രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രകൾക്കിടെ പല സംസ്ഥാനങ്ങളിലും ഉണ്ടായ സംഘർഷങ്ങളും അക്രമവും സമാധാനകാംക്ഷികളായ ജനങ്ങളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമങ്ങൾ നടന്നു. ബീഹാറിൽ നടന്ന അക്രമങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. അക്രമങ്ങൾക്ക് ശമനമുണ്ടാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ്‌കുമാർ ഉന്നതതലയോഗം വിളിച്ചിരിക്കുകയാണ്. അക്രമസംഭവങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ബംഗാളിൽ ഹൗറയിലാണ് രാമ നവമിയോടനുബന്ധിച്ച് ആദ്യം അക്രമം നടന്നത്. പിന്നീട് ബി.ജെ.പിയുടെ ഉന്നതനേതാക്കൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് നേരെയും അക്രമം നടന്നു. ബി.ജെ.പി എം.എൽ.എ ബിമൻഘോഷ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേല്‌ക്കുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഒരേപോലെ അക്രമങ്ങൾ നടന്നു.
വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ഏറ്റവും എളുപ്പമുള്ള അവസരങ്ങളാണ് മതഘോഷയാത്രകൾ. ഇത് മുതലെടുക്കാൻ സാമൂഹ്യവിരുദ്ധരും രാജ്യദ്രോഹ മനോഭാവമുള്ളവരും മറ്റും ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഇത് തടയാൻ പൊലീസും മത, സമുദായ, രാഷ്ട്രീയ നേതാക്കളും എല്ലാ സ്ഥലങ്ങളിലും മുൻകരുതലും ജാഗ്രതയും പുലർത്തേണ്ടത് ആവശ്യമാണ്. സംഘർഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പരമാവധി പൊലീസിനെ വിന്യസിക്കണം. അല്ലെങ്കിൽ പ്രശ്നബാധിത പ്രദേശങ്ങൾ ഒഴിവാക്കി വേണം ഘോഷയാത്രയുടെ റൂട്ടിന് പൊലീസ് അനുമതി നല്‌കാൻ. പ്രധാന ആഘോഷദിനങ്ങളോടും ഉത്സവങ്ങളോടുമനുബന്ധിച്ചും എല്ലാ മതവിഭാഗങ്ങളും ചെറുതും വലുതുമായ ഘോഷയാത്രകൾ നടത്താറുണ്ട്. ഇതൊക്കെ മതസൗഹാർദ്ദം ഉൗട്ടിയുറപ്പിക്കുന്നതിനാണ് ഉതകേണ്ടത്.
നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ് ഇത്തരം ഘോഷയാത്രകൾ. മതത്തിൽ രാഷ്ട്രീയം കലരുന്നതോടെയാണ് ഇതൊക്കെ സംഘർഷത്തിന്റെ വേദിയായും മറ്റും മാറുന്നത്. പഴയകാലത്ത് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരം ഘോഷയാത്രകളിൽ പങ്കെടുത്തിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങളാണ് യഥാർത്ഥത്തിൽ ജനങ്ങളിൽ ഏറ്റവും വലിയ ഭിന്നത വളർത്തുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചല്ല വോട്ടുകൾ നേടേണ്ടത്. മതഘോഷയാത്രകൾ അതിനുള്ള അരങ്ങായി മാറ്റുകയും ചെയ്യരുത്. പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് നിരപരാധികളായ മനുഷ്യരായിരിക്കും. അതിനാൽ ഇത്തരം മതഘോഷയാത്രകൾക്ക് മുൻപ് എല്ലാത്തരം സുരക്ഷാ നടപടികളും സംസ്ഥാന സർക്കാരുകൾ ഒരുക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |