തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടുകളുമായി ബന്ധപ്പെട്ട് രേഖകളുടെ പിൻബലമില്ലാതെ ഒരു കാര്യവും തങ്ങളുന്നയിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. ഒരാരോപണവും തെളിയിക്കാനായിട്ടില്ലെന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്റെ വാദത്തോടായിരുന്നു പ്രതികരണം.
232 കോടി രൂപയുടെ പദ്ധതി 68 കോടിയിൽ തീരുമെന്ന് ലൈറ്റ് മാസ്റ്റർ കമ്പനിയുടെ എം.ഡി വ്യക്തമാക്കിയിട്ടുണ്ട്. എസ്.ആർ.ഐ.ടിക്ക് ടെൻഡർ ലഭിച്ചത് ക്രമവിരുദ്ധമായാണെന്ന് രേഖകൾ സഹിതം തങ്ങൾ സമർത്ഥിച്ചിട്ടുണ്ട്. എസ്.ആർ.ഐ.ടിക്ക് എന്ത് മുൻപരിചയമുണ്ടെന്ന് ചോദിച്ചതിന് ആരും മറുപടി പറഞ്ഞിട്ടില്ല.
എസ്.ആർ.ഐ.ടിക്കൊപ്പം മത്സരിച്ച അക്ഷര, അശോക കമ്പനികൾ കൂട്ടുകച്ചവടം നടത്തി ടെൻഡർ അടിച്ചെടുത്തുവെന്ന ആരോപണം ആരും നിഷേധിച്ചിട്ടില്ല. ടെൻഡറിൽ പങ്കെടുക്കാത്ത പ്രസാഡിയോ കമ്പനിയെ ഉപകരാറുകാരനാക്കിയെന്നതും രേഖാമൂലമാണ് സമർത്ഥിച്ചത്. വൻതോതിൽ വാഹനയാത്രക്കാരിൽ നിന്ന് പിഴ ചുമത്തി സ്വകാര്യകമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരമുണ്ടാക്കിയതിനെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുന്നത്.
ക്യാമറ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്ന ബാലന്റെ വാദം അടിസ്ഥാനരഹിതമാണ്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്കെതിരെ ആരോ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം.
കെൽട്രോണിന് ക്ലീൻ ചിറ്റ് കൊടുത്ത് വ്യവസായ വകുപ്പുമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണം ആർക്ക് വേണം?. കരാർ റദ്ദാക്കിയുള്ള ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടത്. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനുള്ള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന് ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായുള്ള ബന്ധം അന്വേഷിക്കണം. ഈ കമ്പനിയിൽ 90 ശതമാനം ഓഹരിയുള്ള ഡയറക്ടർ സുരേന്ദ്രകുമാർ സി.പി.എം സഹയാത്രികനാണ്. ഇയാൾ സി.പി.എമ്മിന് നൽകിയ സഹായവും അന്വേഷിക്കണം. പ്രസാഡിയോ കമ്പനിയുടെ വളർച്ച രാജ്യത്ത് അമിത്ഷായുടെ മകന്റെ കമ്പനിക്കുണ്ടായ വളർച്ചയ്ക്ക് സമാനമാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |