തമിഴ് ഭാഷയിലിറങ്ങിയ ചരിത്ര പ്രസിദ്ധമായ നോവലായ കൽകിയുടെ പൊന്നിയിൻ ശെൽവൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ജി. സുബ്രഹ്മണ്യനുമായി ഒരു അഭിമുഖം
ഇത്തരം വലിയ ഒരു കൃതി തന്നെ വിവർത്തനത്തിന് തിരഞ്ഞെടുത്തതിന് കാരണം?.
പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ നോവൽ 1970 കളിൽ കൽക്കി വാരികയിൽ പുന:പ്രസിദ്ധീകരണം ചെയ്തപ്പോൾ ഞാനത് മുടങ്ങാതെ വായിച്ചു. എത്ര വായിച്ചാലും വീണ്ടും വായിക്കാൻ തോന്നുന്ന മാസ്മരികത ഉള്ള ഒരു കൃതിയാണ് ആ പുസ്തകം. എണ്ണിയാൽ ഒടുങ്ങാത്ത തവണ ഞാൻ ആ പുസ്തകം വായിച്ചിട്ടുണ്ട്. എന്റെ വായനാനുഭൂതി മലയാളി വായനക്കാർക്ക് പകർന്നു നൽകാൻ എനിക്ക് ആഗ്രഹമുണ്ടായി. വളരെ ആകസ്മികമായി തന്നെ കൊവിഡ് കാലത്ത് ഈ പുസ്തകം മലയാളത്തിൽ വിവർത്തനം ചെയ്യാൻ ഞാൻ ആരംഭിച്ചു.
വിവർത്തനം പൂർത്തിയായപ്പോൾ മൂലകഥയോട് നീതി പുലർത്തി എന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും തോന്നുന്നുണ്ട്. തമിഴ് പുസ്തകവും എന്റെ പുസ്തകവും വായിച്ച വായനക്കാർ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പണ്ട് പൊന്നിയിൻ സെൽവൻ തമിഴിൽ വായിച്ച ഒരു വ്യക്തി മലയാളം പരിഭാഷ വായിച്ചതിനുശേഷം എന്നെ വിളിച്ചു അനുമോദിച്ചു. തമിഴ് പുസ്തകം വായിച്ച അതേ അനുഭവം അദ്ദേഹത്തിന് ലഭിച്ചു എന്നും അറിയിച്ചു.
മലയാളികൾക്ക് അത്ര പരിചിതമില്ലാത്തതുകൊണ്ട് ഈ വിവർത്തനം അവർ എങ്ങനെ സ്വീകരിക്കും എന്നാണ് കരുതിയത്?
പല വായനക്കാരും ഇത്രയേറെ പ്രസിദ്ധമായ ഒരു തമിഴ് കൃതി വായിക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് ഒരു സത്യമാണ്.അവർ അതിനെ സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
പുസ്തകത്തിന്റെ മഹത്വം കൽക്കി കൃഷ്ണ മൂർത്തിയുടെ കഥ പറയുന്ന ശൈലിയിലാണ് അധിഷ്ഠിതമായി ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ വരികളും ആശയങ്ങളും ഞാൻ അതേ പടി മലയാളത്തിലാക്കി. കടുകിട പോലും തെറ്റാതെ അത് ചെയ്യാൻ ഞാൻ വളരെ ശ്രദ്ധിച്ചിട്ടുണ്ട്.
ഇപ്പോൾ സിനിമ രൂപത്തിൽ വന്ന പൊന്നിയിൻ സെൽവൻ മലയാളികൾക്ക് കൂടുതൽ ആസ്വദിക്കാൻ ഈ വിവർത്തനം വായിക്കണമെന്നുണ്ടോ ?
ആ ഉദ്ദേശം വെച്ച് ഞാൻ വിവർത്തനം ചെയ്തതല്ല എങ്കിലും പലർക്കും അത് ഉപകാരമായി എന്ന് അറിയാൻ കഴിഞ്ഞു. ഈ വിവർത്തനം ആസ്വദിച്ച് വായിക്കുന്നവർക്ക് അത് മനസ്സിലാവും. പുസ്തകം വായിച്ചാൽ സിനിമ കൂടുതൽ ആസ്വദിക്കാം.
വിവർത്തനത്തിൽ താങ്കളെ ഏറ്റവും വിഷമിപ്പിച്ച കഥാസന്ദർഭങ്ങൾ ഏതൊക്കെയായിരുന്നു?
ഈ പുസ്തകത്തിന്റെ ഒരു തീവ്ര ആരാധകനായിരുന്ന നിലയ്ക്ക് എനിക്ക് ഒരിടത്തും ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. അതിൽ ഉണ്ടായിരുന്ന കവിതകൾ വരെ മലയാളത്തിൽ ആക്കാൻ എനിക്ക് കഴിഞ്ഞു. വിഷമിപ്പിച്ചത് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതും എഴുത്ത് തിരുത്തുന്ന പ്രക്രിയയും ആയിരുന്നു.
ഈ നോവലിൽ താങ്കൾക്ക് ഏറെ ആസ്വാദകരമായി തോന്നിയ ഭാഗങ്ങൾ ഏതൊക്കെയാണ്?
ഈ പുസ്തകത്തിന്റെ ഗതി, പതികാലത്തിൽ തുടങ്ങി കലാശത്തിലേക്ക് നീങ്ങുന്ന ഒരു മേളത്തിന് സമാനമാണ്. ഒരു പ്രസ്തുത ഭാഗം ചൂണ്ടിക്കാണിക്കാൻ ആവില്ല എന്നതാണ് സത്യം. എന്നിരുന്നാലും നന്ദിനി, വന്ദ്യദേവൻ, പൂങ്കുഴലി എന്നീ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ സൃഷ്ടി ഒരു വിസ്മയമായി ഇന്നും എനിക്ക് തോന്നാറുണ്ട്.
ഇത് യഥാർത്ഥത്തിൽ നടന്ന കഥയാണോ അതോ മിത്തുകൾ ഇടകലർന്ന് അവതരിപ്പിച്ചതാണോ?
നീലകണ്ഠശാസ്ത്രികൾ തുടങ്ങിയ പ്രസിദ്ധരായ തമിഴ് ചരിത്രകാരന്മാരുടെ കൃതികൾ പരിശോധിച്ച ശേഷമാണ് കൽക്കി കൃഷ്ണമൂർത്തി ഈ പുസ്തകം രചിക്കാൻ ആരംഭിച്ചത്. ചരിത്ര സംഭവങ്ങളെ തഴുകിയാണ് അദ്ദേഹം കഥ മെനഞ്ഞെടുത്തത്. കഥയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എല്ലാം ചരിത്രത്തിൽ ഉള്ളതാണ്. വന്ദ്യദേവൻ, നന്ദിനി, ആഴ്വാർക്കടിയാൻ തുടങ്ങി ഒട്ടേറെ സാങ്കല്പിക കഥാപാത്രങ്ങളെ അദ്ദേഹം കഥയിൽ സമന്വയിപ്പിച്ചു. ചരിത്ര സംഭവങ്ങൾ നടന്നതായി പറയപ്പെടുന്ന തമിഴ്നാട്ടിലും ശ്രീലങ്കയിലും ഉള്ള സ്ഥലങ്ങൾ എല്ലാം അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു. ഒരു കുറിപ്പ് പോലും എഴുതി വയ്ക്കാതെ അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും മാത്രം കഥ മെനഞ്ഞെടുത്ത് ആഴ്ചകൾ തോറും അദ്ദേഹം വാരികയിലേക്ക് കഥ അച്ചടിക്കാൻ കൊടുത്തു എന്ന് പറയുമ്പോൾ ആ അസാധാരണ പ്രതിഭയ്ക്ക് മുമ്പിൽ തലകുനിക്കാതെ വയ്യ.
ജി . സുബ്രഹ്മണ്യൻ
പാലക്കാട് ജില്ലയിലെ തത്തമംഗലത്ത് 1953ൽ ജനിച്ചു.ഭാഗീരഥി, ഗോപാലകൃഷ്ണ അയ്യർ എന്നിവർ മാതാപിതാക്കൾ.അമ്മ തമിഴ്നാട്ടിലെ ആർക്കോട്ട് ജില്ലയിലെ വെല്ലൂരിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽ തന്നെ തമിഴ് ഭാഷയും സാഹിത്യവുമായി പരിചയപ്പെടാൻ സാധിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. 1980ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. 2013ൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി വിരമിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായ സുബ്രഹ്മണ്യൻ ഇപ്പോൾ തൃപ്പൂണിത്തുറയിലാണ് സ്ഥിരതാമസം. ഭാര്യ ഗീത, മകൾ സുകന്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |