
അഴിമതിക്കാരിൽ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം തികച്ചും സ്വാഗതാർഹമാണ്. സി.ബി.ഐയുടെ വജ്രജൂബിലി ആഘോഷം വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് രാജ്യത്തിന്റെ വികസനം മരവിപ്പിച്ച പ്രധാന വിപത്തുകളിലൊന്ന് അഴിമതിയാണെന്നും നീതിയുടെ ബ്രാൻഡ് അംബാസിഡറായി സി.ബി.ഐ മാറിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. അഴിമതി നടത്തുന്നത് എത്ര വലിയ ഉന്നതനാണെങ്കിലും നടപടിയെടുക്കാൻ മടിക്കരുതെന്നാണ് അദ്ദേഹം സി.ബി.ഐയ്ക്ക് നല്‌കിയ ഉപദേശം.
കൂട്ടിലടച്ച തത്തയെന്ന് സി.ബി.ഐയെ പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസികളിലൊന്നാണ് സി.ബി.ഐ എന്ന് പറയേണ്ടിവരും. പല കേസുകളിലും ജനം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതു തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. നമ്മുടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾ സ്വന്തം നിലയിൽ മികച്ച കാര്യപ്രാപ്തി പുലർത്തുന്നവയാണ്. പലപ്പോഴും ഭരണാധികാരികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും മറ്റും ഇടപെടലാണ് ഇവരുടെ ശേഷി ദുർബലമാക്കുന്നത്. ഭരണത്തിലിരിക്കുന്നവരെ ഒഴിവാക്കി പ്രതിപക്ഷത്തുള്ളവരുടെ പിറകെയാണ് സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികൾ നടക്കുന്നതെന്ന വിമർശനവും നിലനില്‌ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രസക്തി വളരെ കൂടുതലാണ്. അഴിമതിക്കാരുടെ അധികാരത്തിന്റെ ചരിത്രവും അന്വേഷണ ഏജൻസികളെ കളങ്കപ്പെടുത്താൻ സൃഷ്ടിച്ച അന്തരീക്ഷവും കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പിന്തിരിയരുതെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
60 വർഷത്തെ യാത്രയിൽ സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കുക എന്ന അസാധാരണമായ നേട്ടം സി.ബി.ഐ കൈവരിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്‌ത്രീയമായ അന്വേഷണത്തിന് ഉൗന്നൽ നല്‌കിയതാണ് സി.ബി.ഐയുടെ വിശ്വാസ്യത ഉയർത്തിയത്. സി.ബി.ഐ അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്ന തോന്നൽ ജനങ്ങളിൽ സൃഷ്ടിച്ചത് കുറ്റമറ്റ രീതിയിലുള്ള അവരുടെ അന്വേഷണരീതി തന്നെയാണ്. അഴിമതിയെ നേരിടുകയും തടയുകയും ചെയ്യുക എന്നത് ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. കാരണം അത്രമാത്രം പല മേഖലകളിലും അഴിമതി ഒരു രോഗം പോലെ വ്യാപിച്ചിട്ടുണ്ട്. എത്ര ഉന്നതനായാലും അഴിമതി കാട്ടിയാൽ പിടിക്കപ്പെടും എന്നത് കേസുകളിലൂടെ തെളിയിക്കാൻ സി.ബി.ഐയ്ക്ക് കഴിയണം.
അഴിമതിയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ദൗത്യമാണ് സി.ബി.ഐ ഇനി ഏറ്റെടുക്കേണ്ടത്. വരുംനാളുകളിൽ അത് തെളിയിക്കുന്നതിനുള്ള നടപടികളാണ് സി.ബി.ഐയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |