ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിക്കേണ്ടി വരുമ്പോൾ സുപ്രീം കോടതി പലപ്പോഴും ആധാരമാക്കുന്നത് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളാണ്. രാജ്യത്തിന്റെ പരമോന്നത നിയമമായ ഭരണഘടനയുടെ കാര്യത്തിലെ നടപടിക്രമം തന്നെയാണ് മറ്റ് നിയമങ്ങളുടെ കാര്യത്തിലും നീതിന്യായ കോടതികൾ പിന്തുടരുന്നത്.
നിയമനിർമ്മാണ സഭയിലെ ചർച്ചകളാണ് ഒരു നിയമം സമഗ്രമായി വിലയിരുത്താനും വ്യാഖ്യാനിക്കാനും നീതിന്യായ കോടതികൾ ആശ്രയിക്കുന്നത്. ഇക്കാരണത്താലാണ് നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ സൂക്ഷ്മവും സമഗ്രവുമായ വിലയിരുത്തലും വിമർശനങ്ങളും സാദ്ധ്യമാക്കുന്ന നടപടിക്രമങ്ങൾ നമ്മുടെ പാർലമെന്ററി സംവിധാനം നിഷ്‌കർഷിച്ചിട്ടുള്ളത്. സഭയെ മറികടന്ന് ഓർഡിനൻസുകളിലൂടെ സർക്കാർ നടത്തുന്ന നിയമനിർമ്മാണങ്ങൾ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല എന്ന നിരീക്ഷണത്തിന്റെ കാരണവും ഇതാണ്. കാരണങ്ങളും ന്യായീകരണങ്ങളും എന്തായാലും സഭയുടെ ശബ്ദത്തിന്റെ ഊർജ്ജം ആവാഹിക്കാത്ത നിയമനിർമ്മാണങ്ങൾക്ക് സാങ്കേതികമായി മാത്രമേ സാധുതയുള്ളൂ.
എട്ട് ദിവസത്തെ സഭാനടപടികൾ 30 മിനിട്ടിൽ പൂർത്തിയാക്കി 2023 മാർച്ച് 21ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയേണ്ടിവന്നു. പതിറ്റാണ്ടുകളായി കേരളം ചർച്ചചെയ്ത, കാത്തിരുന്ന 2023ലെ കേരള പൊതുജനാരോഗ്യ നിയമവും അതിൽപ്പെട്ടുപോയി. സഭയേയും ജനാധിപത്യത്തേയും സംരക്ഷിക്കേണ്ട ചുമതല പ്രതിപക്ഷത്തിന്റേത് കൂടിയാണ്. സാധാരണ നടപടിക്രമങ്ങൾ പ്രകാരം ഈ നിയമം നിയമസഭ ചർച്ചചെയ്തിരുന്നെങ്കിൽ നൂറ് കണക്കിന് ഭേദഗതികൾ അവതരിപ്പിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്‌തേനേ. രാജ്യത്തിനാകെ മാതൃകയായ കേരളത്തിന്റെ നിയമ നിർമ്മാണങ്ങളിലൊന്നായി ഈ നിയമം സഭയിലും സമൂഹത്തിലും ചർച്ചചെയ്യപ്പെടുമായിരുന്നു.
സഭയുടേയും സഭാസംവിധാനങ്ങളുടേയും ജനകീയവും ജനാധിപത്യപരവുമായ ചൈതന്യവും ചോദനകളും ഉൾക്കൊള്ളുമ്പോൾ നിയമങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾക്ക് നല്ലൊരു ഉദാഹരണം കൂടിയാണ് 2023ലെ പൊതുജനാരോഗ്യ ബിൽ. ഓർഡിനൻസായാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്. (2022ലെ 15ാം നമ്പർ ഓർഡിനൻസ്). സാധാരണ ഒരു ഓർഡിനൻസിന് പകരം കൊണ്ടുവരുന്ന നിയമത്തിലെ വ്യവസ്ഥകൾക്ക് ഓർഡിനൻസ് പ്രാബല്യത്തിൽവന്ന തീയതി മുതൽ മുൻകാല പ്രാബല്യം നൽകാറുണ്ട്. എന്നാൽ പൊതുജനാരോഗ്യ ബില്ലിൽ ഇപ്രകാരം പൂർണമായ മുൻകാല പ്രാബല്യം നൽകിയിട്ടില്ല. ഓർഡിനൻസ് പ്രകാരം ചെയ്ത ശിക്ഷാനടപടികൾക്ക് മാത്രമാണ് ഇപ്രകാരം മുൻകാല പ്രാബല്യം നൽകിയിട്ടുള്ളത് (വകുപ്പ് 82(13).
സെലക്ട് കമ്മിറ്റിക്ക് വിട്ട ഒരു ബില്ലാണ് 2023ലെ കേരള പൊതുജനാരോഗ്യ നിയമം. ഓർഡിനൻസിന്റെ തീയതി മുതൽ ബില്ലിന് മുൻകാല പ്രാബല്യം നൽകാനാകാതെ വന്നു എന്നാണ് മനസിലാവുന്നത്. പൊതുജനങ്ങളിൽനിന്ന് ഉൾപ്പെടെ തെളിവെടുപ്പും അഭിപ്രായ രൂപീകരണവും നടത്തി ഭരണ പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നത്. സഭാതലത്തിലെ വിശദവും വിമർശനപരവുമായ വിലയിരുത്തലിന് വിധേയമായില്ല എന്നതാണ് ഈ നിയമത്തിന്റെ നികത്താനാവാത്ത കുറവ്. ജനാധിപത്യ സംവിധാനം വിഭാവനം ചെയ്യുന്ന തരത്തിലുള്ള നിയമനിർമ്മാണ പ്രക്രിയയും ചർച്ചകളും ഇന്ന് വേണ്ടത്ര ഉണ്ടാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
നിയമനിർമ്മാണ സഭകൾ ചർച്ചചെയ്‌തോ അല്ലാതെയോ പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും നീതിന്യായ കോടതികൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയിട്ടുണ്ട്. പല വിഷയങ്ങളിലും പുതിയ നിയമനിർമ്മാണങ്ങൾക്ക് കോടതികൾ സർക്കാരുകളെ നിർബന്ധിതമാക്കിയിട്ടുണ്ട്. കോടതികളിൽ തിരിച്ചടികൾ നേരിടേണ്ടിവന്ന നിയമങ്ങളിൽ സഭാനടപടികൾ പൂർണമായും പൂർത്തീകരിച്ചവയാണോ അല്ലാത്തവയാണോ കൂടുതൽ എന്നതിൽ വിശദമായ പഠനം ആവശ്യമുണ്ട്.
കേരള നിയമസഭ പാസാക്കിയ 2006 ലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച നിയമം ( Kerala Professional Colleges or Institutions (Prohibition of Capitation Fee, Regulation of Admission, Fixation of Non-Exploitative Fee and Other Measures to Ensure Equity and Excellence in Professional Education) Act, 'കോടതിയുടെ വരാന്തയിൽപ്പോലും നിലനിൽക്കില്ല' എന്ന, മികച്ച പാർലമെന്റേറിയനായ കെ.എം. മാണിയുടെ വിമർശനവും കോടതിയിൽ നിയമം വിമർശന വിധേയമായതും ഓർക്കാവുന്നതാണ്.
നിയമസഭ നിശ്ചയിക്കുന്ന ഒരു ഭരണ സംവിധാനമാണ് സർക്കാർ. ജനമനസിൽ നിയമസഭയ്ക്കും അതിന്റെ പ്രവർത്തനത്തിനും അഭിമാനകരവും ശ്രേഷ്ഠവുമായ ഒരു സ്ഥാനമുണ്ടാകണം. അതിന് സഭയുടെ ജനാധിപത്യ നിയമനിർമ്മാണ പാരമ്പര്യം കെടാതെ കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തിന്റെ ശബ്ദവും ഊർജ്ജവും ആവാഹിക്കുന്നതാകണം സഭയുടെ പ്രവർത്തനം. സഭയെന്നത് കേവലമൊരു സമ്മേളന സ്ഥലമല്ല. നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ, സഭയെന്നത് ചലനാത്മക ജനാധിപത്യത്തിന്റെ ഊർജ്ജസ്രോതസായി മാറണം. നിയമനിർമ്മാണ പ്രക്രിയയിൽ സഭ ഒഴിവാക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ ജനിതക സവിശേഷതയാണ് ഇല്ലാതാക്കപ്പെടുന്നത്.
( നിയമസഭാ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറിയും ഡെപ്യുട്ടി സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |