16കാരിക്ക് സുരക്ഷ
ഒരുക്കാൻ നിർദ്ദേശം
ന്യൂ ഡൽഹി: ലൈംഗിക പീഡന പരാതികളിൽ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഡൽഹി പൊലീസ് കേസെടുത്തെന്ന് സൂചന. പിന്നാലെ, ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ ബ്രിജ് ഭൂഷൺ സന്നദ്ധത പ്രകടിപ്പിച്ചു. ആറു തവണയായി എം.പിയും അയോദ്ധ്യ മേഖലയിലെ ശക്തനായ ബി.ജെ.പി നേതാവുമാണ് ബ്രിജ് ഭൂഷൺ.
ഗുസ്തി താരങ്ങൾ നൽകിയ ഹർജി പരിഗണിക്കവേ, കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ ബോധിപ്പിച്ചതിനു പിന്നാലെയാണ് നടപടിയുണ്ടായത്. പതിനാറു വയസുകാരിയടക്കം ഏഴുതാരങ്ങൾ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ സീനിയർ ഗുസ്‌തി താരങ്ങൾ ജന്തർ മന്തറിൽ രാപ്പകൽ സമരം തുടരുകയാണ്.
പരാതിപ്പെട്ട 16 വയസ്സുകാരിയായ ഗുസ്‌തി താരത്തിന്റെ ജീവന് ഭീഷണിയുണ്ടോയെന്ന് വിലയിരുത്തി സുരക്ഷയൊരുക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഡൽഹി പൊലീസ് കമ്മിഷണറോട് നിർദേശിച്ചു. മറ്റ് ആറ് താരങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് പൊലീസിന് തടസമില്ലെന്നും കോടതി പറഞ്ഞു. പതിനാറുകാരിയുടെ സുരക്ഷയിൽ ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ ആശങ്ക ഉന്നയിച്ചിരുന്നു. വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറുകയും ചെയ്‌തു. താരത്തിന്റെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മേയ് അഞ്ചിന് മുൻപ് പൊലീസ് കമ്മിഷണർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
വനിതാ ഗുസ്‌തി താരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ പൊലീസ് കമ്മിഷണർക്ക് കൈമാറാൻ സോളിസിറ്റർ ജനറലിന് നിർദേശവും നൽകി. രേഖകളിലെ വിവരങ്ങളുടെ രഹസ്യസ്വഭാവം പൊലീസ് കമ്മിഷണർ കാത്തുസൂക്ഷിക്കണം. മേയ് അഞ്ചിന് ഹർജികൾ വീണ്ടും പരിഗണിക്കും.
പരാതി
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 14 കേസുകളുണ്ട്
2011മുതൽ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തുള്ള ബ്രിജ് ഭൂഷണിൽ നിന്ന് 2012 മുതൽ മോശമായ അനുഭവമുണ്ടായെന്നാണ് ഗുസ്തി താരങ്ങളുടെ പരാതി
ഇക്കഴിഞ്ഞ ജനുവരിയിൽ അന്വേഷണ സമിതി രൂപീകരിച്ചു, പക്ഷെ ഒന്നും സംഭവിച്ചില്ല
പരാതി റിട്ടയേർഡ് ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത്.
സമരം തുടരുമെന്ന്
ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നത് വരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. സുപ്രീം കോടതിയിൽ വിശ്വാസമുണ്ട്. ബ്രിജ് ഭൂഷണെ ശിക്ഷിക്കുന്നത് വരെ പോരാട്ടം തുടരും. അവർ വ്യക്തമാക്കി. പ്രതിഷേധം നടത്തുന്നത് ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയിലാണ്. പി.ടി. ഉഷയുടെ വാക്കുകൾ തങ്ങളെ വേദനിപ്പിച്ചു. ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് ബജ്റംഗ് പൂനിയ പറഞ്ഞു. പി.ടി. ഉഷയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പി.ടി. ഉഷ കായിക താരങ്ങളെ അവഗണിച്ചെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |