കോഴിക്കോടിനടുത്ത് എലത്തൂരിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്‌സ്‌പ്രസിലെ കോച്ചിൽ ഞായറാഴ്ച രാത്രി നടന്ന സംഭവം അതീവ ഞെട്ടലും സംഭ്രാന്തിയും സൃഷ്ടിച്ചതിൽ അതിശയമില്ല. സംസ്ഥാനത്ത് ഇതേരീതിയിലുള്ള ക്രൂരസംഭവം സാധാരണമല്ലാത്തതുകൊണ്ടാണ് വലിയ ഉദ്വേഗത്തിനും ആശങ്കകൾക്കും കാരണമാകുന്നത്.
യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി - 1 കോച്ചിൽ കയറിക്കൂടിയ ചെറുപ്പക്കാരൻ രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. കോച്ചിൽ യാത്രക്കാർ അധികമില്ലായിരുന്നു. അതുകൊണ്ടാകാം എട്ടുപേർക്കേ തീപ്പൊള്ളലേറ്റുള്ളൂ. എന്നാൽ ഞെട്ടിക്കുന്ന ഈ കാഴ്ച കണ്ട് രക്ഷപ്പെടാൻ വേണ്ടിയാകണം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ ഒരു കുട്ടിയടക്കം മൂന്നുപേരുടെ ദാരുണമരണം എലത്തൂർ സംഭവം കൂടുതൽ ദുഃഖകരമാക്കുന്നു. റഹ്‌മത്ത് എന്ന നാല്പത്തഞ്ചുകാരിയും അവരുടെ സഹോദരീ പുത്രിയായ രണ്ടരവയസുകാരിയും നൗഫിക്ക് എന്നു പേരായ മദ്ധ്യവയസ്കനുമാണ് തൊട്ടടുത്തുള്ള പാളത്തിൽ തലയടിച്ചുവീണ് ദാരുണമായി മരണപ്പെട്ടത്.
കൂട്ടബഹളത്തിനിടെ ട്രെയിനിൽ നിന്നു രക്ഷപ്പെട്ട അക്രമിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഡി.ജി.പി മാദ്ധ്യമങ്ങളോടു പറഞ്ഞത്. കൂടുതൽ തെളിവുകൾ ലഭിച്ചാലേ പ്രതിയിലേക്കു കൂടുതൽ അടുക്കാനാവൂ എന്നതിനാൽ വിപുലമായ അന്വേഷണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കേരള പൊലീസിനു പുറമെ കേന്ദ്രഏജൻസികളെയും അന്വേഷണത്തിൽ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. അക്രമസംഭവത്തിന്റെ സ്വഭാവമനുസരിച്ച് കൂടുതൽപേർ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന സംശയവും അസ്ഥാനത്തല്ല. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ അക്രമി പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിനു പിന്നിലെന്നു വ്യക്തമാണ്. ബോഗിയിലെ മുഴുവൻ യാത്രക്കാരും വെന്തുമരിക്കണമെന്ന പൈശാചികലക്ഷ്യം തന്നെയാണ് സംഭവത്തിനു പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നതാണ് സാഹചര്യത്തെളിവുകൾ. പൊള്ളലേറ്റ എട്ടുപേരിൽ ഒരാൾ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. ഭാഗ്യം കൊണ്ടു മാത്രമാണ് കാര്യങ്ങൾ കൂടുതൽ ഭയാനകമായ നിലയിലേക്ക് വളരാതിരുന്നത്.
ഏതുസമയത്തും സമാധാനപൂർണമായ ട്രെയിൻ യാത്ര സാദ്ധ്യമായ രാജ്യത്തെ അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുരക്ഷാ ഏജൻസികൾ കണ്ണും കാതും സദാ തുറന്നിരിക്കുന്നതിനാൽ ട്രെയിനുകളിലെ സംഘടിത അക്രമങ്ങൾ ഇവിടെ പതിവില്ല. എലത്തൂരിലെ തീവയ്പു സംഭവം പതിവു ധാരണകൾ തിരുത്തേണ്ടിവരുമോ എന്ന സന്ദേഹത്തിലാണ് ചെന്നെത്തുന്നത്. ഒളിഞ്ഞിരിക്കുന്ന വിധ്വംസക ശക്തികളുടെ കറുത്ത കൈകൾ പതിയെ ഇങ്ങോട്ടും നീങ്ങുന്നതിന്റെ ലക്ഷണമാണോ ഇതെന്ന് സമഗ്ര അന്വേഷണത്തിലൂടെയേ കണ്ടെത്താനാവൂ. ഒരു ഉപേക്ഷയും കൂടാതെ അതിനുള്ള നടപടികൾ എടുക്കണം. കേന്ദ്ര ഏജൻസികൾ ആവശ്യമാണെങ്കിൽ ഒരുനിമിഷം പാഴാക്കാതെ അതിനുള്ള ഏർപ്പാടുകളും വേണം.
രാത്രികാലങ്ങളിൽ ട്രെയിനുകളിൽ കൂടുതൽ കനത്ത നിരീക്ഷണവും പരിശോധനകളും വേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതാണ് എലത്തൂർ സംഭവം. ട്രെയിനുകളിൽ എല്ലാ ബോഗിയിലും സി.സി.ടിവി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇടയ്ക്കു പറഞ്ഞുകേട്ടിരുന്നു. പണച്ചെലവുള്ള കാര്യമാണെങ്കിലും യാത്രക്കാരുടെ ജീവനെ ഓർത്ത് കഴിയാവുന്ന സുരക്ഷാ നടപടികളെല്ലാം ചെയ്യണം. അരുതാത്തത് സംഭവിക്കുമ്പോൾ മാത്രം ഞെട്ടിയതുകൊണ്ടായില്ല. ഞെട്ടലുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണു വേണ്ടത്. അതുപോലെതന്നെ റെയിൽവേ സ്റ്റേഷനുകളിലും വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അലംഭാവം അത്യാപത്തുകളെ ക്ഷണിച്ചുവരുത്തുമെന്നു വെറുതെ പറയുന്നതല്ല. ആളിപ്പടരുന്ന തീയിൽ നിന്നു രക്ഷപ്പെടാൻ പുറത്തേക്കുചാടി ജീവൻ നഷ്ടമായ ഹതഭാഗ്യർക്ക് എത്രയും വേഗം അർഹമായ നഷ്ടപരിഹാരം നല്‌കാനും നടപടിയുണ്ടാകണം. എലത്തൂർ അക്രമസംഭവത്തിന്റെ വേരുകൾ കണ്ടെത്തി തകർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |