കൊച്ചി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ എന്ന ആനയെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെയുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഹർജി മേയ് 26 നു വീണ്ടും പരിഗണിക്കും.
æ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ
ആനയെ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലൂടെ കൊണ്ടു പോകുമ്പോൾ ജില്ലാ കളക്ടർമാർ മേൽനോട്ടം വഹിക്കണം
ആവശ്യത്തിന് പൊലീസിനെ വഴിയിൽ വിന്യസിക്കാനും പൊലീസ് എസ്‌കോർട്ട് നൽകാനും അതത് ജില്ലാ പൊലീസ് മേധാവികൾ നടപടിയെടുക്കണം
ആനയുമായി വാഹനം പോകുന്ന വഴിയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇതു ചെയ്യാൻ വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണം
കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്. അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് പി.പി. പ്രമോദ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവർ സമ്പൂർണ്ണ മേൽനോട്ടം വഹിക്കണം. ഇവർ സംഘത്തിനൊപ്പമുണ്ടാവണം
അരിക്കൊമ്പനെ ജി.പി.എസ്, വി.എച്ച്.എഫ് ടെക്നോളജി പ്രകാരമുള്ള റേഡിയോ കോളർ ധരിപ്പിക്കണം
ആനയെ പിടികൂടി പറമ്പിക്കുളത്ത് എത്തിച്ചു കാട്ടിൽ വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താനോ പ്രചരിപ്പിക്കാനോ പൊതുജനങ്ങളെ അനുവദിക്കരുത്
ആനയെ കൊണ്ടുപോകുന്ന വഴിയിൽ ചെണ്ട കൊട്ടാനോ പടക്കം പൊട്ടിക്കാനോ പാടില്ല. ആഘോഷങ്ങളും പാടില്ല. ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടത്തിന് നിരോധനാജ്ഞ പ്രഖ്യപിക്കാം.
æ പറമ്പിക്കുളം ഉചിതമെന്ന് വിദഗ്ദ്ധ സമിതി
അരിക്കൊമ്പനെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മുതുവരച്ചാൽ മേഖലയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വേണ്ടത്ര ഭക്ഷണവും വെള്ളവും മറ്റു പ്രകൃതി വിഭവങ്ങളുമുള്ളതിനാൽ അരിക്കൊമ്പന് അവിടെ കഴിയാനാവും. റേഷനരി കഴിക്കുന്ന സ്വഭാവത്തിൽ കാലക്രമേണ മാറ്റം വരും. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കുറഞ്ഞ മേഖലയാണിത്.
അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്കു വിടുക, പിടികൂടി മറ്റൊരു മേഖലയിലേക്ക് മാറ്റുക എന്നീ സാദ്ധ്യതകളാണ് സമിതി പരിഗണിച്ചത്. മറ്റൊരു സ്ഥലത്തേക്കു മാറ്റിയാൽ ആനയുടെയും മനുഷ്യരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയും. അരിക്കൊമ്പന് മദപ്പാടുണ്ടെന്നതിനാൽ മാറ്റാനാകുമോയെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ അഭിപ്രായം തേടിയിരുന്നു. മദപ്പാടിലുള്ള ആനകളെ പിടികൂടി മുമ്പു മാറ്റിയിട്ടുണ്ടെന്നും ഫീൽഡ് ഓഫീസർമാർക്ക് സാധിക്കുമെന്നും ഡോ. അരുൺ ഉറപ്പുനൽകിയെന്നും റിപ്പോട്ടിൽ പറയുന്നു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്, സ്വന്തം ആവാസ മേഖലയിൽത്തന്നെ നിലനിറുത്തണമെന്ന്
പാലക്കാട്: ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ തീരുമാനം പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്ന് കാണിച്ച് വനം മന്ത്രി, സെക്രട്ടറി, ഉന്നത വനം ഉദ്യോഗസ്ഥർക്ക് കത്ത്. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് പെരിയാർ കടുവ സങ്കേതത്തിലെ മുൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എസ്.ഗുരുവായൂരപ്പനാണ് കത്ത് നൽകിയത്. അരിക്കൊമ്പനെ സ്വന്തം ആവാസ മേഖലയിൽത്തന്നെ നിലനിറുത്തി, അരി കഴിക്കുന്ന ശീലം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഹൈക്കോടതി ആദ്യം അഭിപ്രായപ്പെട്ട പ്രകാരം ആനയെ നിരീക്ഷിച്ച് ഭാവി പരിപാടികൾ ആസൂത്രണം നടത്തുന്നതാണ് നല്ലത്. അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിട്ടാൽ ആകാശീയ ദൂരം കണക്കാക്കിയാൽ ഏകദേശം നൂറ് കിലോമീറ്റർ മാത്രം ദൂരമുള്ള ചിന്നക്കനാലിലേക്ക് തിരിച്ചെത്താൻ രണ്ടോ മൂന്നോ ദിവസം മതി. യാത്രക്കിടയിൽ പുതുതായി ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾ സമൂഹം സഹിക്കുകയും വേണം. ഇനി പറമ്പിക്കുളത്തുതന്നെ നിലയുറപ്പിക്കുകയാണെങ്കിൽ അവിടുത്തെ ആനകളുമായി മത്സരിക്കേണ്ടി വരും. മാത്രമല്ല അരി ഭക്ഷിക്കുന്നതിനായി ഏതെങ്കിലും വനവാസി ഊരുകളിൽ എത്തിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഊഹിക്കുന്നതിലുമേറെയാണ്. ചിന്നക്കനാൽ തുടങ്ങിയ മേഖലകളിലെ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിൽ താത്കാലികമായും സ്ഥിരമായും മാറ്റിപ്പാർപ്പിക്കുന്നതിനും വന്യജീവി സൗഹൃദ മാതൃകാ പദ്ധതികളിലൂടെ തദ്ദേശവാസികൾക്ക് തൊഴിൽ കണ്ടെത്തി നൽകാനുള്ള പദ്ധതികൾ ഉൾപ്പെടുത്തി വനം മന്ത്രിയുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും, ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിക്കും കഴിഞ്ഞ ദിവസം നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. അവയൊന്നും പരിഗണിക്കാതെ തീറ്റയും വെള്ളവും യഥേഷ്ടം കിട്ടുമെന്ന നിഗമനത്തിൽ മാത്രം റിപ്പോർട്ട് സമർപ്പിച്ചത് വന്യജീവികളോടും സമൂഹത്തോടുമുള്ള വലിയ ചതിയായിപ്പോയി എന്നും എസ്. ഗുരുവായൂരപ്പൻ പറഞ്ഞു.
പറമ്പിക്കുളത്തും ജനങ്ങളുണ്ട് അവർക്ക് സംരക്ഷണം വേണ്ടേ
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് കെ. ബാബു എം.എൽ.എ നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എം.എൽ.എ കത്ത് നൽകി. ഇവിടെയും ജനങ്ങളുണ്ട്, പറമ്പിക്കുളത്തെ സമീപവാസികൾ ഭീതിയിലാണ്. ഇവിടെയും വീടുകളും സ്ഥാപനങ്ങളും ഉണ്ട് അവയ്ക്കും സംരക്ഷണം വേണ്ടേയെന്നും എം.എൽ.എ പറഞ്ഞു. അതേസമയം ഇന്ന് പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
10ന് ട്രയൽ റൺ, 11ന് മയക്കുവെടിയെന്ന് വനംവകുപ്പ്
രാപ്പകൽ സമരം അവസാനിപ്പിച്ചു
രാജാക്കാട്: ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തെ വനമേഖലയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിങ്കുകണ്ടത്ത് ജനകീയ സമിതി നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. അതേ സമയം ആഹ്ലാദ പ്രകടനങ്ങൾ കോടതി വിലക്കിയതിനാൽ നടന്നില്ല. അതേ സമയം നിലവിൽ കൈവശമുള്ള ജി.എസ്.എം റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ പറമ്പികുളത്ത് വിട്ടാൽ പ്രയോജനമുണ്ടാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾവനത്തിൽ റേഞ്ച് ലഭിക്കാത്തതാണ് കാരണം. ഇതിനാൽ സാറ്റലൈറ്റ് വഴി വിവരം ലഭിക്കുന്ന റേഡിയോ കോളർ എത്തിക്കേണ്ടതുണ്ട്. ഇതിനായി ഓർഡർ നൽകിയതായും ആസാമിൽ നിന്ന് രണ്ട് ദിവസത്തിനകം റേഡിയോ കോളർ എത്തുമെന്നുമാണ് വിശദീകരണം. ഈസ്റ്ററിന് ശേഷം തിങ്കളാഴ്ചയോടെ ഓപ്പറേഷൻ ആരംഭിക്കാനാണ് വനംവകുപ്പ് പദ്ധതിയിടുന്നത്. അന്ന് ട്രയൽ റൺ നടത്തിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ മയക്കുവെടി വച്ചേക്കും. അതേ സമയം ആഴ്ചകളായി താപ്പാനകൾ സിമന്റുപാലത്ത് തുടരുകയാണ്. ദിവസവും കാൽ ലക്ഷത്തിലധികം രൂപയാണ് ഇവയ്ക്ക് ഭക്ഷണത്തിന് മാത്രം ചെലവ്. അരിക്കൊമ്പനെ പാർപ്പിക്കാൻ കോടനാട് നാല് ലക്ഷം രൂപ മുടക്കി കൂട് നിർമ്മിച്ചതും ഇതോടെ പാഴായി.
അരിക്കൊമ്പൻ വിഷയത്തിലെ ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കർഷകർക്ക് ആശ്വാസമാണ്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തും. സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികളെടുക്കും. വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ദ്ധ സമിതി പരിശോധിച്ചിരുന്നു. സ്പെഷ്യൽ ടീം കൂടിയാലോചിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തും.
മന്ത്രി എ.കെ.ശശീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |