SignIn
Kerala Kaumudi Online
Thursday, 19 September 2024 10.01 AM IST

കൊല്ലത്ത് മരുന്ന് സംഭരണശാല കത്തി 10 കോടി നഷ്‌ടം സംഭവിച്ചതിന് കാരണം 20 രൂപയ‌്ക്ക് നമ്മൾ വീട്ടിൽ വാങ്ങുന്ന ഐറ്റം, സൂക്ഷിക്കുക

Increase Font Size Decrease Font Size Print Page
fire

കൊല്ലം: ആശ്രാമം ഉളിയക്കോവിലിലെ കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് സംഭരണശാല അഗ്നിക്കിരയാക്കിയത്. അധികൃതരുടെ അനാസ്ഥ. കോടികൾ വിലയുള്ള മരുന്ന് സൂക്ഷിക്കുന്ന കെട്ടിടമായിട്ടും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഫയർഫോഴ്സിന്റെ എൻ.ഒ.സിയില്ലാതെയാണ് വർഷങ്ങളായി മരുന്ന് സംഭരണശാല പ്രവർത്തിച്ചിരുന്നത്.

300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ഫയർഫോഴ്സിന്റെ എൻ.ഒ.സി വേണമെന്നാണ് ചട്ടം. കൂടുതൽ ജനങ്ങളെത്തുകയോ ജ്വലന സാദ്ധ്യതയുള്ളത് അടക്കമുള്ളവ സൂക്ഷിക്കുന്ന ഗോഡൗണുകൾക്ക് അഗ്നിസുരക്ഷാ സംവിധാനങ്ങളും ഫയർഫോഴ്സിന്റെ എൻ.ഒ.സിയും നിർബന്ധമാണ്. എന്നാൽ കത്തിയമർന്ന ഉളിയക്കോവിലിലെ മരുന്ന് സംഭരണ ശാലയിൽ ഒരു അഗ്നിസുരക്ഷാ സംവിധാനവും ഉണ്ടായിരുന്നില്ല.

കത്തിയതിന് കാരണം ബ്ലീച്ചിംഗ് പൗഡർ

സംഭരണശാലയുടെ പുറത്ത് സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡർ മിന്നലിൽ കത്തിയതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏകദേശം 15000 കിലോ ബ്ലീച്ചിംഗ് പൗഡർ ഇവിടെ സൂക്ഷിച്ചിരുന്നുവെന്നാണ് ഏകദേശം വിവരം. എൻ.ഒ.സി നൽകുന്നതിന് മുന്നോടിയായി ഫയർഫോഴ്സ് നടത്തുന്ന പരിശോധനയിൽ ഇത്തരം ജ്വലന സാദ്ധ്യതയുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുമായിരുന്നു. സ്വയം അഗ്നികെടുത്തുന്ന സംവിധാനങ്ങൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയേനെ. അങ്ങനെ ഫയർഫോഴ്സിന്റെ എൻ.ഒ.സി വാങ്ങിയിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തവും സംഭവിക്കില്ലായിരുന്നു.

ഗോഡൗണിൽ ഇന്നലെ ഫോറൻസിക്,, പൊലീസ്, ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ട് അല്ല, തീപിടിത്തത്തിന്റെ കാരണമെന്ന് സ്ഥിരീകരിച്ചു. തീപിടിത്തത്തെ സംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഒ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കൈമാറി.

ഇൻഷ്വറൻസുണ്ട്, സാമ്പത്തിക നഷ്ടമില്ല

സംഭരണ ശാലയിലെ മുഴുവൻ മരുന്നുകളും കെ.എം.എസ്.സി.എൽ ഇൻഷ്വർ ചെയ്തിട്ടുള്ളതിനാൽ സാമ്പത്തിക നഷ്ടം വരില്ല. ഇൻഷ്വറൻസ് കമ്പനി ഏറെ വൈകാതെ തന്നെ കത്തി നശിച്ച സ്റ്റോക്ക് വിലയിരുത്തിയ ശേഷം തുക നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

നഷ്ടം 10 കോടി

തീപിടിത്തതിൽ 7.14 കോടിയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള ഐ.എൽ.ആർ, എ.സി, സ്‌റ്റെബിലൈസർ എന്നിവ ചാരമായത് വഴി 75ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങൾ നശിച്ചതുൾപ്പെടെ ആകെ എട്ട് കോടിയുടെ നഷ്ടം കെ.എം.എസ്.സി.എല്ലിന് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. വാടക കെട്ടിടത്തിലാണ്‌ സംഭരണ ശാല പ്രവർത്തിച്ചിരുന്നത്‌. കെട്ടിടം, അനുബന്ധ സാമഗ്രികൾ എന്നിവ കത്തി നശിച്ചതിന്റെ നഷ്‌ടം കൂടി കണക്കാക്കി പത്ത്‌ കോടിയുടെ നാശനഷ്ടം വിലയിരുത്തുന്നു.

മുക്കാൽ ശതമാനം സ്റ്റോക്ക് സേഫ്

സംഭരണശാലയിലുണ്ടായിരുന്ന ആകെ സ്റ്റോക്കിന്റെ മുക്കാൽ ശതമാനത്തിന് കേടുപാടുണ്ടായില്ലെന്നും ഇവ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

നെടുങ്ങോലത്ത് പുതിയ ഗോഡൗൺ

കെ.എം.എസ്.സി.എല്ലിന്റെ സ്വന്തം ഗോഡൗൺ നെടുങ്ങോലത്തെ ഒരേക്കർ ഭൂമിയിൽ സ്ഥാപിക്കും. ഇഴഞ്ഞ് നീങ്ങിയിരുന്ന ഗോഡോൺ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കും. അതുവരെ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് കൂടുതൽ ഇടമുള്ളിടങ്ങളിൽ സംഭരിക്കും.

തീ കെടുത്തിയത് ഒൻപതേകാൽ മണിക്കൂറിൽ

ഒൻപതേകാൽ മണിക്കൂറെടുത്താണ് ഫയർഫോഴ്സ് തീ പൂർണമായും കെടുത്തിയത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു തീപിടിത്തം. 8.44ന് ഫയർഫോഴ്സിന് വിവരം ലഭിച്ചു. 8.46ന് കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്നുള്ള ആദ്യ യൂണിറ്റ് സ്ഥലത്തെത്തി. രാത്രി 12 ഓടെ തീപിടിത്തത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും രാസവസ്തുക്കൾ ഇടയ്ക്കിടെ ആളിക്കത്തി. വെള്ളം വീഴുമ്പോൾ കത്തുന്ന രാസവസ്തുക്കളും ഉണ്ടായിരുന്നു. ഇവയുടെ ജ്വലനം നിയന്ത്രിക്കാൻ ഫോം മിശ്രിതം കലർത്തിയ പതപ്പിച്ച ജലമാണ് തീകെടുത്താൻ ഉപയോഗിച്ചത്. ജില്ലാ ഫയർ ഓഫീസർ വി.സി.വിശ്വനാഥിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

2.5 ലക്ഷം ലിറ്റർ ജലം

2.5 ലക്ഷം ലിറ്റർ ജലമാണ് തീ കെടുത്താൻ ഉപയോഗിച്ചത്. കരുനാഗപ്പള്ളി ഗ്യാസ് ടാങ്കർ ദുരന്തത്തിന് ശേഷം ഇത്രയധികം ജലം ജില്ലയിൽ ഫയർഫോഴ്സ് ഉപയോഗിച്ചത് ഉളിയക്കോവിലിലാണ്. കോട്ടൺ, സാനിട്ടൈസർ, മെഥനോൾ അടക്കമുള്ളവ വെള്ളമൊഴിച്ചിട്ടും ആളിക്കത്തുകയായിരുന്നു. ഫയർഫോഴ്സിന്റെ പക്കലുള്ള ജലം തികയാതെ വന്നതോടെ അഷ്ടമുടിക്കായൽ, വാട്ടർ അതോറിറ്റി, നഗരത്തിലെ പ്രമുഖ ഫ്ലാറ്റുകൾ, വമ്പൻ കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജലം ശേഖരിക്കുകയായിരുന്നു. തീ കെടുത്തതിനേക്കാൾ വലിയ ബുദ്ധിമുട്ടാണ് ജലശേഖരണത്തിലുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

രക്ഷാ പ്രവർത്തനത്തിൽ

20 ഫയർ സ്റ്റേഷനുകൾ

28 യൂണിറ്റുകൾ

150 ഉദ്യോഗസ്ഥർ

ഒരാൾ ഐ.സി.യുവിൽ

അഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് പ്രദേശവാസികളായ 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ എം.ജി കോളനി സ്വദേശിനിയായ വൃദ്ധയെ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റി. ബാക്കിയുള്ളവർ വീടുകളിലേക്ക് മടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOLLAM FIRE, MEDICAL SERVICES CORPORATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.