SignIn
Kerala Kaumudi Online
Wednesday, 14 January 2026 11.20 AM IST

ഉടയനെ പിടിക്കുന്ന നിർമ്മിതബുദ്ധി

Increase Font Size Decrease Font Size Print Page

photo

നിർമ്മിതബുദ്ധി ഉദയം ചെയ്തപ്പോൾ അത് സംബന്ധിച്ച ഫിക്ഷനുകളിലും വിശകലനങ്ങളിലും കണ്ട നിരീക്ഷണമായിരുന്നു അത് തിരിഞ്ഞ് ഉടയനെ പിടിച്ചുകെട്ടുമെന്നത്. ഒരർത്ഥത്തിൽ അത് കാണാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു കേരളീയർക്ക്. റോഡിലെ നിയമലംഘകരെ പിടിക്കാൻവച്ച നിർമ്മിതബുദ്ധി ക്യാമറകൾ തിരിഞ്ഞുനിന്ന് അത് സ്ഥാപിച്ചവരുടെ നിയമലംഘനങ്ങൾ പിടിക്കുന്ന കാഴ്ചയാണ് കേരളീയർ കണ്ടുകൊണ്ടിരിക്കുന്നത്. ഇനി എന്തെല്ലാം കാണേണ്ടിവരുമോ എന്തോ!

വൻതുക മുടക്കി ഇത്തരമൊരു പദ്ധതി രൂപപ്പെടുത്തിയത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. കേരളീയർ പൊതുവെ മണ്ടന്മാരാണെന്നും നിയമം ലംഘിക്കുന്നവർ ആണെന്നുമുള്ള വിശ്വാസം. എത്ര കത്തി ഫൈനടിച്ചാലും നിയമം ലംഘിച്ച് ക്യാമറയുടെ വായിൽച്ചെന്ന് ചാടി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നല്ല ലാഭമുണ്ടാക്കി കൊടുക്കുമെന്ന വിശ്വാസം. ആ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാൻ ബുദ്ധിമാന്മാരാണെന്നു ഞെളിയുന്ന നമുക്ക് കഴിയില്ലേ. നമ്മൾ എല്ലാ ട്രാഫിക് നിയമങ്ങളും അനുസരിക്കാൻ തീരുമാനിച്ചാൽ ഇവർ എന്ത് ചെയ്യും. അതൊരിക്കലും സംഭവിക്കില്ലെന്ന ഇവരുടെ വിശ്വാസം പൊളിച്ചടുക്കണം നമുക്ക്.


കെ.രാധാകൃഷ്ണൻ
മൺട്രോത്തുരുത്ത്

വന്യമൃഗ ശല്യം

ജീവിതം വഴിമുട്ടുന്നു

അഞ്ചൽ ഏരൂരിലെ പാക്കയം എന്ന മലയോര ഗ്രാമത്തിൽ ഇതെഴുതുന്നയാൾക്ക് വസ്തുവുണ്ട്. വന്യമൃഗശല്യം മൂലം കൃഷിചെയ്ത് ആദായമെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ആന മുതൽ എലി വരെ കർഷകന്റെ ശത്രുവായി വിഹരിക്കുന്നു. ഇവയുടെ ആവാസ കേന്ദ്രമായിരുന്ന വനം കേന്ദ്ര ഗവൺമെന്റ് വെട്ടിമാറ്റി റബർ, തേക്ക്, എണ്ണപ്പന എന്നിവ കൃഷിചെയ്തിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാത്ത അവസ്ഥയിൽ മൃഗങ്ങൾ മനുഷ്യവാസ മേഖലയിൽ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. മൃഗങ്ങളെ മനുഷ്യൻ കൊന്നാൽ അവനു കടുത്തശിക്ഷ, മനുഷ്യനെ മൃഗങ്ങൾ കൊന്നാൽ അതിന് സംരക്ഷണം. കേന്ദ്രം ചെയ്തിരിക്കുന്ന പ്രവൃത്തിക്കുള്ള ശിക്ഷ അനുഭവിക്കുന്നത് പാവം മലയോര നിവാസികളാണ്.

ജെ. സത്യഭാമ

നെടുങ്ങണ്ട

കടയ്‌ക്കാവൂർ

ഉണങ്ങിയ മരങ്ങൾ

ഭീഷണി ഉയർത്തുന്നു


കേരളത്തിൽ ജൂൺ ആദ്യമാണ് മൺസൂൺ എത്തുന്നത്. ഇവിടുത്തെ ദേശീയപാതകൾ, സംസ്ഥാന പാതകൾ, പ്രധാന റോഡുകൾ എന്നിവയുടെ വശങ്ങളിൽ ഒടിഞ്ഞു വീഴാറായ മരങ്ങൾ ധാരാളമുണ്ട്. അപകടഭീഷണി ഉയർത്തുന്ന മരങ്ങളും മരച്ചില്ലുകളും അടിയന്തരമായി മുറിച്ചു മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് കൂറ്റൻ മരം ഒടിഞ്ഞുവീണത്. റോഡിലൂടെ പോവുകയായിരുന്ന വാഹനയാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ആർ. ജിഷി
കൊട്ടിയം

പൊലീസ് മനസുകളെ

മരവിപ്പിച്ച ജോലിഭാരം


ഒരു സർക്കാരുദ്യോഗസ്ഥന്റെ സർക്കാർ നിശ്ചയിച്ച ഔദ്യോഗിക സേവനസമയം എട്ടുമണിക്കൂറാണ്. ഞായറാഴ്ച ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളും അവർക്കു ലഭിക്കും. 2011ൽ പൊലീസ് സേനയുടെ ജോലിസമയം എട്ടുമണിക്കൂറായി അംഗീകരിക്കുന്നതിനു മുൻപുവരെ പൊലീസിന്റെ അംഗസംഖ്യ കുറവായിരുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ യൂണിറ്റുകൾ ഒഴികെ, പൊലീസുകാരുടെ ജോലിസമയത്തിനു യാതൊരു സമയപരിധിയും ഉണ്ടായിരുന്നില്ല. എരിപൊരി വെയിലത്തും കോരിച്ചൊരിയുന്ന മഴയത്തും വിശ്രമമെന്തന്നറിയാതെ തികഞ്ഞ അച്ചടക്കത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ മിണ്ടാപ്രാണികളെപ്പോലെ മരവിച്ച മനസുമായി ജോലിചെയ്യേണ്ടി വന്നവരിൽ ഭൂരിപക്ഷവും വിരമിച്ചുകഴിഞ്ഞപ്പോൾ രോഗികളും അവശരുമായി. രോഗികളായവരിൽ നിരവധിപേർ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. ജനസംഖ്യയ്‌ക്ക് ആനുപാതികമായി പൊലീസ് സേനയുടെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ വിമുഖത കാണിച്ച സർക്കാരുകൾ പൊലീസുകാരെ ഉഴവുമാടുകളെപ്പോലെ പണിയെടുപ്പിച്ചതിന്റെ തിക്തഫലമാണ് ഇന്നീ വൃദ്ധർ അനുഭവിക്കുന്ന ദുരവസ്ഥ . അന്നു അമിതമായ ജോലിഭാരം അടിച്ചേൽപ്പിച്ച സർക്കാർ തന്നെ ഈ വൃദ്ധരോട് മുഖംതിരിക്കുകയാണ് .
രാജ്യത്തിന്റെ അതിർത്തികാത്തു സൂക്ഷിക്കുന്ന സൈന്യവും രാജ്യത്തിനകത്തു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി ക്രമസമാധാനം പരിപാലിക്കാൻ അക്ഷീണം ജോലിചെയ്യുന്ന പൊലീസ് സേനയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അതുകൊണ്ട് വിരമിച്ച സൈനികർക്കു വിമുക്തഭടൻ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഒരംശത്തിനെങ്കിലും വിരമിച്ച പൊലീസുകാർക്കും അർഹതയില്ലേ?

എം. പ്രഭാകരൻ നായർ

ഊരൂട്ടമ്പലം

TAGS: A I CAMERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.