മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് ആശുപത്രിയിലെത്തുന്നവരും ആരോഗ്യപ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവയ്ക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ നിത്യവും ചികിത്സയ്ക്കെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനം തികച്ചും അപര്യാപ്തമാണ്. പ്രതിദിനം ഒ.പി വിഭാഗത്തിൽ നാലായിരം പേരും ഐ.പി വിഭാഗത്തിൽ മൂവായിരം പേരും ക്യാഷ്വാലിറ്റിയിൽ എണ്ണൂറിനും ആയിരത്തിനുമിടയിൽ ആളുകളും എത്തുന്ന ആശുപത്രിയാണ് മെഡിക്കൽ കോളേജ്. പ്രൈവറ്റ് ഏജൻസിയുടെ ആൾക്കാരെയാണ് നിലവിൽ സുരക്ഷയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി പ്രതിവർഷം 40 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നുമുണ്ട്. എന്നാൽ ആശുപത്രിവളപ്പിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇവർക്ക് കഴിയാറില്ല. അടുത്തിടെ ആംബുലൻസ് ഡ്രൈവർമാരും ഗുണ്ടകളും തമ്മിൽ സംഘർഷം നടന്നിരുന്നു. രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിലെ ആരോഗ്യപ്രവർത്തകർ തലനാരിഴയ്ക്കാണ് ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
മെഡിക്കൽ കോളേജിന് പുറമേ എസ്.എ.ടി, ശ്രീചിത്ര, ആർ.സി.സി എന്നിവിടങ്ങളിലേക്കും നിത്യേന നൂറുകണക്കിന് രോഗികളും കൂട്ടിരുപ്പുകാരും എത്തുന്നുണ്ട്. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരെ പറ്റിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുന്ന ഒരുസംഘം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രാത്രിയും പകലും ഒരുപോലെ സുരക്ഷയൊരുക്കാൻ നിലവിലുള്ള സംവിധാനം പോരെന്ന് ബോദ്ധ്യപ്പെട്ടത് വാഹനമോഷണവും സ്വർണാഭരണ കവർച്ചയും പതിവായതോടെയാണ്. സ്‌ത്രീകളെ ശല്യംചെയ്യാനായി ഇവിടെ കറങ്ങിത്തിരിയുന്നവരും കുറവല്ല. ജോലിഭാരം കൂടുതലായതിനാൽ മെഡിക്കൽ കോളേജ് പൊലീസിനും കൃത്യമായ ശ്രദ്ധപുലർത്താൻ കഴിയുന്നില്ല. ഇവിടത്തെ പൊലീസ് എയ്‌ഡ് പോസ്റ്റിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് മെഡിക്കൽ കോളേജിന്റെ സുരക്ഷ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏല്പിക്കണമെന്ന നിർദ്ദേശം ആശുപത്രി വികസന സമിതിയോഗത്തിലുണ്ടായത്. എന്നാൽ പണം തടസമാണെന്ന കാരണത്താൽ ഇതിനുള്ള നീക്കം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പ്രതിമാസം ആറുലക്ഷത്തോളം രൂപ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് നല്‌കിയാൽ മാത്രമേ സേവനം ലഭ്യമാകൂ. ആശുപത്രി വികസനസമിതിക്ക് ഇത്രയും പണം കണ്ടെത്താനാവില്ലെന്ന കാരണത്താൽ ഇതിനുള്ള നീക്കം നിലച്ചിരിക്കുകയാണ്. ഇപ്പോൾത്തന്നെ ഇതിന്റെ പകുതിയിലധികം തുക സുരക്ഷാസംവിധാനത്തിനായി ചെലവഴിക്കുന്നുണ്ട്. ബാക്കി തുക നല്‌കാൻ സർക്കാർ തയ്യാറാകണം. എസ്.ഐ.എസ്.എഫ് ഭടന്മാർ യൂണിഫോമിൽ തോക്കുംപിടിച്ച് കാവൽ നില്‌ക്കുമ്പോൾ നിയമം അനുസരിച്ച് പെരുമാറാൻ അവിടെ എത്തുന്നവർ തയ്യാറാകും. ആശുപത്രി വികസനത്തിന് കോടികളാണ് പ്രതിവർഷം സർക്കാർ ചെലവാക്കുന്നത്. അതിൽ ഉൾപ്പെടുത്തി എസ്.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്താൻ ആരോഗ്യമന്ത്രി തീരുമാനമെടുക്കണം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മോർച്ചറിയിൽ 48 ഫ്രീസറുകളിൽ 14 എണ്ണം കേടായിട്ട് മൂന്ന് മാസം കഴിഞ്ഞു. 98,000 രൂപ ഇല്ലാത്തതിനാലാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാവാത്തത് എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെ അപമാനകരമാണ്. ബന്ധപ്പെട്ടവർ വേണമെന്ന് വിചാരിച്ചാൽ ഒരു ദിവസത്തിനകം നന്നാക്കാവുന്നതാണിത്. സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് ഇതൊക്കെ പരിഹരിക്കാനാകാത്തത് എന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മെഡിക്കൽ കോളേജിന്റെ വികസനം വഴിമുട്ടാതിരിക്കാൻ ധനകാര്യവകുപ്പും ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |