കൊവിഡിന് ശേഷം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ വെല്ലുവിളികളാണ് ചൈന നേരിടുന്നത്. ഇന്ത്യ, വിയറ്റ്നാം, തയ്‌വാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ചെെനയിൽ പ്രവർത്തിച്ചിരുന്ന പല വമ്പൻ കമ്പനികളും ചുവടുമാറുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു വൻ ലോകശക്തിയായി മാറിയാൽ തങ്ങളുടെ സാമ്പത്തിക അടിത്തറ തകരുമെന്ന് ചെെന കരുതുന്നു. അതിനാൽ ഏതുവിധേനയും ഇന്ത്യയുടെ വളർച്ച തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ചൈന മടിക്കില്ല. അതിലേറ്റവും എളുപ്പത്തിൽ പ്രയോഗിക്കാനും ലോകരാജ്യങ്ങളുടെ മുന്നിൽ വാദിക്കാനും പറ്റുന്ന ഒന്നാണ് അതിർത്തി തർക്കം. അതാണിപ്പോൾ ചൈന പയറ്റുന്നത്. എന്നാൽ അത് പണ്ടേപ്പോലെ ഫലിക്കുന്നില്ല. അതിർത്തി കടന്നാൽ ഇന്ത്യൻ സെെന്യം എന്തു വിലകൊടുത്തും തടയുമെന്ന് ചൈനയ്ക്ക് ഏറെക്കുറെ ബോദ്ധ്യപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അതിർത്തിയിൽ നടന്നതും തുടരുന്നതും.
3,440 കിലോമീറ്റർ നീളുന്നതാണ് ഇന്ത്യോ - ചൈന അതിർത്തി. ഇതിൽ പലയിടത്തും കൃത്യമായ വേർതിരിവില്ല. എന്നാൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് കൈവരിക്കാൻ കഴിയാത്ത ഒരു നേട്ടം ചൈന കൈവരിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അവരുടെ അതിർത്തിക്ക് സമാന്തരമായി ചൈന റോഡുകളും പാലങ്ങളും റെയിൽവേ ലൈനുകളും മറ്റും നിർമ്മിക്കുകയും അവയെ ചൈനയിലെ പ്രധാന ഹെെവേകളുമായി ഏറെക്കുറെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എവിടേക്കും സൈനികവ്യൂഹത്തെ വേഗത്തിലെത്തിക്കുക എന്നതാണ് ഇതിലൂടെ ചൈന ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ദശാബ്ദങ്ങളോളം ഇന്ത്യ പിന്നാക്കമായിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് അതിർത്തിയിലെ റോഡ് നിർമ്മാണത്തിൽ വലിയ മാറ്റങ്ങൾ വന്നത്.
ലഡാക്ക് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമാന്തരമായും കാരക്കോണം ഇടനാഴിക്ക് 20 കിലോമീറ്റർ മാറിയും ഇന്ത്യ 225 കിലോ മീറ്റർ റോഡ് നിർമ്മിച്ചതാണ് 2020ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് കാരണമായത്. ഇൗ ഏറ്റുമുട്ടലിൽ ഇന്ത്യയുടെ 20 ജവാന്മാർക്ക് വീരചരമം അടയേണ്ടിവന്നു. ചൈനയുടെ ഭാഗത്തും ആൾനാശമുണ്ടായെങ്കിലും അതെത്രയെന്ന് ഇനിയും അവർ പുറത്തുവിട്ടിട്ടില്ല. ഇരുമ്പ് ചട്ടക്കൂട്ടിൽ എല്ലാം മറച്ചുവയ്ക്കുന്നതാണ് ചൈനയുടെ രീതി. ഇന്ത്യയ്ക്കാകട്ടെ അങ്ങനെ മറയ്ക്കാൻ ഒന്നുമില്ല. മാത്രമല്ല ആരുടെയും ഒരിഞ്ചു സ്ഥലവും അപഹരിക്കാനുള്ള അതിമോഹം പുലർത്തുന്ന രാജ്യവുമല്ല ഇന്ത്യ. എന്നാൽ ചൈന തയ്‌വാനും അരുണാചൽ പ്രദേശും മറ്റും തങ്ങളുടേതാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. തയ്‌വാനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ആ ദ്വീപസമൂഹങ്ങൾക്ക് ചുറ്റും കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരിക്കുകയാണ്. ഒരു മൂന്നാംലോക മഹായുദ്ധത്തിലേക്ക് തന്നെ ഇത് നയിക്കുമോ എന്ന് കണ്ടറിയണം. അതിനൊപ്പം തന്നെ അരുണാചൽപ്രദേശിലെ 11 പ്രവിശ്യകൾക്ക് ചൈനീസ് നാമങ്ങൾ നൽകി പുതിയ ചൈനീസ് ഭൂപടം അവർ പ്രസിദ്ധീകരിച്ചു. ഇതിന് മറുപടിയായി അരുണാചൽപ്രദേശ് സന്ദർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും ഏതു പ്രകോപനത്തിനും ചുട്ടമറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മാത്രമല്ല നാല് അതിർത്തി സംസ്ഥാനങ്ങളിലെയും ലഡാക്കിലെയും 2967ഗ്രാമങ്ങളുടെ വികസനത്തിനായുള്ള വൈബ്രന്റ് വില്ലേജസ് എന്ന വൻ പദ്ധതിയുടെ തുടക്കം കുറിക്കുകയും ചെയ്തു. അതിർത്തിയിലെ അടിസ്ഥാന സൗകര്യവികസനമാണ് ഇൗ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം. ഇത് ചൈനയുടെ അതിമോഹത്തിന് ഇടുന്ന കടിഞ്ഞാൺ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |