൾക്കും ഇടയിലൂടെ നടന്നുവന്ന പിണറായി വിജയനെപ്പോലെ കരുത്തനായ നേതാവിന്.

പക്ഷേ ചോദ്യം ഇത്രമാത്രമാണ് ,​ കെ.കെ.രമയുടെ പാർട്ടിയുടെ വലിപ്പവും അണികളുടെ എണ്ണവും മറന്നേക്കുക, അവർ ജനങ്ങൾ ജനാധിപത്യ മാർഗത്തിലൂടെ തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച ജനപ്രതിനിധിയല്ലേ! അത്തരമൊരു നേതാവിന് പ്രത്യേകിച്ചും വനിതാ നേതാവിന് മൂന്നുതവണ വധഭീഷണിയുണ്ടായിട്ടും കേരളപ്പൊലീസ് എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. നിസാരമാണോ കത്തിലെ വാചകങ്ങൾ.. ' എടീ രമേ നീ വീണ്ടും കളി തുടങ്ങിയല്ലേ, കൈയ്യൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണല്ലേ. നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പുപറയുക. അടുത്താസം 20 -ാം തീയതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും...' എന്തുമാത്രം ഗൗരവമുള്ളതാണ് കത്തിലെ വാക്കുകൾ. കത്തയച്ചവനെ പിടിച്ച് കൂട്ടിലടയ്‌ക്കാൻ ഇവിടുത്തെ പൊലീസിന് കെൽപില്ലാത്തതുകൊണ്ടാണോ, അതോ കത്തയച്ചവർ പിടിയിലായാൽ വല്ല അത്യാപത്തും സംഭവിക്കുമെന്ന് ഭയന്നിട്ടാണോ. ഉണ്ടയില്ലാ വെടിയായിരിക്കാം. ഏതെങ്കിലും ഭീരുക്കൾ പൊയ്‌വെടി പൊട്ടിക്കുന്നതാവാം. പക്ഷെ അതിലെങ്ങാൻ ഒരു വെടിയുണ്ടയോ വടിവാളോ ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ. ആരാവും അപ്പോളതിന് സമാധാനം പറയുക..? നാട്ടിലെ ഒരു എം.എൽ.എക്ക് അർഹിക്കുന്ന നീതി ലഭിക്കുന്നില്ലെങ്കിൽ കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനതയുടെ ജീവനും സ്വത്തിനും ആരാണ് പരിരക്ഷ നൽകുക..? മറുപടി പറയേണ്ടത് കേരളത്തിന്റെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിയാണ്.

ടി.പി.ചന്ദ്രശേഖരനെന്ന പോരാളി കൊല്ലപ്പെട്ടിട്ട് വരുന്ന മേയ് നാലിന് 11 വർഷം തികയുന്നു. 2012 മേയ്‌ നാലിന് രാത്രി പത്തോടെയായിരുന്നു അരുംകൊല. വടകരക്കടുത്ത വള്ളിക്കാടുവെച്ച് ഇന്നോവയിലെത്തിയ സംഘം ബൈക്കിൽ പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം വെട്ടിക്കൊല്ലുകയായിരുന്നു. അതിനുശേഷം അടുത്തെങ്ങും ആരും വരാതിരിക്കാൻ ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തി. കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവിധം 51 വെട്ടിലൂടെ ശരീരംപോലും വികൃതമാക്കിയ അരുംകൊല. കേസിൽ സമഗ്ര അന്വേഷണം നടന്നപ്പോൾ പ്രതികളെല്ലാം പിടിയിലായി. 2014ൽ മാറാട് പ്രത്യേക കോടതിയിൽ വിധിവന്നു. 11 പേർക്ക് ജീവപര്യന്തം. ഒരാൾക്ക് മൂന്നുവർഷം. ശിക്ഷിക്കപ്പെട്ടവരിൽ മൂന്നുപേർ സി.പി.എം. നേതാക്കളും. പക്ഷെ ഇന്നോളം ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനമാത്രം പുറത്തുവന്നില്ല. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതാണെങ്കിൽ അതിനുപിന്നിൽ ഒരു കാരണമുണ്ടാവണം. എന്തിനായിരുന്നു അത്. അത്രമാത്രം പക ആർക്കായിരുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ ചന്ദ്രശേഖരനെ കേവലം വ്യക്തിപരമായ കാരണങ്ങളാൽ ഇത്രയും നിഷ്ഠൂരമായി കൊല ചെയ്‌തെന്നോ. ആ കടുംനുണ രാഷ്ട്രീയ കേരളം മാത്രമല്ല, പൊതുസമൂഹവും ഇതുവരെ വിശ്വസിച്ചിട്ടില്ല. ചന്ദ്രശേഖരൻപോയി, ആ രക്തത്തിൽ നിന്നുള്ള തീജ്വാലയെന്നോണം കെ.കെ.രമ എം.എൽ.എ ആയി. സി.പി.എമ്മിന്റെ വലുതുപക്ഷ വ്യതിയാനത്തിനെതിരെ തീവ്ര ഇടതുപക്ഷമെന്ന നിലപാട് സ്വീകരിച്ച് പാർട്ടിവിട്ടവർ പിന്നീട് വലതുപക്ഷത്തിനൊപ്പം ചേർന്ന് ഇടതുപക്ഷത്തിനെതിരെ പോരാട്ടത്തിനിറങ്ങിയതിന്റെ വൈരുദ്ധ്യം ബാക്കിയാവുമ്പോഴും കെ.കെ.രമയെന്ന നേതാവിനെതിരെയും തുടരുന്ന പകയുടെ കാതലെന്താണെന്ന് ആർക്കും വ്യക്തതയില്ല. കൂട്ടമായി കൊന്ന് കുഴിച്ചുമൂടിയിടത്തു നിന്നെല്ലാം ഫീനിക്‌സ് പക്ഷകൾ ഉയിർത്തെഴുന്നേറ്റിരുന്നെന്ന് അറിയാത്തവരാണോ നമ്മൾ.

മൂന്ന് വധഭീഷണി

കത്തുകൾ

2021 മേയ് മൂന്നിനാണ് കെ.കെ.രമ എം.എൽ.എ ആവുന്നത്. മേയ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ മാസമാണ്. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം രമ പറഞ്ഞത് സത്യപ്രതിജ്ഞ ചെയ്തത് താനല്ല, ചന്ദ്രശേഖരനാണെന്നാണ്. ഈ നിയമസഭയിൽ സംസാരിക്കുക ചന്ദ്രശേഖരനായിരുക്കുമെന്നും അവർ പറഞ്ഞുവെച്ചു. അതിനുശേഷം മൂന്നാമത്തെ ഭീഷണിക്കത്താണ് രമയ്ക്ക് കിട്ടിയത്. ആദ്യ കത്ത് രമയുടെ പേരിൽ വടകരയിലെ എം.എൽ.എ ഓഫീസിലാണ് എത്തിയത്. അതിൽ രമയുടെ മകനേയും പാർട്ടിയുടെ സെക്രട്ടറി വേണുവിനേയും തട്ടിക്കളയുമെന്നായിരുന്നു. പിന്നീട് വന്ന രണ്ട് കത്തുകളിലും രമയെ കൊല്ലുമെന്നായിരുന്നു ഭീഷണി. വെറുതെയായാലും കാര്യമായിട്ടായാലും എന്തിനാണ് ഇത്തരം ഭീഷണികൾ. ഒരു ജനാധിപത്യ സംവിധാനത്തിൽ വിശ്വസിച്ച് അതിന്റെ ഭാഗമായ സർക്കാരുകൾ പ്രവർത്തിക്കുമ്പോൾ വിമർശനമുയർത്തുന്നവരെ കൊന്നുകളയും എന്നുപറയുന്നത് എത്ര വലിയ അസഹിഷ്ണുതയാണ്.

നിയമസഭയിലെ അക്രമത്തിനും ഭീഷണിക്കത്തിനും ഒരേസ്വരം

നിയമസഭയിലെ അതിക്രമത്തിനും രമയ്‌ക്കെതിരായ ഭീഷണിക്കും പിന്നിൽ ഒരേ കേന്ദ്രങ്ങളും ഒരേ സ്വരവുമാണെന്നായിരുന്നു ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി വേണുവിന്റെ പ്രതികരണം. നിയമസഭയിൽ അക്രമമുണ്ടായപ്പോൾ രമയെ തെരഞ്ഞുപിടിച്ച് നേരിടുകയായിരുന്നെന്ന് വേണു. കൈക്ക് പൊട്ടലുണ്ടായിട്ടും നാടകമാണെന്ന് സച്ചിൻദേവ് എം.എൽ.എയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രസ്താവന നടത്തി. ഇതെല്ലാം മുൻകൂട്ടി നടത്തിയ ആസൂത്രണമാണെന്ന് സംശയിക്കുന്നു. ഒരു ഭാഗത്ത് ഭീഷണി, മറുഭാഗത്ത് അക്രമം, പരിഹാസം...ചന്ദ്രശേഖരൻ ഇപ്പോഴും ആ പാർട്ടിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും വേണു പറയുന്നു.

ഇനി എനിക്കാരേയും

പേടിക്കാനില്ല

ചന്ദ്രശേഖരനൊപ്പം ജീവിച്ചകാലങ്ങളിലെല്ലാം പേടി അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചോർത്തായിരുന്നു. ആ പേടി ഒടുക്കം യാഥാർത്ഥ്യമായി. 52 -ാം വയസിൽ ചന്ദ്രശേഖരനെ അവർ കൊണ്ടുപോയി. ഇനി എനിക്കെന്താണ് പേടിക്കാനുള്ളത്. ചന്ദ്രശേഖരനോളം വലുതായിട്ട് മറ്റൊന്നുമില്ല. ചന്ദ്രശേഖരനുണ്ടാക്കിയ പാർട്ടിയാണിപ്പോൾ എനിക്കെല്ലാം. ജീവനുള്ള കാലത്തോളം കൈക്കുമ്പിളിലേക്ക് ചന്ദ്രശേഖരൻ നൽകിയ കൊടിയുമായി പോരാടും. ഭീഷണികൾക്ക് മുമ്പിലൊന്നും പതറാൻ നേരമില്ല. കൊല്ലുക അവരുടെ ആവശ്യം, പോരാടുക ഞങ്ങളുടേതും.

കെ.കെ.രമയ്‌ക്കെതിരായ നിയമസഭാ അക്രമങ്ങളും ഭീഷണിക്കത്തുകളുമെല്ലാം ഇരുപക്ഷത്തിന്റേയും രാഷ്ട്രീയ പ്രശ്‌നങ്ങൾ. അതിന്റെ പേരിൽ ആർ.എം.പിയും കൂടെയുള്ള യു.ഡി.എഫ് മുന്നണിയും സമരത്തിലേക്കും നീങ്ങും. വലിയ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചേക്കാം. പക്ഷെ ഒറ്റചോദ്യം മാത്രം ബാക്കിയാവുന്നുണ്ട്, രാഷ്ട്രീയം മാറ്റിവെച്ചാൽ കേരളത്തിൽ ഏതൊരു എം.എൽ.എയ്ക്കും കിട്ടാവുന്ന മിനിമം നീതി കെ.കെ.രമയ്ക്കും കിട്ടേണ്ടതല്ലേ. മൂന്നുതവണ വടകരനിന്നും പയ്യന്നൂരിൽനിന്നുമൊക്കയായി പോസ്റ്റ് ചെയ്ത കത്തിന് ഉറവിടം ഉണ്ടാവാവുമല്ലോ ,​ അത് കണ്ടെത്തേണ്ടതല്ലേ ? എല്ലാവർക്കും ഒരുപോലെ നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച ഇടത് സർക്കാർ കെ.കെ.രമയ്ക്കും അവരുടെ പാർട്ടിക്കും മാത്രം നീതി നിഷേധിക്കുന്നത് ആശാസ്യമാണോ..?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K K REMA AND T P CHANDRASEKHARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.