SignIn
Kerala Kaumudi Online
Sunday, 18 August 2024 4.22 PM IST

കൊച്ചി വാട്ടർ മെട്രോ; കുതിക്കട്ടെ ഗതാഗതവും വിനോദസഞ്ചാരവും

photo

കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി വാട്ടർ മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കപ്പെടുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്കു നൽകിയ മറ്റൊരു ഉറപ്പുകൂടി യാഥാർത്ഥ്യമാവുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനവുമാണ് (ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം) . കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമാണിത്.

ഒരുകാലത്ത് ജലഗതാഗത സംവിധാനങ്ങളെ നല്ല നിലയിൽ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പിൽക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി. എന്നാൽ അവയുടെ സാദ്ധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരണവും കൊച്ചി വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കിയതുമെല്ലാം ആ വീക്ഷണം പ്രാവർത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗതയേറിയതുമായ പൊതുഗതാഗത
സംവിധാനങ്ങൾ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാവുകയാണ്.

കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയ്ക്ക്
1,136.83 കോടി രൂപയാണ് ചെലവ്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ള്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു. പദ്ധതിയുടെ ആദ്യ
ഘട്ടമായാണ് ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും
വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമുള്ള സർവീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം.
വൈറ്റിലയിൽ നിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും. പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താൻ സാധിക്കും.
കൊച്ചിൻ കപ്പൽനിർമ്മാണശാലയാണ് കൊച്ചി വാട്ടർ മെട്രോയ്ക്കു വേണ്ട
ബോട്ടുകൾ തയ്യാറാക്കുന്നത്. അലൂമിനിയം ഉപയോഗിച്ചു നിർമ്മിക്കുന്ന
അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകൾ ഭാരംകുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ് (എൽ റ്റി ഒ) ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുന്നവയാണ്. മാത്രമല്ല, അവ വേഗത്തിൽ
ചാർജ്ജ് ചെയ്യാനാവുകയും ചെയ്യും. ഇന്ന് വ്യാവസായിക അടിസ്ഥാനത്തിൽ ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളിൽ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. ഒരു സ്റ്റേറ്റ് ഒഫ് ദി ആർട്ട് ഓപ്പറേറ്റിംഗ് കൺട്രോൾ സെന്ററിൽ (ഒ.സി.സി) നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. യാത്രക്കാർക്ക് ഇത്രയധികം സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനോടകംതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് 2022ൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചിരുന്നു.
ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുൾപ്പെടെ ബോട്ടുകളുമായി ഒരേ ലെവലിൽ നിൽക്കാൻ കഴിയുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളിൽ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ട് യാത്രയ്‌ക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളുമുണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത്തരം സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്ന് പറയുന്നത്.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉൾപ്പെടെ ഏത് പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടി
വരുന്നുണ്ട്. അതിനു സഹായകരമായ ബോട്ടുസർവീസുകൾ
നിലവിലുണ്ടെങ്കിലും അവ അപര്യാപ്തമാണെന്നായിരുന്നു
പൊതുവിലുള്ള വിലയിരുത്തൽ. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ്
കൊച്ചി വാട്ടർ മെട്രോയിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും. ഇത് കുറഞ്ഞ തോതിൽ മാത്രം മലിനീകരണം സൃഷ്ടിക്കുന്ന സുസ്ഥിര ഗതാഗത സംവിധാനമാണ്. കാരണം, ഇത് പ്രവർത്തിക്കുന്നത് പുനരുപയോഗ സാദ്ധ്യതയുള്ള ഊർജ്ജസ്രോതസുകളെ ആശ്രയിച്ചാണ്. ഇതിന് വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളോ ഭൂവിനിയോഗമോ വേണ്ടിവരുന്നില്ല. അതുകൊണ്ടൊക്കെത്തന്നെ കായലിലെ ആവാസവ്യവസ്ഥയെയും സസ്യ-ജന്തുജാലങ്ങളെയും സംരക്ഷിക്കുന്ന
പ്രവർത്തനങ്ങൾക്ക് ഈ പദ്ധതിയൊരു മുതൽക്കൂട്ടായി മാറും.
ആദ്യ ഘട്ടത്തിൽത്തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക്
യാത്ര ചെയ്യാനാവും. ഇത് കൊച്ചിയിലെ തിരക്കും നഗരത്തിന്റെ കാർബൺ ഫുഡ്പ്രിന്റും കുറയ്ക്കാൻ സഹായിക്കും.

പദ്ധതി പൂർണസജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവു വരുത്താം. ആ നിലയ്ക്ക്, കേരളത്തെ കാർബൺ ന്യൂട്രലാക്കി മാറ്റാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കൊച്ചി വാട്ടർ മെട്രോ വലിയ ഊർജ്ജം പകരും.
പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ നഗര ജലഗതാഗതത്തിനായി ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി മാറും കൊച്ചി വാട്ടർ മെട്രോ. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീർന്നിട്ടുള്ള കേരളം നഗരഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാൻ പോവുകയാണ്. നമ്മൾ ഒരുമിച്ച് സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാതൃകാപരമായ പൊതുഗതാഗത സൗകര്യങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടർ മെട്രോ. ഇന്ന് അത് ഓരോ
കേരളീയന്റെയും സ്വപ്നസാക്ഷാത്ക്കാരമാവുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WATER METRO
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.