കോഴിക്കോട് എലത്തൂരിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്‌പ്രസിന്റെ കോച്ചിൽ പെട്രോളൊഴിച്ച് തീകൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് മൂലം ട്രെയിനിൽ നിന്ന് ചാടിയതിനാൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയതും ഒൻപത് പേർക്ക് പൊള്ളലുമേറ്റതുമായ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനകം പ്രതിയെ പിടികൂടാൻ സാധിച്ചെങ്കിലും ഞായറാഴ്ച രാത്രി നടന്നത് വൻ സുരക്ഷാ വീഴ്ചയാണെന്നതിൽ സംശയമില്ല. അക്രമത്തെ തുടർന്ന് കണ്ണൂരിൽ നിറുത്തിയിട്ട ട്രെയിൻ ബോഗികൾ പരിശോധിക്കവെ ആർ.പി.എഫ് ദക്ഷിണ റെയിൽവേ ഐ.ജി- ജി.എം ഈശ്വര റാവു പറഞ്ഞത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിൻ കമ്പാർട്ട്മെന്റുകളിലും സുരക്ഷ ശക്തിപ്പെടുത്തുമെന്നാണ്. ഇത് നിലവിൽ സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് തുറന്ന് സമ്മതിക്കലാണ്. പാലക്കാട് ഡിവിഷനിലെ ഇരുനൂറോളം ട്രെയിനുകളെയോ അതിൽ യാത്ര ചെയ്യുന്നവരെയോ നിരീക്ഷിക്കാനോ പരിപാലിക്കാനോ ആവശ്യമായ സംവിധാനമോ ജീവനക്കാരോ ഇല്ലെന്നും അദ്ദേഹം സമ്മതിച്ചു.
സുരക്ഷയുടെ ഭാഗമായി എല്ലാ കമ്പാർട്ട്‌മെന്റുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്ന് തീരുമാനിക്കാൻ അതീവ ഗുരുതരമായ സുരക്ഷാപ്രശ്നം ഉണ്ടാകേണ്ടി വന്നു. ഇത് അധികൃതരുടെ അനാസ്ഥയാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതുമായ പൊതുഗതാഗത സംവിധാനമാണ് റെയിൽവേ. അതിലേക്കാണ് ഒരു വ്യക്തി നിഷ്പ്രയാസം കടന്നുവന്ന് യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം സംസ്ഥാനം വിട്ടത്.
ടിക്കറ്റെടുക്കാതെ ട്രെയിനിൽ പ്രതി യാത്ര ചെയ്‌തതെന്നും അറിയുന്നു. രത്നഗിരിയിൽ നിന്നാണ് ഷാരുഖ് പിടിയിലാകുന്നത്. കണ്ണൂരിൽ നിന്ന് രത്നഗിരിയിലേക്ക് 684 കിലോമീറ്ററുണ്ട്. ഇതുവരെ പുറത്ത് വന്ന കാര്യങ്ങൾ ശരിയാണെങ്കിൽ 684 കിലോമീറ്റർ ദൂരം ടിക്കറ്റ് എടുക്കാതെ അയാൾക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ട്രെയിനിൽ യഥാസമയം ടി.ടി.ആറിന്റെ സാന്നിധ്യം പോലുമില്ലെന്ന് വേണം ഇതിൽനിന്ന് മനസിലാക്കാൻ. ഇതെഴുതുന്നയാൾ അഞ്ച് മാസമായി നിരന്തരം ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ഇതിനിടയിൽ അഞ്ച് തവണ പോലും ടി.ടി.ആറിനെ ടിക്കറ്റ് കാണിക്കേണ്ടി വന്നിട്ടില്ല! സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകൾക്കും പൊലീസിന്റെയോ ആർ.പി.എഫിന്റെയോ എസ്കോർട്ടോ പ്രൊട്ടക്‌ഷനോ ലഭിക്കുന്നില്ലെന്നത് യാത്രക്കാരുടെ സുരക്ഷയെ മുൾമുനയിൽ നിറുത്തുന്നു. എസ്കോർട്ട് ലഭിക്കുന്ന വണ്ടികളിലാവട്ടെ മിക്കപ്പോഴും രണ്ടുപേർ മാത്രമാണ് ഉണ്ടാകാറുള്ളതും. അത്രത്തോളം ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയിലാണോ റെയിൽവേയുടെ പ്രവർത്തനം. ശരാശരി ആയിരത്തിയഞ്ഞൂറോളം യാത്രക്കാരാണ് ഒരു ട്രെയിനിൽ ഉണ്ടാകാറുള്ളത്. ഇവർക്ക് സുരക്ഷ ഒരുക്കാനാവശ്യമായ വിഭവശേഷി റെയിൽവേയ്ക്കില്ലെന്ന് ഉദ്യോഗസ്ഥർ തുറന്ന് പറയുമ്പോൾ അതാരുടെ ഉത്തരവാദിത്തമാണെന്ന ചോദ്യം ഉയരുന്നു.
ഷാരൂഖ് സെയ്‌ഫിയുടെ ലക്ഷ്യമെന്തായിരുന്നു? അത് പൂർത്തീകരിച്ചോ? അയാൾ ഒറ്റയ്ക്കാണോ,? ഇത് മറ്റെന്തെങ്കിലും പദ്ധതിക്ക് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ? ഭീകരവാദ ബന്ധമുണ്ടോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ടെങ്കിലും ഈ സംഭവം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. നമ്മൾ നടത്തിയ യാത്രകളൊന്നും സുരക്ഷിതമായിരുന്നില്ല, എന്തോ ഭാഗ്യത്തിന് അനിഷ്‌ടസംഭവങ്ങൾ ഉണ്ടാകാതിരുന്നതാണ്.
എന്ത് ധൈര്യത്തിലാണ്
നമ്മുടെ യാത്ര?
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവിന്റെ അവസാന സ്റ്റോപ് കണ്ണൂരാണ്. ട്രെയിൻ കണ്ണൂരിൽ എത്താറായതിനാൽ യാത്രക്കാർ കുറവായിരുന്നു. കമ്പാർട്ട്‌മെന്റിൽ മുഴുവൻ യാത്രക്കാരുള്ള സമയത്തോ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്തോ ആയിരുന്നു അക്രമമെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? രാത്രികാലങ്ങളിൽ മിക്ക ട്രെയിനുകളിലേയും ജനറൽ കമ്പാർട്ടുമെന്റുകളിൽ നേരെ നിവർന്ന് നിൽക്കോനോ ശ്വാസമെടുക്കാനോ പോലും പറ്റാത്ത രീതിയിൽ ആളുകൾ തിങ്ങിനിറയാറുണ്ട്. തിരക്കേറിയ അത്തരം സാഹചര്യത്തിൽ ഒരക്രമം സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയുമായിരുന്നു. എന്തെങ്കിലും അപകടങ്ങളോ അനിഷ്ടസംഭവങ്ങളോ നടക്കുമ്പോൾ മാത്രമാണ് അത്തരമൊരു കാര്യം സംഭവക്കാനിടയാക്കിയ സർക്കാരിന്റെ കെടുകാര്യസ്ഥതയെപ്പറ്റി ജനം ചിന്തിക്കുക. നമ്മളോരോരുത്തരും എത്രത്തോളം അരക്ഷിതരാണെന്ന് അന്നേരം മാത്രമേ നമുക്ക് മനസിലാകൂ. എന്നാൽ സർക്കാർ സംവിധാനങ്ങൾ ആ രീതിയിൽ പ്രവർത്തിച്ചാൽ പോര. ദിനംപ്രതി ലക്ഷക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന ഒരു സംവിധാനത്തിനകത്ത് യാത്രക്കാരുടെ ജീവന് ഒരു സുരക്ഷയുമില്ലെന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ നമ്മൾ തിരിച്ചറിയുകയാണ്.
സുരക്ഷാ വീഴ്ചകൾ മുൻപും
2011 ഫെബ്രുവരി ഒന്നിന് കൊച്ചി-ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ ക്രൂരപീഡനത്തിനിരയായി സൗമ്യയെന്ന യുവതി മരിച്ചപ്പോഴും ട്രെയിൻ യാത്രയിലെ സുരക്ഷ ചർച്ചയായിരുന്നു. 2021ൽ ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ ആക്രമിച്ച് ആഭരണങ്ങൾ കവരാൻ ശ്രമിച്ചപ്പോൾ മുളന്തുരുത്തി സ്വദേശിനിയായ ആശയെന്ന യുവതിയെ ട്രെയിനിൽനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും വലിയ പ്രതിഷേധത്തിന് കാരണമായി. സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതിന് ശേഷം മുടിയിൽപിടിച്ച് ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോയപ്പോൾ അലമുറയിട്ട ആശയുടെ കരച്ചിൽ കേട്ടുപോലും ആരുമോടിയെത്തിയില്ല. സുരക്ഷാ വീഴ്ചകളും അനാസ്ഥകളും അടിക്കടി ഉണ്ടാകുമ്പോൾ അത് പരിഹരക്കാൻ നടപടിയുണ്ടാകുന്നില്ല എന്നതാണ് വസ്തുത.
ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗതയും റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവും വർദ്ധിപ്പിക്കുന്നതിന് അനുസരിച്ചു സുരക്ഷാകാര്യത്തിലും കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്നാണ് എലത്തൂരിലെ അനുഭവം വ്യക്തമാക്കുന്നത്. അപകട സാദ്ധ്യതകൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാനും വിട്ടുവീഴ്ചയില്ലാത്ത സേവനം നൽകാനും റെയിൽവേ ബാധ്യസ്ഥരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |