ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഇടതുമുന്നണിയിൽപ്പെട്ട രാഷ്ട്രീയനേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ തുക അനുവദിച്ചത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന കേസിൽ ലോകായുക്തയുടെ ഏറ്റവും പുതിയ ഉത്തരവിനെ ചൊല്ലിയാണ് രാഷ്ട്രീയകേന്ദ്രങ്ങളിൽ ചൂടുപിടിച്ച ചർച്ച നടക്കുന്നത്.
ലോകായുക്ത ഉത്തരവിന്റെ ചൂടറിഞ്ഞ മുൻമന്ത്രി കൂടിയായ ഇടത് സ്വതന്ത്ര എം.എൽ.എ കെ.ടി. ജലീൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത് പോലെ മുൻകാലങ്ങളിലും ഇത്തരത്തിൽ രാഷ്ട്രീയനേതാക്കളുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച ചരിത്രമുണ്ടായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ കുറ്റ്യാടിയിൽ നിന്നുള്ള എം.എൽ.എയായിരുന്ന മുസ്ലിംലീഗിലെ പാറയ്ക്കൽ അബ്ദുള്ളയുടെ ചികിത്സയ്ക്കായി പണം അനുവദിച്ചതും മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ഡോ.എം.കെ. മുനീറിന് അന്നത്തെ സർക്കാർ തുടർപഠനസൗകര്യം നൽകിയതും പൊതുഖജനാവിൽ നിന്നുള്ള പണമുപയോഗിച്ചായിരുന്നു എന്നാണ് ജലീൽ പറഞ്ഞത്. ശരിയാണ്, അന്നങ്ങനെ ചെയ്തിട്ടുണ്ട്.
ഇവിടെ ഇപ്പോൾ ലോകായുക്തയിൽ ഒന്നാം പിണറായി സർക്കാരിലെ പതിനേഴ് അംഗങ്ങൾക്കും (മുഖ്യമന്ത്രി ഉൾപ്പെടെ) ചീഫ് സെക്രട്ടറിക്കുമെതിരെയാണ് പൊതുപ്രവർത്തകർക്കെതിരായ അഴിമതിയാരോപണങ്ങൾ കൈകാര്യം ചെയ്യുന്ന ലോകായുക്ത മുമ്പാകെ പരാതി പോയത്. ജുഡിഷ്യൽ സംവിധാനത്തിന്റെ കണ്ണിൽ ഇത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നതിൽ തർക്കമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വ്യവസ്ഥാപിതമായ മാനദണ്ഡങ്ങളുണ്ട്. എത്ര തുക വരെ വിനിയോഗിക്കാമെന്ന് വരെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതൊക്കെ ലംഘിക്കപ്പെട്ട കേസ് നീതിവ്യവസ്ഥ മന്ത്രിസഭയുടെ ചെയ്‌തിയെ അംഗീകരിക്കുന്നില്ല. പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയപ്രേരിതമായ ഇടപെടലുണ്ടെന്ന് ഇടതുമുന്നണിക്ക് ആരോപിക്കാം. പ്രത്യേകിച്ച് പ്രതിപക്ഷ രാഷ്ട്രീയകക്ഷിയിൽപ്പെട്ട ഒരാൾ നൽകിയ പരാതിയാകുമ്പോൾ അതങ്ങനെ തന്നെയാവും. എന്നിരുന്നാലും പരാതി പരാതിയല്ലാതാവുന്നില്ല. അങ്ങനെയാണ് കേസ് ലോകായുക്തയുടെ പരിഗണനയ്ക്കെത്തുന്നത്.
ഈ കേസ് ലോകായുക്തയുടെ അധികാരപരിധിയിൽ നിൽക്കുമോ എന്നതിൽ 2018ൽ ലോകായുക്തയും ഉപലോകായുക്തയും ഉൾപ്പെട്ട ബെഞ്ചിൽ ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു. അത് മൂന്നാം ഉപലോകായുക്ത കൂടി ഉൾപ്പെട്ട വിശാലബെഞ്ചിന് വിട്ടു. എന്നാൽ മെറിറ്റുള്ള കേസായതിനാൽ പരിഗണനയ്ക്കെടുക്കണമെന്ന് 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായുള്ള വിശാലബെഞ്ച് വിധിച്ചു. അതിന്മേൽ പിന്നീട് വിചാരണ നീണ്ടു. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇടപെടലിനെ തുടർന്ന് വിചാരണനടപടികൾ വേഗത്തിലായി. കഴിഞ്ഞവർഷം വിചാരണനടപടികൾ പൂർത്തിയായി. അതാണിപ്പോൾ പരിഗണനയ്ക്കെടുത്തത്. അതിനിടയിൽ മറ്റൊരു കേസിൽ ലോകായുക്തയുടെ ഉത്തരവ് വരികയും മുൻമന്ത്രിയായ കെ.ടി. ജലീലിന് സ്ഥാനം നഷ്ടപ്പെടുകയുമുണ്ടായി. അത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയായിരുന്നു. വോട്ടെടുപ്പിനും വോട്ടെണ്ണലിനും മദ്ധ്യേയുള്ള ഒരു ദിവസമായതിനാൽ സർക്കാരിന് രാഷ്ട്രീയമായി തട്ടുകേടില്ലാതെ പോകാനായി. വോട്ടെടുപ്പിന് മുമ്പ് ആ വിധി വന്നിരുന്നാൽ തന്നെയും അത് തിരഞ്ഞെടുപ്പ് വിധിയെ ബാധിക്കുമോ എന്നൊന്നും പറയാനാവില്ല എങ്കിലും അന്നത് അങ്ങനെ സംഭവിച്ചു. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചു എന്ന പരാതിയിലായിരുന്നു ജലീലിന് തിരിച്ചടിയായ വിധി വന്നത്. ജലീൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ച് തനിക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടെന്ന് വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല. കേരളത്തിലെ ലോകായുക്ത നിയമത്തിന്റെ ശക്തി പ്രകടമായ വിധിയായിരുന്നു അത്. 1999ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ പാസാക്കിയ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പനുസരിച്ച്, പൊതുപ്രവർത്തകനെതിരായ അഴിമതിയാരോപണം ശരിയെന്ന് കണ്ടെത്തി ലോകായുക്ത അയാളെ കുറ്റക്കാരനെന്ന് വിധിച്ചാൽ ബന്ധപ്പെട്ട മേലധികാരി അയാളെ തൽക്ഷണം പുറത്താക്കണമെന്നാണ്. അല്ലെങ്കിൽ പ്രതി രാജിവച്ചിരിക്കണം.
നിയമം പാസായപ്പോൾ മുതൽ 21 വർഷവും ഈ വകുപ്പിന്റെ മാരകശക്തി പൊതുപ്രവർത്തകരാരും അറിഞ്ഞിരുന്നില്ല. അതറിഞ്ഞത് കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവ് തന്നെയായി. അതിലേക്ക് പിന്നാലെ വരാം. പറഞ്ഞുവന്നത് ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തെ ദുരിതാശ്വാസഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കേസിനെപ്പറ്റിയാണല്ലോ. അതിലാണിപ്പോൾ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ റഷീദും ഭിന്നവിധി പറഞ്ഞിരിക്കുന്നത്. കേസ് ലോകായുക്തയുടെ പരിധിയിൽ വരുമോ എന്നതിലാണ് ഭിന്നവിധി. അതുപോലെ കേസിൽ മെറിറ്റുണ്ടോ എന്നതിലും.
2016ലെ മന്ത്രിസഭയുടെ കാലത്തുണ്ടായ തീരുമാനമാണ്. ആ മന്ത്രിസഭ മാറി. മുഖ്യമന്ത്രി അധികാരത്തിലുണ്ടെങ്കിലും ഇത് വേറെ മന്ത്രിസഭയാണ്. അപ്പോൾ ഇതിലെ കുറ്റപത്രം ആർക്ക് നൽകുമെന്ന നിയമപരമായ ചോദ്യം അവിടെ നിലനിൽക്കുന്നുണ്ട്. ലോകായുക്ത വിശാലബെഞ്ചിന് കേസ് വിട്ടത് ഇതുകൊണ്ടാവാമെന്ന വാദവുമുണ്ട്.
എന്നാൽ, നേരത്തേ മെറിറ്റുള്ള കേസാണെന്ന് കണ്ടെത്തി ലോകായുക്ത പരിഗണിക്കാൻ നിർദ്ദേശിക്കപ്പെട്ട കേസ് വീണ്ടും മെറിറ്റുണ്ടോ എന്ന പരിശോധനയ്ക്ക് വിടുന്നത് തെറ്റാണെന്നാണ് മറുവാദം. നിയമഭാഷയിൽ ഇതിനെ റെസ്ജ്യുഡിക്കേറ്റ എന്നാണ് വിളിക്കുക. അതുമാത്രമല്ല, ഭിന്നാഭിപ്രായമുണ്ടെന്ന് വിധിയിൽ പറയുമ്പോൾ രണ്ട് ജഡ്ജിമാരും ഭിന്നവിധികൾ പ്രത്യേകം രേഖപ്പെടുത്തണമായിരുന്നു. അതുമുണ്ടായിട്ടില്ല. അത് കേസിലെ കക്ഷികൾക്ക് അതറിയാനുള്ള അവകാശം നിഷേധിക്കലാണെന്ന് പറയുന്നു. ഏതായാലും ലോകായുക്തയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് കേരള രാഷ്ട്രീയത്തിൽ ഗൗരവതരമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമാണ് വഴി തുറന്നിരിക്കുന്നത്.
ഭരണത്തിലുള്ളവർക്ക്
പേടിയുണ്ടോ?
കെ.ടി. ജലീലിന്റെ കേസിലേക്ക് വരാം. അദ്ദേഹത്തിനെതിരായ വിധി വന്നതോടെ, 1999ൽ ഇടതുമുന്നണി സർക്കാർ തന്നെ പാസാക്കിയ ലോകായുക്ത നിയമത്തിലെ വ്യവസ്ഥകളെ ഇടതുമുന്നണി തന്നെ ഭയപ്പെടുന്നുവെന്ന വൈരുദ്ധ്യമാണ് സംജാതമായത്. ജലീലിന് രാജിവച്ചൊഴിയേണ്ടി വന്നു. കെയർടേക്കർ മന്ത്രിസഭയായിരുന്നത് കൊണ്ട് മുന്നണിക്ക് വലിയ പരിക്കോ ക്ഷീണമോ ഉണ്ടായില്ലെന്ന് മാത്രം.
ഇപ്പോൾ മുഖ്യമന്ത്രിക്കെതിരായ പരാതിയും കേസുമാണ് ലോകായുക്തയുടെ മുന്നിൽ. അവിടെ ജലീലിന് വിനയായി മാറിയ ലോകായുക്ത നിയമത്തിലെ പതിന്നാലാം വകുപ്പ് സർക്കാരിന് പുതിയ പ്രഹരമായി മാറിയാലോ. ലോകായുക്തയിൽ നിന്ന് എന്തെങ്കിലുമൊരു പ്രതികൂലവിധിയുണ്ടായാൽ അപ്പീലിന് പോലും പഴുതില്ലാതെ പെട്ടെന്നുതന്നെ രാജിവച്ചൊഴിയാൻ നിർബന്ധിതമാക്കപ്പെടുന്നതാണ് നിയമത്തിലെ പതിന്നാലാം വകുപ്പ്. ഈ വകുപ്പിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചത് കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കമുണ്ടാക്കിയത് സമീപനാളുകളിലെ സംഭവമാണ്. അതിനെ മേല്പറഞ്ഞ വൈരുദ്ധ്യത്തോട് ചേർത്തുവായിക്കാം.
പതിന്നാലാം വകുപ്പിൽ ഭേദഗതി വരുത്തി ഇറക്കിയ ഓർഡിനൻസ് പ്രകാരം അഴിമതി നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയാൽ കുറ്റക്കാരൻ ഉടൻ രാജിവയ്ക്കേണ്ടതില്ല. ബന്ധപ്പെട്ട മേലധികാരികൾക്ക് ഇതിന്മേൽ അപ്പീൽ നൽകാം. മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവരാണ് കോംപിറ്റന്റ് അതോറിറ്റി എന്ന് വിളിക്കുന്ന അധികാരികൾ. ഇവർക്ക് അപ്പീലിൽ മൂന്നുമാസത്തിനകം വാദം കേട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇത് ലോകായുക്തയുടെ ശക്തി ചോർത്തുന്നതും അതിന്റെ പല്ലും നഖവും കൊഴിക്കുന്നതുമാണെന്ന വിമർശനമുയർന്നു. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസിനെ എതിർത്തില്ലെങ്കിലും പിന്നീട് എതിർത്തു. ആദ്യം വിസമ്മതിച്ചെങ്കിലും സർക്കാരിന്റെ വിശദീകരണത്തിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിൽ ഒപ്പുവയ്ക്കുകയുണ്ടായി. എന്നാൽ, ഈ ഓർഡിനൻസ് അസാധുവായ ശേഷം വീണ്ടും പുതുക്കാൻ മന്ത്രിസഭയിലെത്തിയപ്പോൾ സി.പി.ഐ മന്ത്രിമാർ വിയോജിപ്പ് പറഞ്ഞു.
പിന്നീട് സെപ്‌തംബറിൽ ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭാസമ്മേളനത്തിൽ പാസാക്കാൻ തീരുമാനിച്ചപ്പോൾ സി.പി.എമ്മും സി.പി.ഐയും തമ്മിലെ തർക്കം പരിഹരിക്കാൻ ഉഭയകക്ഷിചർച്ചകൾ നടന്നു. നിയമത്തിന്റെ ശക്തി കുറയ്ക്കുന്നെന്ന് പരിഭവിച്ചിരുന്ന സി.പി.ഐയുടെ നിലപാട് കൂടി കേട്ടശേഷം ബില്ല് ഒന്നുകൂടി പരിഷ്കരിച്ചപ്പോൾ നേരത്തേ ഉണ്ടായതിലും ദുർബലമാവുകയാണുണ്ടായത്. കോംപിറ്റന്റ് അധികാരികളുടെ കാര്യത്തിലായിരുന്നു പരിഷ്കാരം. മുഖ്യമന്ത്രിക്കെതിരായ വിധിയിന്മേൽ പുന:പരിശോധനയ്ക്കുള്ള കോംപിറ്റന്റ് അതോറിറ്റി നിയമസഭയായി. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എം.എൽ.എമാരുടെ കാര്യത്തിൽ സ്പീക്കറും കോംപിറ്റന്റ് അധികാരികളായി. ജനപ്രതിനിധികളല്ലാത്ത രാഷ്ട്രീയനേതാക്കളെ ലോകായുക്ത പരിധിയിൽ നിന്നൊഴിവാക്കി. അങ്ങനെ വളരെ ദുർബലമായി. സബ്ജക്ട് കമ്മിറ്റിയിലെ നിർദ്ദേശപ്രകാരമാണ് ബിൽ പാസാക്കുന്ന വേളയിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത്. ആദ്യം അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടപ്പോൾ നേരത്തേ ഉണ്ടായിരുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് ബിൽ സഭ പാസാക്കിയത്. കറുത്ത ദിനമെന്ന് പറഞ്ഞ് പാസാക്കൽ വേളയിൽ പ്രതിപക്ഷം പ്രതിഷേധിച്ചിറങ്ങിപ്പോയി. ഈ ബില്ലിപ്പോഴും ഗവർണറുടെ പരിഗണനയിലിരിക്കുന്നതേയുള്ളൂ. കോംപിറ്റന്റ് അതോറിറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹവും ഒഴിവാക്കപ്പെട്ടിരിക്കുമ്പോൾ ഈ ബില്ലിലദ്ദേഹം എങ്ങനെ ഒപ്പുവയ്ക്കാനാണ്?
അങ്ങനെ അനിശ്ചിതത്വത്തിലായ ബില്ലിന് പകരം ഇപ്പോഴും സംസ്ഥാനത്ത് നിലനിൽക്കുന്നത് സർവ്വപ്രതാപിയായ 99ലെ ലോകായുക്ത നിയമം തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ ലോകായുക്ത വിധിയെ രാഷ്ട്രീയകേരളമാകെ ഉറ്റുനോക്കിയത്.
പക്ഷേ, നിയമം എന്തായാലും ലോകായുക്തയെ നിയമിക്കുന്നത് രാഷ്ട്രീയനേതൃത്വങ്ങളാണ്. അതിന്റേതായ പരിമിതികൾ വ്യവസ്ഥിതിയിലുമുണ്ടാവും. കെ.ടി. ജലീലിനെതിരായ വിധി ഒരു അപൂർവ്വമായ അപവാദമായി കണ്ടാൽ മതി. അതങ്ങനെ ചിന്തിക്കുന്നത് തന്നെയാണ് നല്ലത്.
ഇനി ലോകായുക്തയുടെ മൂന്നംഗ വിശാലബെഞ്ച് ഇപ്പോഴത്തെ ദുരിതാശ്വാസനിധി കേസ് പരിശോധിച്ച് വിധി പറയട്ടെ. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും ആവട്ടെ. അല്ലാതെന്ത് പറയാൻ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |