ഖാലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതാവുമായ അമൃത്‌പാൽ സിംഗ് ഒരുമാസം നീണ്ട ഒളിവിന് ശേഷം അറസ്റ്റിലായിരിക്കുകയാണ്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി തലവൻ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ സ്വദേശമായ മോഗ ജില്ലയിലെ ഒരു ഗുരുദ്വാരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കീഴടങ്ങിയതാണെന്നാണ് ഇയാൾ അവകാശപ്പെടുന്നതെങ്കിലും രഹസ്യവിവരം ലഭിച്ച പൊലീസ് അതിനുമുമ്പുതന്നെ ഗുരുദ്വാര വളഞ്ഞിരുന്നു. ഇയാളുടെ യു.കെ. പൗരത്വമുള്ള ഭാര്യ ഇംഗ്ളണ്ടിലേക്കു പോകാൻ നടത്തിയ ശ്രമം പൊലീസ് എയർപോർട്ടിൽ തടഞ്ഞിരുന്നു. ഇവർ തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഭാര്യയും അറസ്റ്റിലാകുമെന്ന് വന്നതോടെയാണ് രാജ്യം വിടാനുള്ള ശ്രമം ഉപേക്ഷിച്ച് ഈ വിഘടനവാദി പൊലീസിന് പിടികൊടുത്തതെന്ന് വാർത്തകളുണ്ട്. എന്തായാലും ഇയാൾ അറസ്റ്റിലായത് പഞ്ചാബിലും പുറത്തുമുള്ള സമാധാനകാംക്ഷികളായ ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.
കൊലപാതകശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാളുടെ സംഘടനയ്ക്ക് ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചില അയൽരാജ്യങ്ങളുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു. പഞ്ചാബിൽ ഇതാദ്യമായല്ല വിഘടനവാദം ഉടലെടുക്കുന്നത്. ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള വിഘടനവാദം നിരവധി രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾക്ക് വഴിവയ്ക്കുകയും വർഷങ്ങൾ നീണ്ടുനില്‌ക്കുകയും ചെയ്തിരുന്നു. ഒടുവിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉത്തരവിൽ സുവർണക്ഷേത്രത്തിൽ പട്ടാളം നടത്തിയ ബ്ളൂസ്റ്റാർ ഓപ്പറേഷനോടെയും ഭിന്ദ്രൻവാലയുടെ വധത്തോടെയുമാണ് ഖാലിസ്ഥാൻ വാദം അസ്തമിച്ചത്. അതിന് പട്ടാളക്കാരുടെയും പൊലീസുകാരുടെയും നിരവധി സാധാരണക്കാരുടെയും ജീവൻ ബലികൊടുക്കേണ്ടിവന്നു.
സാധാരണരീതിയിൽ ഒരു സ്ഥലത്ത് വിഘടനവാദം ഉടലെടുക്കുന്നത് അവിടത്തെ ജനങ്ങൾ ഏതെങ്കിലും രീതിയിൽ അടിച്ചമർത്തലിനും അവഗണനയ്ക്കും വിധേയമാകുമ്പോഴാണ്. ബംഗ്ളാദേശിലും ശ്രീലങ്കയിലുമൊക്കെ അതാണ് നമ്മൾ കണ്ടത്. എന്നാൽ പഞ്ചാബിലെ സിക്കുകാർ ഒരുവിധത്തിലുമുള്ള വേർതിരിവുകൾ നേരിടുന്നവരല്ല. അവശ്യത്തിലധികം ധനവും വിദേശരാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങളുമാണ് പലപ്പോഴും അവിടെ വിഘടനവാദത്തിന് വെള്ളവും വളവുമാകുന്നത്. ഇത് ഒരുതരത്തിലും ഒരു ഫെഡറൽ രാജ്യമായ ഇന്ത്യയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ഇതുപോലുള്ള അമൃത്‌പാലുമാരെ മുളയിലേതന്നെ നുള്ളിക്കളയേണ്ടതാണ്. ദേശീയ സുരക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ഒന്നിന്റെയും അവസാനമല്ല. പോരാട്ടം തുടരും എന്നാണ് അറസ്റ്റിലാകുന്ന വേളയിൽ ഇയാൾ പറഞ്ഞത്. മറ്റൊരു ഭിന്ദ്രൻവാലയാകാൻ ശ്രമിച്ച ഇയാൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |