ഇന്ത്യയിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കിടയിൽ വിവാഹമോചനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി വർദ്ധിച്ചിട്ടുണ്ട്. വിവാഹമോചനം നേടാതെ അകന്ന് കഴിയുന്ന ദമ്പതികളുടെ എണ്ണവും കുറവല്ല. വിഭിന്ന സാഹചര്യങ്ങളിൽ വളർന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള മാന്യമായ ഒരു കരാറാണ് ദാമ്പത്യം. വിശ്വാസവും സ്നേഹവുമാണ് ദാമ്പത്യജീവിതത്തിന്റെ അടിത്തറ. പരസ്‌പരം അംഗീകരിച്ചുകൊണ്ടുള്ള വിട്ടുവീഴ്‌ചകളാണ് ഈ അടിത്തറ ഉറപ്പിക്കുന്നത്. ഭിന്നതകളും പിണക്കങ്ങളും ഇല്ലാത്ത ദാമ്പത്യജീവിതം എന്നത് സങ്കല്‌പങ്ങളിൽ മാത്രമുള്ളതാണ്. ദാമ്പത്യജീവിതം അഭിമുഖീകരിക്കേണ്ടിവരുന്നത് കഠിനമായ യാഥാർത്ഥ്യങ്ങളാണ്. അതിൽ സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ ഒട്ടേറെ വൈകാരിക ഘടകങ്ങൾ കടന്നുവരും. ഇതിനെ ദമ്പതികൾ ഒന്നിച്ചാണ് നേരിടേണ്ടത്. അതിന് കഴിയാതെ വന്നാൽ ദാമ്പത്യജീവിതം തകരും. ഒരിക്കലും യോജിക്കാനാകാത്ത വിധം തകർന്ന ബന്ധങ്ങൾ എത്രയും വേഗം വേർപിരിയുന്നതു തന്നെയാണ് ഉത്തമം. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം സംയുക്ത ഹർജി സമർപ്പിച്ചാൽ പോലും വിവാഹമോചനം ലഭിക്കാൻ രണ്ടുവർഷം വരെ കാത്തിരിക്കേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 1955 ലെ ഹിന്ദു വിവാഹ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. വിവാഹ മോചനത്തിന് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്റെ പേരിൽ വ്യക്തികൾ അനുഭവിക്കുന്ന ദുരിതവും പ്രതിസന്ധികളും വർഷങ്ങളായി തുടർന്നുവരികയാണ്. ഇതിനൊരു പരിഹാരമാണ്, നിയമപ്രകാരമുള്ള കാത്തിരിപ്പിന്റെ കാലയളവ് പരിഗണിക്കാതെ തന്നെ സുപ്രീംകോടതിക്ക് വിവാഹമോചനം അനുവദിക്കാമെന്ന അഞ്ചംഗ ഭരണഘനാ ബെഞ്ചിന്റെ സുപ്രധാന വിധി.
ഭരണഘടനയിലെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷാധികാരമാവും ഇതിനായി സുപ്രീംകോടതി ഉപയോഗിക്കുക. ദീർഘകാലമായി വേർപിരിഞ്ഞ് കഴിയുന്നതും യോജിക്കാനാവാത്തവിധം തകർന്നതും വിവാഹമോചനമാണ് ഏക പോംവഴിയെന്ന് ബോദ്ധ്യപ്പെടുന്നതുമായ കേസുകളിലാവും കോടതി ഇടപെടുക. ദമ്പതികളിൽ ഒരാൾ എതിർത്താലും സമ്പൂർണ നീതിയുടെ നടത്തിപ്പിന് അനിവാര്യമെന്ന് ബോദ്ധ്യപ്പെട്ടാൽ വിവാഹമോചനം കോടതി അനുവദിക്കും. വിവാഹമോചന ഹർജി സമർപ്പിച്ചാലും ദീർഘനാൾ കാത്തിരിക്കേണ്ടിവരുന്ന അപാകതയ്ക്കാണ് ഇതോടെ അന്ത്യമാകുന്നത്. നിയമ വ്യവസ്ഥകൾക്കപ്പുറം സമ്പൂർണ നീതി ഉറപ്പാക്കുന്നതിനാണ് പ്രാധാന്യമെന്ന വാദത്തിന് അടിവരിയിടുന്നതാണ് ഈ വിധി. അതേസമയം സുപ്രീംകോടതിയുടെ ഇടപെടൽ അവകാശമായി കക്ഷികൾക്ക് ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതാകട്ടെ യഥാർത്ഥത്തിൽ പരിഗണന അർഹിക്കുന്ന കേസുകൾ മാത്രം കോടതിക്ക് മുന്നിൽ വരാൻ ഇടയാക്കുന്നതാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹിന്ദു വിവാഹമോചന നിയമത്തിൽ വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരും ആലോചിക്കേണ്ടത് ആവശ്യമാണ്. ഒരിക്കലും യോജിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചവരെ വീണ്ടും കാത്തിരിക്കാൻ നിർബന്ധിക്കുന്നതിൽ ന്യായമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |