പിള്ളേരെ പരിശോധിച്ച് , ഒ.പി കഴിഞ്ഞിറങ്ങാൻ നേരം 'അത്താഴപഷ്ണിക്കാരുണ്ടോ' എന്ന മോഡലിൽ സിസ്റ്റർ വിളിച്ച് ചോദിക്കും.
ഇനിയാരെങ്കിലുമുണ്ടോ?
അതൊരു പതിവാണ്.
അപ്പോഴാണ് ആശുപത്രിയിലെ സ്റ്റാഫ്, അവരുടെ ബന്ധുക്കൾ, അല്ലെങ്കിൽ അഡ്മിറ്റ് ചെയ്ത് കിടക്കുന്നവരുടെ ബന്ധുക്കൾ...... ഇവരൊക്കെ ചില്ലറ അസുഖങ്ങൾ കാണിക്കാനെത്തുന്നത്.
അന്ന് വന്ന 'അത്താഴപഷ്ണിക്കാരൻ' രൂപവും വേഷവും കണ്ട് സാഹിത്യകാരനോ കലാകാരനോ എന്ന് സംശയിക്കാവുന്ന, 45 വയസ് തോന്നുന്ന കക്ഷിയായിരുന്നു.
ഒ.പി കഴിഞ്ഞതുകൊണ്ട് മുറിയിലെ ട്രാൻസിസ്റ്റർ റേഡിയോ ഓൺചെയ്ത് ചലച്ചിത്ര ഗാനം കേൾക്കുകയായിരുന്നു ഞാൻ.
'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടും ചുറ്റി.....'
അയാൾ വന്നുകയറിയ ഉടൻ എന്നോട് ഒറ്റ ചോദ്യം !
' ഈ പാട്ടിന്റെ ഒരു വലിയ പ്രത്യേകത ഡോക്ടർക്കറിയാമോ? '
അപരിചിതനാണെങ്കിലും ചോദ്യം എനിക്ക് താത്‌പര്യമുള്ള രംഗമായതുകൊണ്ട് ഞാനുടനെ പറഞ്ഞു.
' ഹിന്ദിക്കാരനായ രവി ബോംബെ, ഒ.എൻ.വി സാർ എഴുതിയ വരികൾക്ക് മലയാളിത്തമുള്ള ട്യൂൺ ഒരുക്കിയ ഗാനം.
അതായത് ട്യൂണിട്ടിട്ട് വരികൾ എഴുതിയതല്ല. വരികൾ എഴുതിയിട്ട് ഹിന്ദിവാലാ ട്യൂൺ ചെയ്തത്.'
'സോറി ഡോക്ടർ......അതിനെക്കാൾ ഒരു വലിയ പ്രത്യേകതയുണ്ട്.'
ചിത്ര നന്നായി പാടിയ, അവാർഡ് കിട്ടിയ പാട്ട്.....
' അതാർക്കാണ് അറിയാത്തത്. ചിത്ര ഏതു പാട്ടാണ് മോശമായി പാടിയിട്ടുള്ളത് ....'
' നിങ്ങൾതന്നെ പറയൂ....' ഞാൻ പിൻവാങ്ങി.
'നഖക്ഷതം എന്ന ചിത്രത്തിലെ ഈ പാട്ടിൽ ആ സിനിമയുടെ മൊത്തം കഥയുണ്ട്.....'
പെട്ടെന്ന് ആ വരികൾ ഞാൻ ഓർത്തെടുത്തു.
ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തെ ഓർമ്മിപ്പിക്കുന്ന വരികൾ!
ശരിയാണല്ലോ! അതായിരുന്നല്ലോ കഥ!!
ഞാനയാളോട് ബഹുമാനത്തോടെ പറഞ്ഞു, ഇരിക്കൂ!
തോളിലെ സഞ്ചിയെടുത്ത് മേശപ്പുറത്തുവച്ച് പ്രേംകുമാർ എന്ന അയാൾ ഇരുന്നു.
' എനിക്ക് ലേശം ബി.പി യുണ്ട്. മരുന്ന് കഴിക്കുന്നുണ്ട്. സാമ്പത്തികം സർക്കാരിനെപോലെ ഒട്ടും മെച്ചമല്ല.....ഒ.പി ടിക്കറ്റെടുത്തില്ല. ബി.പി ഒന്ന് നോക്കിത്തന്നാൽ മതി.'
അതിനെന്താ. ഞാൻ ബി.പി നോക്കി.
ലേശം കൂടുതലാണല്ലോ പ്രേമകുമാരാ!
ആഹാരത്തിൽ ഉപ്പ്, ഇനിപ്പ്, കൊഴുപ്പ് എല്ലാം കുറയ്ക്കണം. നന്നായി നടക്കണം. ഉറങ്ങണം. മരുന്ന് മുടങ്ങാതെ കഴിക്കണം. കേട്ടോ.
അയാൾ നന്ദിപറഞ്ഞ് പോയി.
ഒരാഴ്ച കഴിഞ്ഞു. ഒരു സ്‌കൂളിലെ മോട്ടിവേഷൻ ക്ലാസ് കഴിഞ്ഞ് താമസിച്ചാണ് അന്ന് ഞാൻ ആശുപത്രിയിലെത്തിയത്.
ഒ.പി തീർന്നപ്പോഴേക്കും വൈകി.
അവിടെ അവസാനത്തെ ഊഴക്കാരനായി കാത്തിരിക്കുന്നു പ്രേംകുമാർ.
' ഡോക്ടർ കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ പോയെന്നറിഞ്ഞു. ഇന്ന് മാതാപിതാക്കളാണല്ലോ മക്കൾ എന്തു പഠിക്കണമെന്ന് തീരുമാനിക്കുന്നത്. കുട്ടികൾക്ക് താത്‌പര്യമുള്ള രംഗം തിരഞ്ഞെടുത്ത് അവർക്കിഷ്ടമുള്ള തൊഴിൽ ചെയ്യുന്നതല്ലേ നല്ലത് ഡോക്ടർ? '
ഞാൻ തലയാട്ടി സമ്മതിച്ചു.
' നല്ലൊരു ഉദാഹരണം എന്റെ കൈയിലുണ്ട്. നമ്മുടെ ഗായകൻ യേശുദാസ്! മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ കട്ടയ്ക്ക് ശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു?
യേശുദാസ് സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥനായി, അസോസിയേഷന്റെ വാർഷികത്തിനും റെസിഡന്റ്സ് അസോസിയേഷൻ മീറ്റിംഗുകൾക്കും പാടുന്ന കേവലമൊരു ഗായകനാകുമായിരുന്നു.
സംഗീതം ഒരു ജീവിതോപാധിയാക്കാൻ കഴിയാത്ത അന്നത്തെ അവസ്ഥയിൽ പോലും യേശുദാസ് തനിക്കിഷ്ടമുള്ള രംഗത്തേയ്ക്ക് ചുവടുമാറ്റിയതുകൊണ്ടല്ലേ നമുക്ക് ഗന്ധർവസംഗീതം കേൾക്കാൻ കഴിയുന്നത്.....
മാതാപിതാക്കൾക്ക് ഇതിലും വലിയ പാഠമുണ്ടോ? '
പ്രേംകുമാർ പറയുന്നത് ഞാൻ വായുംപൊളിച്ച് കേട്ടിരുന്നു.
പക്ഷേ ബി.പി നോക്കിയപ്പോൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ , നോർമലിൽ നിന്നും അല്‌പം കൂടിത്തന്നെ നിൽക്കുന്നു.
വീണ്ടും ചില മെഡിക്കൽ ഉപദേശങ്ങൾ കൊടുത്ത് ആഴ്ചതോറും വന്ന് ബി.പി നോക്കണമെന്ന് പറഞ്ഞ് വിട്ടു.
അങ്ങനെ പല ആഴ്ചകളിലും പ്രേംകുമാർ വരികയും ഓരോ തവണയും നമ്മൾ ആലോചിക്കാത്ത മേഖലകളിലെ വിവരങ്ങൾ, കണ്ടെത്തലുകൾ, പുതിയ ആശയങ്ങൾ എനിയ്ക്ക് പറഞ്ഞുതരികയും ചെയ്തുപോന്നു.
ഞാൻ പ്രേംകുമാറിന്റെ ഒരാരാധകനായി മാറി അയാളുടെ വരവിനായി കാത്തിരിക്കാൻ തുടങ്ങി.
എന്നാൽ ഓരോ തവണ വരുമ്പോഴും ബി.പി. കൂടിത്തന്ന നിന്നെന്നുമാത്രം.
ഒരിക്കൽ വന്നപ്പോൾ ഞാൻ ചോദിച്ചു.
പ്രേംകുമാർ, നിങ്ങൾ നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എല്ലാ കാര്യത്തിലും നല്ല വിവരമുള്ള ആളുമാണ് .
പക്ഷേ ബി.പി കുറയ്ക്കുന്നതിൽ അൽപം ജാഗ്രതക്കുറവുണ്ടല്ലോ ?
ഒരു ചെറുചിരിയോടെ അയാൾ പറഞ്ഞുതുടങ്ങി.
' ഡോക്ടർ പറയുന്നതൊക്കെ ഞാൻ അനുസരിക്കുന്നുണ്ട്. മരുന്നും ഡയറ്റും വ്യായാമവും ശ്രദ്ധിക്കുന്നുണ്ട്.
പിന്നെ, ബി.പി കുറയാത്തതിന്റെ ഒരു കാരണമായി ഞാൻ കാണുന്നതെന്താണെന്നു വെച്ചാൽ.....'
അയാൾ അർദ്ധോക്തിയിൽ നിറുത്തി.
' ഓരോ ആഴ്ച വരുമ്പോഴും ഞാൻ ഡോക്ടർക്ക് പുതിയ ചിന്തകൾ തരുന്നുണ്ടല്ലോ ......
വളരെയധികം ആലോചനകൾക്കും ധ്യാനമനനങ്ങൾക്കും ശേഷമാണ് അത്തരം ആശയങ്ങൾ രൂപംകൊള്ളുന്നത്. പലപ്പോഴും പിരിമുറുക്കവും അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടായിരിക്കും ബി.പി കുറയാത്തതെന്നാണ് എന്റെ ഒരു നിഗമനം.'
ഞാൻ സ്തബ്ധനായി ഇരുന്നുപോയി.
എന്റെ ബി.പി മെല്ലെ കൂടുന്നില്ലേ എന്നൊരു തോന്നൽ !
ലേഖകന്റെ ഫോൺ- 9447055050
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |