തിരുവനന്തപുരം: അങ്ങ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഇങ്ങ് തിരുവനന്തപുരത്ത് എത്തിയപ്പോഴും ഇന്ദ്രൻസിന് തിരക്കു തന്നെ. വീട്ടിലെത്തിയപ്പോൾ ഭാര്യ ശാന്തകുമാരിക്കും പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർക്കും ഫോണിൽ വിളിച്ച കൂട്ടുകാർക്കും അവിടത്തെ വിശേഷങ്ങളറിയണം. ചൈനീസ് ഭാഷ എങ്ങനെയുണ്ട്. കോട്ടും സ്യൂട്ടുമിട്ട് ഉഷാറായിട്ടാണല്ലോ പോയത്. പിന്നെ ആ ന്യൂഡിൽസ് തിന്നാൻ പെട്ട പെടാപാട് . ഇതിനെക്കുറിച്ചൊക്കെ തന്നെ ചോദ്യങ്ങൾ.
ഷാങ്ഹായ് മേളയിൽ നിന്നും അവാർഡൊക്കെ നേടി എത്തിയപ്പോൾ തന്നെ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഫോൺ എത്തി. ഇവിടെ ഒരു കൊച്ചു മേളയുണ്ട്. ഒന്നു എത്തണം.
അങ്ങനെ വലിപ്പച്ചെറുപ്പം നോക്കാത്ത കക്ഷിയാണ് ഇന്ദ്രൻസ് എന്ന് കമലിന് നന്നായിട്ടറിയാം. ഉച്ചയ്ക്കു രണ്ടിനു തന്നെ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി എത്തി. അവിടെ കുട്ടിച്ചിത്രങ്ങളുടെ സംവിധായകരും ഡോക്യുമെന്ററി സംവിധായകരും ഒരുപോലെ ഇന്ദ്രൻസിനെ വരവേറ്റു. ആ തിരക്കിൽ നിന്നു കുറച്ചുമാറി സിറ്രി കൗമുദിയോട് അദ്ദേഹം വിശേഷങ്ങൾ പങ്കുവച്ചു.
ഷാങ്ഹായിൽ കാണാൻ ഭംഗിയുള്ളതൊക്കെ തവള വിഭവങ്ങൾ
ഗോവ ഫെസ്റ്റിവലായിരുന്നു കണ്ടതിൽ വച്ച് ഏറ്റവും വലിയ മേള. പരിചയമില്ലാത്ത സ്ഥലം, ആളുകൾ, നല്ല അനുഭവമായിരുന്നു. റെഡ് കാർപറ്റ് വിരിച്ചാണ് അവർ സ്വീകരിച്ചത്. ഇതൊക്കെ നമ്മൾ ടി.വിയിൽ മാത്രമല്ലേ കണ്ടിട്ടുള്ളൂ. വലിയ ആളുകളാണ് അവിടെ പങ്കെടുക്കാൻ എത്തിയത്. അവരുടെ ഇടയിൽ നമുക്കും അവസരം ലഭിച്ചു. ഞാൻ വിചാരിച്ചതിലും വലിയ ഫെസ്റ്റിവലായിരുന്നു ഷാങ്ഹായിലേത്. 50ലധികം തിയേറ്ററിൽ ഒരേ സമയം സിനിമകൾ പ്രദർശിപ്പിക്കുന്നു. ഒരുപാട് സിനിമകൾ കണ്ടു. അവിടെ ചെന്നിട്ട് പെട്ടുപോയി. എല്ലാവരെയും കണ്ടാൽ ഒരുപോലെ തന്നെയിരിക്കുന്നു. അതിൽ ഞാനും ഡോ. ബിജുവുമായിരുന്നു ചെറിയ മനുഷ്യർ. താടിയും മീശയുമില്ലാത്ത കുറേയാൾക്കാരെ കാണാൻ പറ്റിയതാണ് മറ്റൊരു സന്തോഷം.
ഭക്ഷണം കഴിക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടി. ഞാനാണെങ്കിൽ വെജിറ്രേറിയൻ. കൈയിലുള്ള അത്യാവശ്യം ഇംഗ്ലീഷും ആംഗ്യവുമൊക്കെയായി അഡ്ജസ്റ്റു ചെയ്തു. അവിടൊരു പയ്യന് എന്നെ ഭക്ഷണം കഴിപ്പിക്കാനൊക്കെ വലിയ ഇഷ്ടമായിരുന്നു. അവിടെ കാണാൻ ഭംഗിയുള്ളതൊക്കെ തവള വിഭവങ്ങളായിരിക്കും. എന്നാൽ ഉള്ളതൊട്ട് കൈകൊണ്ട് കഴിക്കാനും പറ്റില്ല.
ഇന്ത്യക്കാരെ വളരെ ബഹുമാനമാണ് അവിടെയുള്ളവർക്ക്. അവർക്ക് ഇന്ത്യൻ സിനിമയെന്നാൽ അടിയും പാട്ടുമൊക്കെയുള്ള ഹിന്ദി സിനിമയാണ്. അതുമാത്രമല്ല നമ്മുടെ സിനിമയെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ബുദ്ധിമുട്ടാണ്.
ഞാനിപ്പോഴും ഞെട്ടിക്കൊണ്ടിരിക്കുന്നു
എനിക്കിപ്പോൾ നിരന്തരമായി ഞെട്ടൽ തന്നെയാണ്. ഞാൻ തുടങ്ങിയിട്ടേയുള്ളൂ, ഇതുവരെ അഭിനയിച്ചതെല്ലാം റിഹേഴ്സൽ മാത്രം. പ്രേക്ഷകരാണ് ശരിക്കും സിനിമാക്കാർ. അവരാണ് സിനിമയെ ഏറ്റവുമധികം സ്നേഹിക്കുന്നത്. സിനിമയിൽ ഞാൻ സെലക്ടീവല്ല. ഏത് കഥാപാത്രവും ചെയ്യും. എങ്ങനെയോ വന്ന് പെട്ടതാണ് സിനിമയിൽ. നല്ല സിനിമകളുടെ ഭാഗമാകണം.
വെയിൽ മരങ്ങൾ എന്ന ഭാഗ്യം
സൂര്യന്റെ കീഴിലുള്ള ഒരുപാട് മരങ്ങളുടെയും മരങ്ങൾ പോലെയായ മനുഷ്യരുടെയും കഥയാണിത്. ഒരുപാട് ദൃശ്യഭംഗിയുണ്ടതിൽ. വെയിലും മഴയും മഞ്ഞും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ കാത്തിരുന്നു ഷൂട്ട് ചെയ്ത സിനിമയാണ്. അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു ദളിത് കുടുംബത്തിന്റെ കഥ. ഒരു നല്ല സംവിധായകനും ഛായാഗ്രാഹകനും ടീമും ഉള്ളതിനാൽ എനിക്ക് കൂടുതലായി ഒന്നും ചെയ്യേണ്ടിവന്നില്ല. വലിയ ഭാഗ്യമാണ് ഈ സിനിമയുടെ ഭാഗമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |