SignIn
Kerala Kaumudi Online
Wednesday, 14 January 2026 1.14 PM IST

തൊഴിൽ, യുവത്വം പുതിയ സമസ്യങ്ങൾ

Increase Font Size Decrease Font Size Print Page

photo

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുവിലുള്ള ധാരണകൾ പൊളിക്കുന്നതാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) അടുത്തിടെ നടത്തിയ സർവേ. തൊഴിൽസംബന്ധമായ പഠനങ്ങൾക്ക് പേരുകേട്ട ഈ ഗവേഷണ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പഠനത്തിന് വിധേയമായത് രാജ്യത്തെ തൊഴിലെടുക്കുന്ന വിഭാഗത്തിന്റെയും, തൊഴിലില്ലാതെ നിൽക്കുന്നവരുടെയും വിദ്യാഭ്യാസ യോഗ്യതകൾ തിട്ടപ്പെടുത്തുക എന്നതായിരുന്നു. ഇതിന് തൊട്ടുമുൻപ് സി.എം. .ഇ പഠന വിഷയമാക്കിയത് തൊഴിലെടുക്കുന്നവരുടെ പ്രായഘടനയായിരുന്നു. തൊഴിലെടുക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് ഇക്കൂട്ടരിൽ വലിയൊരു വിഭാഗത്തിന്റെയും പഠനനില താഴെത്തട്ടിലാണെന്നാണ്. മൊത്തം തൊഴിൽശക്തിയുടെ 48 ശതമാനവും പത്താം ക്ലാസിന് താഴെയുള്ളവരാണ്. ഹൈസ്കൂൾ- ഹയർസെക്കൻഡറി പാസായവരുടെ അനുപാതം 40 ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരുടെ പങ്ക് 12 ശതമാനം മാത്രവുമാണെന്നാണ് സർവേയുടെ കണ്ടെത്തൽ. എന്നാൽ ഈ കണ്ടെത്തൽ കൂടുതൽ ഗുരുതരമാകുന്നത്, ഉയർന്ന വിദ്യാഭ്യാസം ലഭിച്ച ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ച കാലഘട്ടമായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ കാൽനൂറ്റാണ്ട് എന്ന വസ്തുതകൂടി പരിഗണിക്കുമ്പോഴാണ്. 2000-2001ൽ പ്രൊഫഷണൽ കോഴ്സുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികളുടെ ആകെ എണ്ണം 96.13ലക്ഷമായിരുന്നു. 2020-2021ൽ അത് 4.14കോടി വിദ്യാർത്ഥികളായി ഉയർന്നിരുന്നു.

തൊഴിൽ നേടാൻ കഴിയാതെപോയ ഹതഭാഗ്യരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്, തൊഴിൽ തേടുന്നവരുടെ വിദ്യാഭ്യാസനില വർദ്ധിക്കുന്നതിന് അനുസരിച്ച് തൊഴിൽ നേടാനുള്ള അവസരം കുറയുന്നു എന്നതാണ്. സർവേ കാലയളവിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 7.5 ശതമാനമായിരുന്നു. എന്നാൽ ബിരുദവും ബിരുദാനന്തര ബിരുദവും പോലുള്ള ഉയർന്ന ഡിഗ്രികൾ നേടിയവർക്കിടയിലെ തൊഴിൽരാഹിത്യ നിരക്ക് പൊതുവിലുള്ളതിന്റെ ഇരട്ടിയിലധികം ( 17.2 ശതമാനം) ആണെന്നാണ് കണ്ടെത്തിയത്. 10-12 സ്റ്റാൻഡേർഡുകൾ വിജയിച്ചിട്ടുള്ളവരുടെ ഇടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 10.9 ശതമാനമാണ്. പത്താം സ്റ്റാൻഡേർഡിന് താഴെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുറഞ്ഞു വരുന്നെന്നാണ് സർവേയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യയെന്ന ധനം ഭൗതിക സമ്പന്നതയാക്കി മാറ്റിയെടുക്കുന്നതിൽ രാജ്യത്തിന് കാര്യമായി വിജയിക്കാൻ കഴിയുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

തൊഴിലുള്ളവരിൽ അഭ്യസ്തവിദ്യരുടെ അനുപാതം കുറവാണെന്നതിനും, വിദ്യാസമ്പന്നരുടെ ഇടയിലെ തൊഴിൽരാഹിത്യ നിരക്ക് താരതമ്യേന ഉയർന്നതാണെന്നതിനും ഒപ്പം പരിഗണിക്കേണ്ടതാണ് സി.എം.ഐ.ഇ നടത്തിയ മറ്റൊരു പഠനത്തിന്റെ കണ്ടെത്തലുകൾ. തൊഴിലെടുക്കുന്നവരുടെ പ്രായഘടനയാണ് അന്വേഷണ വിഷയമായത്. രാജ്യത്ത് തൊഴിൽ ചെയ്തുകൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും മധ്യവയസ്കരാണെന്നാണ് കണ്ടെത്തിയത്. മൊത്തം തൊഴിൽ ശക്തിയിൽ കൂടുതൽ പേരും അവരുടെ 40കളിലും 50 കളിലുമാണ്. 2021-2022ൽ ഇക്കൂട്ടരുടെ അനുപാതം തൊഴിലെടുക്കുന്നവരുടെ 57 ശതമാനമാണ്. 2016-17 ൽ ഇത് 42ശതമാനമായിരുന്നു.

എന്നാൽ ഇതേവർഷം 30 വയസിൽ താഴെയുള്ളവരുടെ തൊഴിൽ സാന്നിദ്ധ്യം 25.6 ശതമാനമായിരുന്നത് 2021-2022ൽ 18 ശതമാനമായി ഇടിഞ്ഞു. ഇന്ത്യയുടെ തൊഴിൽശക്തിയുടെ യൗവനാവസ്ഥയ്ക്ക് മങ്ങലേൽക്കുകയും, അതിന് പ്രായമേറുകയുമാണ്. പക്ഷേ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ ചെറുപ്പക്കാരുടെ അനുപാതം 51 ശതമാനമാണ്. ഊർജസ്വലരായ യുവാക്കളുടെ ലഭ്യതകൊണ്ട് സമ്പന്നമാകയാൽ, ജനസംഖ്യാപരമായ അപൂർവനേട്ടം കൊയ്യാൻ പാകത്തിലുള്ള രാഷ്ട്രമാണ് ഇന്ത്യയെന്ന് വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ പഠനഫലം വെളിപ്പെടുത്തുന്നത് ഈ സമ്പത്ത് നാം പാഴാക്കി കളയുന്നു എന്നാണ്.

മേൽപ്പറഞ്ഞ അസ്വസ്ഥജനകമായ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത് ഇന്ത്യയുടെ തൊഴിൽ- വിദ്യാഭ്യാസരംഗത്തെ അസന്തുലിതാവസ്ഥകളാണ്. തൊഴിൽ മേഖലയിലെ പൊരുത്തക്കേടുകൾ 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇനി പറയും വിധമാണ്. 371ലക്ഷം പേർ തൊഴിൽ തേടുന്ന അവസരത്തിൽ ആ വർഷം കൂടുതലായി തൊഴിലെടുക്കാൻ പ്രാപ്തരായവർ 106 ലക്ഷം ആയിരുന്നു. പുതിയതായി ലഭ്യമാക്കാൻ കഴിഞ്ഞ തൊഴിലവസരങ്ങൾ 80ലക്ഷം മാത്രവും. സ്വാഭാവികമായും തൊഴിൽ വരൾച്ച രൂക്ഷമാക്കുന്നതാണ് ഈ പൊരുത്തമില്ലായ്മ. രണ്ടാമത്തെ അസന്തുലിതാവസ്ഥ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യ സ്കിൽ റിപ്പോർട്ട് 2022 പ്രകാരം രാജ്യത്തെ ഉന്നത ബിരുദധാരികളിൽ പകുതിയിലധികം പേരും തൊഴിൽ ലഭിക്കാൻ പാകത്തിലുള്ള പ്രാവീണ്യമില്ലാത്തവരാകുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ ഈ വർഷത്തെ റിപ്പോർട്ടിംഗ് പ്രകാരം മാനേജ്മെന്റ് ഡിഗ്രി നേടുന്ന നാലുപേരിൽ ഒരാളും, എൻജിനീയറിങ് ബിരുദമുള്ള അഞ്ചുപേരിൽ ഒരാളും, പ്രൊഫഷണൽ അല്ലാത്ത ബിരുദധാരികളിൽ 10 പേരിൽ ഒരാളും മാത്രമാണ് നേരിട്ട് തൊഴിൽ ലഭിക്കാനുള്ള നൈപുണ്യമുള്ളവർ. ഇപ്രകാരമുള്ള അസന്തുലിതാവസ്ഥകൾക്ക് പരിഹാരം കണ്ടാലേ തൊഴിൽ- വിദ്യാഭ്യാസരംഗത്തെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയൂ.

TAGS: SABARIMALA THANTHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.