ജീവിതനിയോഗം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് മനുഷ്യജന്മം സാർത്ഥകമാകുന്നത്. അങ്ങനെയൊരു സാർത്ഥകജീവിതമാണ് എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ഹോസ്‌പിറ്റലിന്റെ സ്ഥാപകനും വടക്കൻ പറവൂരിലെ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ മുഖ്യശില്‌പിയുമായ ഡോ.കെ.ആർ. രാജപ്പന്റേത്. നവതി പിന്നിട്ടിട്ടും ഔദ്യോഗിക ജീവിതത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളും സമന്വയിപ്പിച്ച് കർമ്മനിരതനായി നിലകൊള്ളുന്നു അദ്ദേഹം.
ആറരപതിറ്റാണ്ടുകൾക്കു മുൻപ്, കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസം ഏറെ പരിമിതമായിരുന്ന കാലത്താണ് അദ്ദേഹം ഒഡീഷയിലെ കട്ടക്ക് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയത്. നാട്ടിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോൾത്തന്നെ നിരാലംബർക്ക് സൗജന്യ ചികിത്സ നല്‌കാനായി പ്രത്യേക ക്ലിനിക് ആരംഭിച്ചു ഡോക്‌ടർ കെ.ആർ രാജപ്പൻ. സ്വന്തമായും കൂട്ടായ്മയുടെ ഭാഗമായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനങ്ങൾക്ക് സേവനരംഗത്ത് പുതിയ ദിശാബോധമുണ്ടായിരുന്നു. ചികിത്സാരംഗത്ത് താരതമ്യേന അപ്രധാനമായിരുന്ന പ്ലാസ്റ്റിക് സർജറിയുടെ അനന്തസാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഡോക്ടർ അതിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സൗന്ദര്യ സംരക്ഷണത്തിനുപരി ജന്മനാലുള്ളതും അപകടം വഴി സംഭവിക്കുന്നതുമായ വൈകല്യങ്ങൾ മൂലം വീടിനുള്ളിൽ ജീവിതം തളച്ചിടേണ്ടിവരുന്നവർക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ സാധാരണ ജീവിതം നയിക്കാനവസരം സൃഷ്ടിച്ചുകൊണ്ട് പ്ളാസ്റ്റിക് സർജറി രംഗത്ത് അദ്ദേഹം ഒരു വിപ്ളവത്തിന് തുടക്കം കുറിച്ചു. രാജ്യത്തിനകത്തും പുറത്തും അംഗീകാരവും അനേകായിരം ഗുണഭോക്താക്കളുടെ ആദരവും നേടിയ ഡോക്ടർ കേരളത്തിലെ പ്ളാസ്റ്റിക് സർജറി മേഖലയുടെ കുലപതിയായി മാറി.
താൻ കൈവരിച്ച അറിവും നൈപുണ്യവും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിൽ സർവീസിലുള്ള പരിമിതി തിരിച്ചറിഞ്ഞ ഡോക്ടർ, ഉന്നതസ്ഥാനം, ഉയർന്ന ശമ്പളം, തൊഴിൽ സുരക്ഷ, പെൻഷൻ എന്നിവ ഉപേക്ഷിച്ച് സർക്കാർ ജോലി രാജിവച്ച് എറണാകുളത്ത് സ്വന്തമായി പ്ളാസ്റ്റിക് സർജറി ക്ളിനിക് സ്ഥാപിച്ചു. ഇതിന് പിന്നിലുള്ള നിശ്ചയദാർഢ്യവും, ദീർഘവീക്ഷണവുമാണ് ഇന്ന് എറണാകുളത്ത് തലയുയർത്തി നില്‌ക്കുന്ന സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രി.
ഔദ്യോഗിക കാലത്തുതന്നെ ലയൺസ് ക്ളബ് പോലുള്ള സാമൂഹിക സംഘടനകളുമായി അദ്ദേഹം ചങ്ങാത്തം പുലർത്തിയിരുന്നു. സാമൂഹ്യസംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ രോഗികളുടെ വൈവിദ്ധ്യമാർന്ന പ്രശ്നങ്ങളും കൂടുതലറിയാൻ ഡോക്ടർക്ക് അവസരം ലഭിച്ചു. പ്ളാസ്റ്റിക് സർജറി രംഗത്ത് പ്രഗത്ഭരില്ലാതിരുന്ന കാലത്ത് കേരളത്തിലുടനീളം ശസ്ത്രക്രിയ നടത്തി. ഒപ്പം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കാരുണ്യ പദ്ധതിയുമായി ബന്ധപ്പെടുത്തി സൗജന്യ ഡയാലിസിസ്, കാൻസർ രോഗികൾക്കായി 'സ്നേഹത്തണൽ പദ്ധതി," കുട്ടികൾക്ക് മുറിച്ചുണ്ട്, മുറി അണ്ണാക്ക് എന്നീ വൈകല്യങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെടുത്തി 'സ്‌മൈൽ ട്രെയിൻ" പദ്ധതി പോലുള്ള അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സാസൗകര്യം, തീരെ പാവപ്പെട്ടവർക്ക് യാത്രാചെലവ് കുട്ടികൾക്ക് പഠനോപകരണങ്ങൾ എന്നിവ നല്‌കുന്നതിന് ഡോക്ടർ പ്രത്യേകം ശ്രദ്ധിച്ചു.
സംഘടനകൊണ്ട് ശക്തരാകുവിൻ വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം ശിരസാവഹിച്ച് ശ്രീനാരായണ വിദ്യാപീഠം ട്രസ്റ്റ്, ഗുരുദേവ എഡ്യൂക്കേഷൻ ട്രസ്റ്റ്, വിദ്യാ അക്കാദമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി, ഗുരുദേവാ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ പ്രസ്ഥാനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ് ഗുരുദേവന്റെ പേരിൽ വടക്കൻ പറവൂരിലെ മാഞ്ഞാലിയിൽ സ്ഥാപിച്ച ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (സ്‌നിംസ്) എന്ന മെഡിക്കൽ കോളേജ്. 2002-ൽ മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യ മേഖലയിൽ വ്യാപിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഗുരുദേവന്റെ പേരിൽ മെഡിക്കൽ കോളേജ് തുടങ്ങണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായി. ആ ആഗ്രഹം സഫലമാക്കാൻ കൂട്ടുപിടിച്ചത് ഡോ. രാജപ്പൻ തന്നെ പ്രസിഡന്റായ ശ്രീനാരായണ ക്ളബുകളുടെ സെൻട്രൽ കമ്മിറ്റിയെയാണ്. ഈ കമ്മിറ്റിയുടെ സഹായത്തോടെ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന രൂപീകരിച്ച് മെഡിക്കൽ കോളേജിന്റെ പ്രവർത്തനമാരംഭിച്ചു. ട്രസ്റ്റ് ഭാരവാഹികൾ സ്വദേശത്തും വിദേശത്തും സഞ്ചരിച്ച് കൂടുതൽ അംഗങ്ങളെ ചേർത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുമായിരുന്നു കൂടുതൽപേർ ചേർന്നത്. ഇവരുടെ ഭഗീരഥപ്രയത്നത്തിന്റെ ഫലമായി 350 കോടിയിലധികം രൂപ സമാഹരിച്ചാണ് സ്‌നിംസ് ആരംഭിച്ചത്. ലക്ഷ്യബോധവും സുതാര്യതയും കൂട്ടായ ശ്രമവുമുണ്ടെങ്കിൽ ബൃഹത്തായ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ധനകാര്യ മേഖലയുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച അഗ്രോ ഇൻഡസ് ഫിനാൻസ് ആൻഡ് ലീസിംഗ് (ഇന്ത്യ) ലിമിറ്റഡ്, അഗ്രോ ഇൻഡസ് സെക്യൂരിറ്റീസ്, സൺറൈസ് റിസോർട്ട് ആൻഡ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ. ഒന്നിന്റെയും ഉടമസ്ഥതയോ, ഭരണസാരഥ്യമോ ആഗ്രഹിച്ചല്ല സാധാരണക്കാരെ ഈ മേഖലയിലേക്ക് കൊണ്ടുവന്ന്, ജനകീയ സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സൗമ്യനും, നിശബ്ദനും ആയിരിക്കുമ്പോൾ തന്നെ ഉത്‌പതിഷ്ണുവും, മനസുണ്ടെങ്കിൽ മാർഗവും ഉണ്ടാകുമെന്ന് സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച ഡോക്ടർ കെ.ആർ. രാജപ്പൻ ഒരു പാഠപുസ്തകമാണ്.
(ലേഖകൻ മുൻ അഡിഷണൽ ലേബർ കമ്മിഷണറും തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റിന്റെ പേട്രനുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |