തൃക്കാക്കര: തൃക്കാക്കര നഗരസഭ ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കാൻ ചെലവഴിച്ചത് മൂന്ന് ഘട്ടങ്ങളിലായി ഒരു കോടി രൂപ. പരിസരം മോടി പിടിപ്പിക്കാൻ വീണ്ടുമൊരു 30 ലക്ഷവും. പക്ഷേ, ഇപ്പോഴും മൃതദേഹം ദഹിപ്പിക്കാൻ വിറക് തന്നെ ശരണം. ഇടത്, വലത് ഭരണ സമിതികളുടെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണ് തൃക്കാക്കര നഗരസഭയുടെ കാക്കനാട് അത്താണി വാർഡിലെ ശ്മശാനം.
2022 നവംബറിൽ ചോർന്നൊലിച്ച്, വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന കൺട്രോൾ പാനൽ കത്തിപ്പോയത്തോടെ ഗ്യാസ് ക്രിമറ്റോറിയം അടച്ചുപൂട്ടുകയായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാൽ നന്നാക്കാൻ കഴിയുന്ന പാനലിന്റെ പേരിൽ ആറു മാസത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണ് സ്ഥാനത്തു തന്നെ ഏറ്റവും വരുമാനമുള്ള നഗരസഭയുടെ ക്രിമറ്റോറിയം.
രണ്ടു ഷട്ടറോടെ പണിത, വിറക് ഉപയോഗിക്കുന്ന ശ്മശാനമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ആഫീസ് കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു. മഴക്കാലത്ത് വിറക് നനയാതെ സൂക്ഷിക്കാൻ പോലും വേണ്ടത്ര സൗകര്യമില്ല. ശ്മശാനത്തിന്റെ തെക്കു വശത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണിട്ട് മാസങ്ങളായെങ്കിലും പുന:സ്ഥാപിക്കാൻ നടപടിയില്ല.
തുറന്നത് വാറന്റി തീർന്നപ്പോൾ
ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം നടത്തി തുറന്നുകൊടുത്തത് നിർമ്മാണ കമ്പനി നൽകുന്ന ഒരു വർഷത്തെ വാറന്റി തീർന്ന ശേഷമായിരുന്നു. ശ്മശാനങ്ങളുടെ ഫർണസുകൾക്ക് അഞ്ചു വർഷം വാറന്റി കരാറിൽ ഉറപ്പാക്കണമെന്ന് ശുചിത്വ മിഷൻ ഡയറക്ടറുടെ ഉത്തരവുണ്ടെങ്കിലും നഗരസഭ പാലിച്ചില്ല.
ഇടതും വലതും ഉദ്ഘാടനം നടത്തി
2020 നവംബറിൽ ഗ്യാസ് ക്രിമറ്റോറിയം അന്നത്തെ എൽ.ഡി.എഫ് ഭരണ സമതിയാണ് ഉദ്ഘാടനം ചെയ്തത്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് ശേഷം ഒരു വർഷം കഴിഞ്ഞ് മാറിവന്ന യു.ഡി.എഫ് ഭരണ സമിതി 2021 ആഗസ്റ്റിൽ വീണ്ടും ഉദ്ഘാടനം നടത്തിയെങ്കിലും മാസങ്ങൾ മാത്രമാണ്
പ്രവർത്തിപ്പിക്കാനായത്. ആകെ ദഹിപ്പിച്ചത് 48 മൃതദേഹങ്ങൾ മാത്രം.
സാമൂഹ്യവിരുദ്ധരുടെ താവളം
നേരം ഇരുട്ടിയാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഈ പരിസരം. ചുറ്റുമതിൽ ഇടിഞ്ഞുവീണതിനാൽ ആർക്കും എളുപ്പത്തിൽ അകത്തു കയറാം. ശ്മശാനത്തിന്റെ തെക്കു വശത്ത് പാടശേഖരത്തോട് ചേർന്നുള്ള ഭാഗമാണ് ഇവരുടെ താവളം.
ചരിത്രം
2002-03ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എം.ഇ. ഹസൈനാർ മുൻകൈയെടുത്താണ് അത്താണി കീരേലിമലയിലെ കോളനി നിവാസികളെ പുനരധിവസിപ്പിച്ച് ശ്മശാനത്തിനായി സ്ഥലം ഒരുക്കിയത്. ഒരേക്കറോളം സ്ഥലത്ത് അന്നത്തെ എം.എൽ.എ കെ.ബാബുവിന്റെ വികസന ഫണ്ടിൽ നിന്നുൾപ്പെടെ തുക ചെലവഴിച്ച് വിറകിൽ പ്രവർത്തിക്കുന്ന ശ്മശാനം ഒരുക്കി. ഒരു മാസം എത്തുന്നത് ശരാശരി 25 മൃതദേഹങ്ങളാണ് ഇവിടെയെത്തുന്നത്. 2,000 രൂപയാണ് ദഹിപ്പിക്കുന്നതിനുള്ള നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |