ഗതാഗതസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ച എ.ഐ ക്യാമറകൾ ഫലത്തിൽ സർക്കാരിനെ വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വിവാദമായിക്കഴിഞ്ഞു. സർക്കാരിനു നിഷേധിക്കാനാകാത്ത തരത്തിൽ ഇടപാടുകളിൽ അടിമുടി ദുരൂഹതകളും അഴിമതിക്കറയും നിറഞ്ഞതാണ് ക്യാമറാ കരാറുകളെ സംശയനിഴലിലാക്കിയത്. കഥയില്ലാത്ത അഴിമതിയാരോപണമെന്ന് പറഞ്ഞ് തള്ളിക്കളയാനാകാത്തവിധം ഓരോ ദിവസം കഴിയുന്തോറും അതിനു ബലമേറുന്നു. ഏറ്റവുമൊടുവിൽ ആരോപണം എവിടെവരെ ചെന്നെത്തിയെന്ന് കണ്ട് ജനങ്ങളിൽ വലിയൊരു വിഭാഗം അന്തംവിട്ടുനില്‌ക്കുകയാണ്.
റോഡ് ഗതാഗതം ചിട്ടപ്പെടുത്താനും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ കഴിയുന്നിടത്തോളം അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ടു സ്ഥാപിച്ച ക്യാമറകൾ ഇതുവരെ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഏപ്രിൽ 20 മുതൽ ക്യാമറ ഒന്നടങ്കം പ്രവർത്തിപ്പിച്ച് ഗതാഗത നിയമലംഘകർക്ക് കനത്ത തോതിൽ പിഴയിടാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പുകളൊന്നുമില്ലാതെ ഒരു സുപ്രഭാതത്തിൽ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ ജനങ്ങളിൽ നിന്നു വ്യാപകമായ പ്രതിഷേധവും ആശങ്കയും ഉയർന്നു. തുടർന്നാണ് നടപടികൾ ഒരുമാസത്തേക്ക് നീട്ടിവച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതുക്കിയ തീരുമാനപ്രകാരം ഈ മാസം ഇരുപതു മുതൽ നിയമലംഘകരെ കണ്ടെത്തി ക്യാമറകൾ പണി തുടങ്ങുമെന്നാണ് അറിയിപ്പ്. സംസ്ഥാനമൊട്ടാകെ എ.ഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 232 കോടി രൂപയുടെ കരാറാണ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേതൃത്വത്തിൽ നടപ്പായത്. കരാർ നേടിയ കെൽട്രോൺ അതു മറ്റു ചില കമ്പനികൾക്ക് ഉപകരാറായി നല്‌കുകയായിരുന്നു. ഉപകരാർ ലഭിച്ച കമ്പനികളാകട്ടെ ഭരണനേതാക്കൾക്ക് അതീവ താത്‌പര്യമുള്ളവരുമാണ്. കരാറുകൾ അടിമുടി ദുരൂഹതകൾ നിറഞ്ഞതാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന രേഖകൾ. ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ ഒട്ടേറെ കാര്യങ്ങളടങ്ങിയ കരാറുകൾ എങ്ങനെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ കർക്കശ നിരീക്ഷണങ്ങൾക്കു വിധേയമാകാതെ കടന്നുകൂടിയെന്നത് അവിശ്വസനീയം തന്നെയാണ്. കരാറുകളുമായി ബന്ധപ്പെട്ടു പുറത്തുവന്ന രേഖകളെല്ലാം സർക്കാരിനെ ആഴത്തിൽ മുറിവേല്പിക്കുന്നതാണ്. ആരോപണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കു വരെ നീണ്ടുചെന്ന പശ്ചാത്തലത്തിൽ വിശ്വാസ്യത നിലനിറുത്താൻ സർക്കാർ എന്തെങ്കിലും അടിയന്തര നടപടി സ്വീകരിച്ചേ മതിയാവൂ.
നിരത്തുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ച നടപടി വിവാദമായിക്കഴിഞ്ഞ സ്ഥിതിക്ക് ഇതിന്റെ മുഴുവൻ വിശദാംശങ്ങളും പുറത്തുകൊണ്ടുവരുന്ന തരത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമായിരിക്കുകയാണ്.
ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് കരാർപ്രകാരം കമ്പനികൾക്ക് അതിന്റെ വില പൂർണമായും നല്‌കിയോ എന്ന് വ്യക്തമാക്കണം. ഇടപാടിൽനിന്ന് സർക്കാരിനു തലയൂരാനുള്ള പഴുതുണ്ടെന്നാണ് സൂചന. കരാർ വ്യവസ്ഥാ ലംഘനത്തിന്റെ പേരിൽ കെൽട്രോണുമായുള്ള ഇടപാടു വേണ്ടെന്നുവയ്ക്കാൻ മോട്ടോർ വാഹന വകുപ്പിനു സാധിക്കും. ഇത്തരം സാദ്ധ്യതകൾ ഉള്ളപ്പോൾത്തന്നെ ക്യാമറാ കരാർ സർക്കാരിന്റെ യശസ്സിനെ കളങ്കപ്പെടുത്തിയ സ്ഥിതിക്ക് എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അന്വേഷണത്തിന് ഉത്തരവിട്ടാലും തരക്കേടില്ല. വിമർശകരുടെ വായടപ്പിക്കാൻ മാത്രമല്ല ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഉടനെ അതു തിരുത്താൻ നടപടിയെടുത്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ഇത്തരത്തിൽ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഏതായാലും രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം തുടങ്ങുന്നതിനുമുമ്പ് ക്യാമറ പരത്തിയ കരിനിഴലിൽ നിന്ന് സർക്കാർ പുറത്തുവരേണ്ടത് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |