തിരുവനന്തപുരം :തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകൾക്കും ബാധകമല്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഗാന്ധിജിയെ ആരെങ്കിലുമായി വഴക്കിട്ടതിനെ തുടർന്ന് പൊലീസ് വെടിവച്ചു കൊന്നതല്ല, ഗാന്ധിജിയെ വർഗീയ ഭ്രാന്തനായ ഒരു ആർ.എസ്.എസുകാരൻ വെടിവച്ചു കൊന്നതാണ്. ഗോഡ്സെ ബിർളാ മന്ദിരത്തിലെത്തിയത് പ്രാർത്ഥിക്കാനായിരുന്നില്ല. ഗാന്ധിജിയെ കൊല്ലാനായിരുന്നു. ഗാന്ധിജി അയാളെ ആശീർവദിക്കാൻ വേണ്ടി കൈയുയർത്തിയപ്പോഴാണ് ആ വർഗീയ ഭ്രാന്തൻ വെടിവച്ചു കൊന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷിയായി ഗാന്ധിജിയെ കണക്കാക്കാവുന്നതാണെന്ന് എം.വി. ജയരാജൻ പറഞ്ഞു.
അപ്പോൾ ബിഷപ്പിന്റെ പരാമർശം ഗാന്ധിജിയ്ക്കു ബാധകമല്ല.ഗാന്ധിജി വഴക്കടിച്ചു കൊല്ലപ്പെട്ടയൊരാളല്ല. ആർ,എസ്.എസ് ആണ് ആ കൊലയ്ക്കു പിന്നിൽ. ആർ.എസ്.എസ് നേതാവ് സവർക്കർ ഏഴാം പ്രതിയാണ്. ആർ.എസ്.എസിനെ 1948 ഫെബ്രുവരി നാലു മുതൽ 1949 ജൂലായ് 10 വരെ നിരോധിച്ചത് ഗാന്ധിജിയെ വെടിവെച്ചു കൊന്നതിനാലാണ്. വഴക്കടിച്ച്, എന്നിട്ട് വെടിയേറ്റ് മരിച്ചതാണെങ്കിൽ ആർ.എസ്.എസിനെ നിരോധിക്കേണ്ട കാര്യമില്ല' എം.വി ജയരാജൻ പറഞ്ഞു.
'കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കാര്യമെടുത്താൽ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ അമ്പുവും ചാത്തുക്കുട്ടിയുമാണ്. 1940 സെപ്തംബർ 15ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്ത് സമരം നടത്തിയ ഇവരെ തലശ്ശേരി കടപ്പുറത്തു വെച്ച് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ബ്രിട്ടീഷുകാർ നിയോഗിച്ച മലബാർ സ്‌പെഷ്യൽ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. അവരും പൊലീസുകാരുമായി വഴക്കടിച്ചതു കൊണ്ട് കൊല്ലപ്പെട്ടതല്ല. അപ്പോൾ അത് കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ല.
മാത്രമല്ല, കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി ജീവൻ വെടിയേണ്ടി വന്ന കേരളത്തിലെ എഴുന്നൂറിലധികം പേർ നാടിനും നാട്ടുകാർക്കും വേണ്ടി ജീവൻ ബലികഴിച്ചവരാണ്. അവനനവന്റെ സുഖത്തിനു വേണ്ടിയായിരുന്നില്ല മറിച്ച് അപരന്മാരുടെ സന്തോഷത്തിനു വേണ്ടിയായിരുന്നു അവർ ജീവൻ ബലി നൽകിയത്.അതുകൊണ്ട് മർദ്ദിതരായവർക്കു വേണ്ടി യേശുവിനെ എങ്ങനെയാണോ കുരിശിലേറ്റിയത് അത് പോലെ മർദ്ദിത ജനവിഭാഗങ്ങൾക്കു വേണ്ടി പോരാട്ടത്തിനറങ്ങിയവരാണ് കമ്മ്യൂണിസ്റ്റുകാർ. തൂക്കിലേറ്റപ്പെട്ട കയ്യൂരിലെ വിപ്ലവകാരികളും കൊല്ലപ്പെട്ടത് ആരെയെങ്കിലും ഉപദ്രവിച്ചതിന്റെ പേരിലല്ല. ഇവരെല്ലാം രാഷ്ട്രീയ രക്തസാക്ഷികളാണ്.
രാഷ്ട്രീയമെന്നത് കക്ഷിരാഷ്ട്രീയമല്ല. മറിച്ച് സങ്കുചിത ദേശരാഷ്ട്രീയമാണ്. ഇവരെല്ലാം കൊല്ലപ്പെട്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ടിയാണ്. ഈ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വഴക്കടിച്ച് എന്തെങ്കിലും പ്രശ്നമുണ്ടാക്കി ജീവൻ ബലിയർപ്പിച്ചു എന്ന് പറയുന്നവരുടെ കൂട്ടത്തിൽ ഗാന്ധിജിയോ കമ്മ്യൂണിസ്റ്റുകാരോ ഇല്ല. ബിഷപ്പ് ഉദ്ദേശിച്ചത്. ആർ.എസ്.എസുകാരെയോ ബി.ജെ.പിക്കാരെയോ ആയിരിക്കും. കാരണം ഇവരാണ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ഇവരാണ് വഴക്കടിക്കുന്നതും മറ്റുള്ളവരുടെ ന്യൂനപക്ഷ വിശ്വാസങ്ങളെ ഹനിക്കാൻ തോക്കെടുക്കുന്നതും. പശുക്കളെ സംരക്ഷിക്കാനും ന്യൂനപക്ഷത്തെ, വഴക്കാളികൾ ബിജെപിക്കാരാണെന്ന് സമകാലീന സാമൂഹിക സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.' എം.വി. ജയരാജൻ അഭിപ്രായപ്പെട്ടു.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |