കൊച്ചി: മുതിർന്ന കേരള കോൺഗ്രസ് നേതാവും യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി. തോമസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ പാർട്ടി ചുമതല വഹിക്കുന്ന പ്രകാശ് ജാവദേക്കർ വിക്ടറിനെ സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എസ്. സൂരജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു എന്നിവരും പങ്കെടുത്തു.
വികസനത്തിൽ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കാഴ്ചപ്പാടുകളിൽ ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് വിക്ടർ ടി. തോമസ് പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയംമുതൽ കേരള കോൺഗ്രസിന്റെ ഭാഗമായിരുന്നു വിക്ടർ. കെ.എം.മാണിയുമായി അടുപ്പം പുലർത്തിയിരുന്നെങ്കിലും പി.ജെ. ജോസഫ് വിഭാഗത്തിലാണ് ഒടുവിൽ പ്രവർത്തിച്ചത്. രണ്ടാഴ്ചമുമ്പ് പാർട്ടിയിൽനിന്ന് രാജിവച്ചിരുന്നു.
സുശക്ത കേരളം, സംതൃപ്ത കേരളം എന്ന കെ.എം. മാണിയുടെ മുദ്രാവാക്യം സഫലമാക്കാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് വിക്ടർ പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിലൂടെയേ കേരളത്തിനും രക്ഷപ്പെടാൻ കഴിയൂ എന്നും വ്യക്തമാക്കി.
തൃശൂരിൽ അമിത്‌ഷാ നടത്തിയ റാലിക്കുശേഷം കേരളത്തിലുണ്ടായ മാറ്റമാണ് വിക്ടർ ടി. തോമസിനെപ്പോലുള്ളവർ ബി.ജെ.പിയിലെത്തിയതെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. ക്രൈസ്തവമേലദ്ധ്യക്ഷന്മാർ അനുകൂലമായി സംസാരിച്ചതും അനിൽ ആന്റണിയുടെ വരവും കേരളം മാറിച്ചിന്തിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിൽനിന്ന് ബി.ജെ.പിക്ക് വ്യാപകമായ സ്വീകരണവും പിന്തുണയും ലഭിക്കുന്നതിന്റെ ഭാഗമായി കൂടുതൽപേർ എത്തുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |