സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള സൈബർ അധിക്ഷേപം പ്രതികാരം തീർക്കാനുള്ള ഒരു പുതിയ വഴിയായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സൈബർ ആക്രമണത്തിന് വിധേയയായ കോട്ടയം കോതനല്ലൂർ വരകുകാലയിൽ വി.എം. ആതിര ജീവനൊടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. കാരണക്കാരനായ കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ ജീവനൊടുക്കി. ഫേസ്‌ബുക്കിൽ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിച്ചതിനെത്തുടർന്ന് വിവാഹത്തിന് തടസമുണ്ടായതാണ് യുവതി ആത്മഹത്യചെയ്യാൻ കാരണമായത്. കടുത്തുരുത്തി പൊലീസിൽ യുവതി നേരത്തേ പരാതി നല്‌കിയെങ്കിലും ഫലമുണ്ടായില്ല. പരാതി നല്‌കിയതിന് ശേഷവും യുവാവ് സൈബർ അധിക്ഷേപം തുടർന്നു.
സമാനമായ അനുഭവങ്ങൾ വർദ്ധിക്കാവുന്ന സാഹചര്യമാണ് കേരളത്തിൽ നിലനില്‌ക്കുന്നത്. ഇത് തടയാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്. സൈബർ അധിക്ഷേപം നടത്തുന്നവർക്കെതിരെ കൂടുതൽ ശക്തമായ നിയമങ്ങളുണ്ടാകണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ ഇരട്ടിയായെന്നാണ് റിപ്പോർട്ടുകൾ. 815 കേസുകളാണ് കഴിഞ്ഞവർഷം ഉണ്ടായത്. 2020-ൽ ഇത് 425 ആയിരുന്നു. യുവതികളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഭൂരിപക്ഷം കേസുകളും. പ്രേമബന്ധങ്ങൾ തകരുമ്പോൾ സൈബർ ആക്രമണം നടത്തി പകവീട്ടുന്ന ഒരു പുതിയ രീതിതന്നെ ഉണ്ടായിരിക്കുകയാണ്. വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജ ആരോപണങ്ങളും മോർഫ് ചെയ്ത ഫോട്ടോകളും മറ്റും ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളും വർദ്ധിച്ചുവരുന്നു. വ്യാജ പ്രൊഫൈലുകളും മറ്റും നിർമ്മിച്ചാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് എന്നതിനാൽ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പരിമിതികളുണ്ട്.
സമൂഹമാദ്ധ്യമങ്ങളിലൂടെ എന്ത് വൃത്തികേട് കാണിച്ചാലും വ്യക്തികൾക്കെതിരെ ഹീനമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞാലും ആരും ചോദിക്കാനില്ലെന്ന സാഹചര്യമാണ് ഇത്തരം വിളയാട്ടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നത്. അതിനാൽ ഇത്തരം സൈബർ പേക്കൂത്തുകൾ നടത്തുന്നവർക്കെതിരെ കേരള പൊലീസ് ആക്ട്, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ പ്രകാരം കർശനമായ നടപടികളെടുക്കാൻ പൊലീസ് തയ്യാറാകണം. ഇത്തരക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ വൈദഗ്ദ്ധ്യവും പരിശീലനവും കേസെടുക്കുന്നവർക്കും പ്രോസിക്യൂട്ടർമാർക്കും നല്‌കാനുമുള്ള പ്രത്യേക ശ്രദ്ധയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരിൽനിന്ന് ഭീമമായ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ നിയമത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാരണം അത്രമാത്രം പരിധിവിട്ട നിലയിലാണ് ഇപ്പോൾ സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നത്. ഒരുവശത്ത് നിയമങ്ങൾ കർക്കശമാക്കുന്നതിനൊപ്പം ഇതിനെതിരെയുള്ള ബോധവത്‌കരണവും നടക്കേണ്ടത് സമൂഹത്തിന്റെ സമാധാനത്തിന് ആവശ്യമാണ്. സൈബർ അധിക്ഷേപങ്ങൾ കേരളത്തെ ആശങ്കപ്പെടുത്തുന്ന വൻവിപത്തായി രൂപാന്തരപ്പെടാൻ അനുവദിക്കരുത്. സൈബർ അധിക്ഷേപത്തിന് തയാറാകുന്നവർ പിടിക്കപ്പെടുകയും കർശനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഈ വിപത്ത് തടയാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |