മലയാളികൾ കുടിയേറിയിട്ടില്ലാത്ത ഒരു സ്ഥലവും ലോകത്തുണ്ടാകില്ല. ഇന്ത്യയിലാകട്ടെ എല്ലാ സംസ്ഥാനങ്ങളിലും ജോലിസംബന്ധമായും കച്ചവടവുമായും ബന്ധപ്പെട്ട് മലയാളികൾ താമസിക്കുന്നുണ്ട്. തൊണ്ണൂറുകൾക്ക് മുമ്പ് അധികമാരും തൊഴിൽതേടി അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് വന്നിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നുള്ളവർ എസ്റ്റേറ്റുകളിലും മറ്റും കൂലിപ്പണിക്ക് വന്നിരുന്നു. നഗരങ്ങളിലേക്ക് വന്നവർ വസ്‌ത്രം ഇസ്‌തിരിയിടുന്നവരായി. കുറെപ്പേർ ചായക്കടയിൽ ജോലിക്കാരായി. ഇപ്പോൾ തമിഴ്‌നാട്ടുകാർ കേരളത്തിലേക്ക് വരുന്നത് കൂലിപ്പണിക്കല്ല ചായക്കടകളും റസ്റ്റോറന്റുകളും നടത്താനാണ്. ബംഗാൾ, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ കേരളത്തിലേക്ക് ജോലിക്ക് വരുന്നത്. ഇവരോട് വലിയ സ്നേഹപൂർവമായ സമീപനം പുലർത്തുന്നില്ലെങ്കിലും അവരെ ഉപദ്രവിക്കുന്ന സ്വഭാവം പൊതുവെ മലയാളികൾക്കില്ല. എന്നാൽ അടുത്തിടെയായി ഒറ്റപ്പെട്ടതാണെങ്കിലും ഇതിന് വിരുദ്ധമായ സംഭവങ്ങളാണ് നടക്കുന്നത്.
മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിക്കു സമീപം ബീഹാർ സ്വദേശി രാജേഷ് മാഞ്ചി എന്ന യുവാവ് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിന് അപമാനകരമാണ്, അപകടകരവും. വാർത്തകൾ വളരെ വേഗത്തിൽ എവിടെയുമെത്തിക്കാൻ കഴിയുന്നവിധം സോഷ്യൽ മീഡിയ വളർന്നിരിക്കുകയാണ്. ഇതിന് പ്രതികാരം ചെയ്യണമെന്ന് അന്യസംസ്ഥാനത്തുള്ള തീവ്രസ്വഭാവം പുലർത്തുന്ന ചിലർ തീരുമാനിച്ചാൽ എവിടെയും മലയാളികൾ ആക്രമിക്കപ്പെടാം. മാത്രമല്ല യു.പിയിൽ നിന്നും ബീഹാറിൽനിന്നും ആൾക്കൂട്ട കൊലപാതകങ്ങളുടെ വാർത്തകൾ വരുമ്പോൾ അതിനെതിരെ രൂക്ഷമായി ഇവിടത്തെ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രമുഖരും പ്രതികരിക്കാറുമുണ്ട്. മോഷ്ടാവെന്ന് സംശയിച്ചാണ് രാജേഷ് മാഞ്ചിയെ രണ്ടരമണിക്കൂറോളം കൈകെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. മാഞ്ചിയെ മർദ്ദിക്കുന്നത് ക്യാമറയിൽ പകർത്തുകയും ചെയ്തു. മാഞ്ചിയെ മർദ്ദിച്ചവരും അത് ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചവരും ഒരേപോലെ കുറ്റക്കാർ തന്നെയാണ്. അഞ്ചുവർഷം മുൻപ് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ഇതുപോലെ കൈകൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയവർക്ക് അടുത്തിടെയാണ് ശിക്ഷ ലഭിച്ചത്. ഈ കേസിലും പ്രധാന തെളിവ് ക്യാമറാ ദൃശ്യങ്ങളായിരുന്നു. ആൾക്കൂട്ടം ഇങ്ങനെ കാട്ടുനീതി നടപ്പാക്കാൻ തുടങ്ങിയാൽ ഇവിടെ പൊലീസിന്റെയും കോടതിയുടെയുമൊന്നും ആവശ്യമില്ലല്ലോ? തികച്ചും അപകടകരവും ഒഴിവാക്കേണ്ടതുമായ കാര്യമാണിത്. ഇത്തരം ആക്രമണങ്ങൾക്കും സദാചാര പൊലീസിംഗിനും എതിരെ അതിശക്തമായ നിയമ നടപടികൾ ഉണ്ടായേ മതിയാവൂ. എത്ര സ്വാധീനമുള്ളവരായാലും പ്രതികൾ രക്ഷപ്പെടാൻ നിയമപാലകർ വഴിയൊരുക്കരുത്. ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷണം നടത്തി കുറ്റപത്രം പഴുതുകളില്ലാത്ത രീതിയിൽ കോടതിയിൽ സമർപ്പിക്കപ്പെടണം. സമൂഹത്തിന്റെ ശ്രേണിയിലെ ഏറ്റവും താഴ്‌ന്ന തട്ടിലുള്ളവരാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും. ഭാര്യയെ പ്രസവത്തിന് അഡ്‌മിറ്റ് ചെയ്‌ത് ആശുപത്രിയിൽ കൂട്ടിരിക്കാൻവന്ന വിശ്വനാഥൻ എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആത്മഹത്യ ചെയ്തത് മാസങ്ങൾക്ക് മുമ്പാണ്. ഇത്തരം സംഭവങ്ങൾ ഇനിയെങ്കിലും കേരളത്തിൽ ആവർത്തിക്കാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |