ഒന്നാംപ്രതിക്ക് 1,05,000 രൂപ പിഴ
12 പ്രതികൾക്ക് 1,18,000 രൂപ വീതം പിഴ
മണ്ണാർക്കാട്: അരി മോഷ്‌ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം നടത്തിയ പൈശാചിക ആക്രമണത്തിൽ അട്ടപ്പാടിയിൽ ദരിദ്ര ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരായ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിന തടവ്. ആൾക്കൂട്ട ആക്രമണങ്ങളിൽ ഇത് അവസാനത്തേതാകട്ടെ എന്ന പരാമർശത്തോടെയാണ് മണ്ണാർക്കാട് എസ്.സി - എസ്.ടി കോടതി. ജഡ്‌ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചത്.
പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
ഒന്നാംപ്രതി ഹുസൈന് 1,05,000 രൂപയും 12 പ്രതികൾക്ക് 1,18,000 രൂപ വീതവും പിഴയും വിധിച്ചു. 16-ാം പ്രതി മുനീറിന് ( 36 ) മൂന്നുമാസം തടവും അഞ്ഞൂറ് രൂപ പിഴയും. ഇയാൾ റിമാൻഡ് കാലത്ത് ശിക്ഷ പൂർത്തിയാക്കിയതിനാൽ പിഴയടച്ചാൽ മോചിതനാകും
പിഴത്തുകയിൽ പകുതി മധുവിന്റെ അമ്മ മല്ലിക്ക് നൽകണം. കൂറുമാറിയ 24 സാക്ഷികൾക്കെതിരെ നടപടിക്കും കോടതി നിർദ്ദേശിച്ചു.
ഒന്നാംപ്രതി ഹുസൈൻ (59), രണ്ടാംപ്രതി മരയ്‌ക്കാർ (41), മൂന്നാംപ്രതി ഷംസുദ്ദീൻ (41), അഞ്ചാംപ്രതി രാധാകൃഷ്ണൻ (38), ആറാംപ്രതി അബൂബക്കർ (39), ഏഴാംപ്രതി സിദ്ദീഖ് (46), എട്ടാംപ്രതി ഉബൈദ് (33), ഒമ്പതാംപ്രതി നജീബ് (41), പത്താംപ്രതി ജൈജുമോൻ (52), പന്ത്രണ്ടാം പ്രതി സജീവ് (38), പതിമൂന്നാം പ്രതി സതീഷ് (43), പതിനാലാം പ്രതി ഹരീഷ് (42), പതിനഞ്ചാം പ്രതി ബിജു (45) എന്നിവർക്കാണ് ഏഴുവർഷം കഠിനതടവ്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ അതിലും കൂടുമെങ്കിലും പ്രതികൾ ഏഴ് വർഷം ഒരുമിച്ച് തടവ് അനുഭവിച്ചാൽ മതി. റിമാൻഡ് കാലം ഇളവ് ചെയ്യില്ല.
നാലാംപ്രതി അനീഷ് (38), പതിനൊന്നാം പ്രതി അബ്ദുൾ കരീം (52) എന്നിവരെ വെറുതെ വിട്ടിരുന്നു. 13 പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായ സംഘം ചേരൽ, മർദ്ദനം, പട്ടികജാതി - പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. 16-ാം പ്രതി മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമായതിനാൽ ഐ.പി.സി 352 പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്.
സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂട്ടർമാരുടെ മാറ്റവുമുൾപ്പെടെ ഏറെ വെല്ലുവിളികൾ നേരിട്ട കേസിന്റെ വിചാരണ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് പൂർത്തിയാക്കിയത്. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പാക്കേണ്ടി വന്നു. നാലാമത്തെ പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോന്റെ നേതൃത്വത്തിലാണ് വിചാരണ പൂർത്തിയായത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ച് കാട്ടിൽ നിന്ന് പ്രതികൾ പിടികൂടി മർദ്ദിച്ച് മുക്കാലിയിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ആൾക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കിയിരുന്നു.
തെളിഞ്ഞ കുറ്റങ്ങളും വകുപ്പുകളും
ഐ.പി.സി 143, 147, 323, 324, 326, 367, 304 പാർട്ട് 2. പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമത്തിലെ 3(1) (ഡി).
അപ്പീൽ നൽകും
പ്രതികളുടെ ശിക്ഷ കുറഞ്ഞു. മേൽക്കോടതിയെ സമീപിക്കും.കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാതെ ഞങ്ങൾക്ക് നീതി നിഷേധിച്ചു. വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായി
- മധുവിന്റെ സഹോദരി സരസു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |