സിനിമാക്കാർ തന്നെ സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറയാൻ തുടങ്ങിയത് അടുത്തിടെയാണ്. അവർക്കിടയിൽ നിന്നുതന്നെ പരസ്യമായി എതിർപ്പിന്റെ ശബ്ദങ്ങൾ ഉയർന്നതോടെ സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ എക്സൈസിന് പിന്നാലെ ഷാഡോ പൊലീസും രംഗത്തിറങ്ങുകയാണ്. സിനിമാ സംഘടനകളുടെയും താരങ്ങളുടെയും വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വെളിപ്പെടുത്തി. റെയ്‌ഡിന് പുറമേ ഷാഡോ പൊലീസിനെ നിയോഗിച്ച് രഹസ്യമായി ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും കമ്മിഷണറുടെ നേതൃത്വത്തിൽ നടന്ന പ്രത്യേകയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം ശേഖരിച്ചുതുടങ്ങി. സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന രണ്ട് യുവനടന്മാരെ വിലക്കിയതിനെത്തുടർന്നാണ് സിനിമയിലെ ലഹരിവിവാദം ചർച്ചയായത്. ഇതിനെത്തുടർന്ന് താരങ്ങളുടെ സംഘടനയായ അമ്മയിലെ ചില അംഗങ്ങളും പരസ്യ വിമർശനം ഉയർത്തി.
മകനെ സിനിമയിൽ അഭിനയിക്കാൻ വിടാത്തത് ലഹരി ഉപയോഗിച്ചേക്കുമെന്ന ഭയം കൊണ്ടാണെന്നും സ്ഥിരം ലഹരി ഉപയോഗിക്കുന്ന ഒരു നടന്റെ പല്ലുകൾ ദ്രവിച്ചുതുടങ്ങിയെന്നുമുള്ള നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് വ്യാപകശ്രദ്ധ ലഭിച്ചിരുന്നു. ലഹരി ഉപയോഗത്തെ തുറന്നെതിർക്കുന്നവരെ വിമർശിക്കാനും പരിഹസിക്കാനുമുള്ള ശ്രമങ്ങളും സോഷ്യൽമീഡിയയിൽ തുടരുന്നു. സംഘടനകൾ ലഹരി ഉപയോഗത്തെ വിമർശിക്കുകയും ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നെങ്കിലും പരാതി നല്‌കാൻ തയ്യാറായിട്ടില്ല. പരാതി ഇല്ലാതെതന്നെ ലഹരിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ പൊലീസിന് അന്വേഷിക്കാതിരിക്കാനാവില്ല. പുതിയ കാലത്ത് രാസലഹരിയുടെ ഉപയോഗം വ്യാപകമായതാണ് പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. പൊലീസ് ഇടപെടൽ കൊണ്ടുമാത്രം പ്രതിരോധിക്കാൻ കഴിയുന്നതല്ല ഈ വിപത്ത്. ഇത്തരം ഇടപെടലുകളെ കൂടുതൽ പണം പിരിക്കാനുളള മാർഗമായിപ്പോലും പൊലീസിലെ ചിലർ ഉപയോഗിച്ചേക്കാം.
പലരും പ്രചരിപ്പിക്കുന്നതുപോലെ സിനിമാരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ലഹരികൾ ഉപയോഗിക്കുന്നവരല്ല. നേരിയ ശതമാനം ആളുകൾ മാത്രമാണ് ഇത്തരം ലഹരികൾ ഉപയോഗിക്കുന്നത് . ലഹരിയേക്കാൾ സിനിമയുടെ നിലനില്‌പിന് ഭീഷണി ഉയർത്തുന്ന പ്രശ്നം താരങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രതിഫലമാണ്. പ്രതിഫലം കുറപ്പിയ്ക്കാനുള്ള മറുതന്ത്രമാണ് ലഹരിയുടെ പേരിലുള്ള വിമർശനങ്ങൾ എന്ന ആക്ഷേപവും നിലനില്ക്കുന്നുണ്ട്. സിനിമാ വ്യവസായമാകെ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിത്. റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് വിജയിക്കുന്നത്. ബാക്കിയെല്ലാം തകർന്നടിഞ്ഞ് കോടികളുടെ നഷ്ടം വരുത്തിവയ്ക്കുന്നു. ഈ സാഹചര്യത്തിൽ താരങ്ങൾ മാത്രമല്ല സാങ്കേതികവിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കാറില്ല. ഇതിനിടയിൽ ലഹരിയുടെ പേരിലുള്ള പൊലീസ് ഇടപെടൽ കൂടിയാകുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും.
സിനിമാരംഗത്തെ മാത്രമല്ല, സമൂഹത്തെയാകമാനം ബാധിച്ചിട്ടുള്ള വൻ വിപത്താണ് ലഹരി ഉപയോഗവും വില്പനയും. ലഹരി വരുന്ന സ്രോതസുകൾ കണ്ടെത്തി അതു തടയുന്നതിനും എത്ര ഉന്നതരായാലും പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൊലീസിന് കഴിയണം. അപ്പോൾ മാത്രമേ ലഹരിയുടെ വ്യാപനം തടയാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |