ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ യമുനാ നദിക്കു സമാന്തരമായ ഡൽഹി മെട്രോ മജന്താലൈൻ റൂട്ടിലെ ജസോലാ വിഹാർ മെട്രോ സ്റ്റേഷൻ കടന്ന് മുന്നോട്ടു പോയാൽ ഷഹീൻ ബാഗ് പൊലീസ് സ്റ്റേഷൻ. അവിടെ നിന്ന് 250 മീറ്റർ അകലെയാണ് ഇന്നലെ അറസ്റ്റിലായ ഷാരൂഖ് സെയ്‌ഫിയുടെ വീട്. ഡൽഹി ജൽബോർഡിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗലിയിലേക്ക് എത്താനും എളുപ്പമല്ല. ജഗൽപെട്ടിയിലെ മൂന്നാം നമ്പർ ഗലിയിൽ നിരനിരയായി സ്ഥിതി ചെയ്യുന്ന നാലു നില അപ്പാർട്ട്മെന്റുകളിലൊന്നിന്റെ താഴെ നിലയിലെ വീട് ഇന്നലെ രാവിലെ പെട്ടെന്നാണ് മാദ്ധ്യമങ്ങളിലൂടെ രാജ്യശ്രദ്ധയാകർഷിച്ചത്.
ചിരിച്ച മുഖവുമായി കാണാറുള്ള, ജോലിയും വീടുമായി കഴിയുന്ന സെയ്ഫി അങ്ങ് കേരളത്തിൽ പോയി ഒരക്രമം കാട്ടിയെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കും കൂട്ടുകാർക്കും കഴിയുന്നില്ല. സുഹൃത്തുക്കളുമായി കമ്പനി ചേർന്നു നടക്കുന്ന ആളല്ല സെയ്‌ഫിയെന്ന് സമീപവാസിയായ ഫസൽ പറഞ്ഞു. എങ്കിലും എല്ലാവരുമായും സൗഹൃദമായിരുന്നു. ഡൽഹി അതിർത്തിയായ നോയിഡയിലെ നിതാരി ഗ്രാമത്തിൽ ജോലിക്കു പോയ ശേഷം കാണാതായെന്ന് മാത്രം ഇവർക്കറിയാം. കാണാതാകുന്നതിന് തലേന്നും വീടിന് മുന്നിൽ ബൈക്കിലിരുന്ന് സംസാരിച്ചിരുന്നു.
ആൾ പെട്ടെന്ന് കേരളത്തിൽ എങ്ങനെ, എന്തിന് പോയി എന്നതാണ് ഇവരെ കുഴയ്‌ക്കുന്നത്. എലത്തൂരിൽ ട്രെയിനിൽ എന്താണ് സംഭവിച്ചതെന്ന് പലരും അറിയുന്നത് മാദ്ധ്യമ പ്രവർത്തകർ പറയുമ്പോൾ. സെയ്‌ഫി അത്തരമൊരു ക്രൂരകൃത്യം ചെയ്യുമെന്ന് കരുതാൻ സുഹൃത്തുക്കൾക്ക് കഴിയുന്നില്ല. പക്ഷേ തെറ്റു ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്നും ചിലർ പറഞ്ഞു.
ചൊവ്വാഴ്ചയാണ് കേരളത്തിൽ നിന്നുള്ള ആദ്യ പൊലീസ് സംഘം വീട്ടിലെത്തിയത്. ആളെ കാണാതായെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണത്തിന് എത്തിയെന്നാണ് എല്ലാവരും കരുതിയത്. പൊലീസ് തിരികെ പോയത് സെയ്ഫിയുടെ സഹോദരൻ അടക്കം ആറ് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തുകൊണ്ടാണ്. അതോടെ സംഭവം നിസാരമല്ലെന്ന് നാട്ടുകാർക്ക് ബോധ്യമായി. എങ്കിലും
മാദ്ധ്യമ പ്രവർത്തകരിൽ നിന്നാണ് എലത്തൂർ ട്രെയിൻ ആക്രമണവും തുടർന്ന് ഇന്നലെ രാവിലെ രത്‌നഗിരിയിൽ നിന്ന് ആൾ അറസ്റ്റിലായതുമൊക്കെ അവർ അറിഞ്ഞത്.
ഇന്നലെ രാവിലെ ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീണ്ടുമെത്തിയത് എലത്തൂരിൽ റെയിൽവേ പാളത്തിൽ നിന്ന് കണ്ടെടുത്ത സെയ്‌ഫിയുടെ വസ്‌ത്രങ്ങളും കൈയെഴുത്തു രേഖകളുമായാണ്. ഒപ്പം മലയാള-ദേശീയ മാദ്ധ്യമങ്ങളും ജഗൽപെട്ടിയിലെ മൂന്നാം നമ്പർ ഗലിയിലേക്ക് ഒഴുകിയെത്തി. പൊലീസും മാദ്ധ്യമങ്ങളും കൂടിയതോടെ നാട്ടുകാർ അകലം പാലിച്ചു. കാര്യങ്ങൾ തിരക്കാൻ വന്ന മാദ്ധ്യമങ്ങളോടും ഒന്നും വിട്ടു പറഞ്ഞില്ല. 2019ൽ നടന്ന പൗരത്വ പ്രതിഷേധ സമരങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീൻബാഗിൽ പൊലീസ് വീടുകൾ തോറും പരിശോധനകൾ നടത്തിയിരുന്നു. അന്നു മുതൽ പൊലീസുമായി അകലം പാലിക്കുന്നതാണ് ഇവരുടെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |