മൂന്ന് കുട്ടികളുടെ അമ്മയായ ഹർഷീനയ്ക്ക് വയസ്സ് 32 മാത്രം. ഭർത്താവിനൊപ്പം തൊഴിൽ ചെയ്ത് കുടുംബം പോറ്റുന്ന യുവതി. ചോദ്യം ആരോഗ്യമന്ത്രി വീണാ ജോർജിനോടാണ്. എന്തിനാണ് നിങ്ങളീ വീട്ടമ്മയെ വീണ്ടും സമരത്തിലേക്ക് തള്ളിവിട്ടത്, ഇങ്ങനെയീ പൊരിവെയിലിൽ നിർത്തുന്നത്...? അഞ്ചുവർഷം വയറ്റിൽ കത്രികയും പേറി ജീവിച്ചൊരു വീട്ടമ്മ, ആരോഗ്യമന്ത്രിയുടെ ഭാഷ കടമെടുത്താൽ എന്റെ സഹോദരി. എന്നിട്ടും ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽകോളജിനു മുമ്പിൽ വലിച്ചുകെട്ടിയ ഒരു താർപ്പായക്ക് കീഴെ കുഞ്ഞുങ്ങളുമായി അവരെ സമരത്തിനിരുത്തേണ്ട സാഹചര്യമുണ്ടായിരുന്നോ. ദിനംപ്രതി പരാതികൾ മാത്രാണിപ്പോൾ ആരോഗ്യവകുപ്പിന് മുമ്പാകെ വരുന്നത്. അത്തരം പരാതികളിൽ രാഷ്ട്രീയം നോക്കാതെ മനുഷ്യസഹജമായ നടപടികളാണ് നാട് ആവശ്യപ്പെടുന്നത്. മരിച്ച വീടുകളിൽ പോയി ഉതിർത്തിയിടുന്ന കണ്ണീരും സമരം ചെയ്യുന്നവരെ കെട്ടിപ്പിടിച്ചുള്ള ആശ്വാസവാക്കുകളുമല്ല കേരളം ആരോഗ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ദുരിതം പേറുന്നവരുടെ പ്രയാസം അറിഞ്ഞുള്ള നടപടികളാണ്.
കോഴിക്കോട് അടിവാരം സ്വദേശിന് ഹർഷീനയെ കേരളത്തിന് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. പ്രസവാനന്തരം വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ചുവർഷം വിവിധ ആശുപത്രികളിലായി ജീവൻമരണ പോരാട്ടം നടത്തിയ യുവതി. മൂന്നാമത്തെ പ്രസവാനന്തരമാണ് ഹർഷീനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. 2017ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൂന്നാമത്തെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തത്. പ്രസവ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. നിരവധി സ്‌കാനിംഗുകളും നടന്നു. അപ്പഴൊന്നും വയറ്റിൽ ഇങ്ങനെയൊരു ലോഹഭാഗം കണ്ടെത്തിയില്ല. വീഴ്ച ആരുടേതാണ്..? 2017കഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന സ്‌കാനിംഗിലാണ് വയറ്റിൽ ലോഹഭാഗം (ആർട്ടറിഫോർസെപ്‌സ്) കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വീണ്ടും മെഡിക്കൽകോളജിലേക്ക്. നേരത്തെ വയറ്റിൽ കത്രികയുണ്ടായിരുന്നെങ്കിൽ അന്നത്തെ സർജറിക്ക് മുമ്പ് കണ്ടെത്തേണ്ടതായിരുന്നു. മൂന്നാമത്തെ പ്രസവത്തിനുശേഷമാണ് ഹർഷീനയ്ക്ക് പലവിധമായ അസുഖങ്ങളുണ്ടായത്. അഞ്ചുവർഷത്തിനുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടന്ന സർജറിയിലൂടെയാണ് കത്രിക പുറത്തെടുത്തത്. സംഭവം വിവാദമായപ്പോൾ ഇതുവരെ മൂന്ന് അന്വേഷണം നടന്നു. അതിലൊന്നും വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നില്ല. ഒടുക്കം ഹർഷീന മെഡിക്കൽകോളജിന് മുമ്പിൽ കുടുംബവുമായി സത്യാഗ്രഹ സമരം നടത്തി. സമരം വിലിയ കോലാഹലമാകുമെന്നറിഞ്ഞപ്പോൾ കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ മന്ത്രി സമരപന്തലിലെത്തി ഹർഷീനയെകണ്ടു. ആശ്വസിപ്പിച്ചു, കെട്ടിപ്പിടിച്ചു, ഉമ്മവെച്ചു. എല്ലാം ശരിയാവുമെന്നും അർഹമായ നഷ്ടപരിഹാരവും നടപടികളുമുണ്ടാവുമെന്നും ഉറപ്പു നൽകി. പാവം വീട്ടമ്മ. അതെല്ലാം വിശ്വസിച്ച് സമരം നിർത്തി വീട്ടിലേക്ക് മടങ്ങി. ഒരുമാസം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ല. പലഭാഗത്തുനിന്നും ഫോൺവിളികൾ ആരോഗ്യമന്ത്രിയെത്തേടിയെത്തി. ഒടുക്കം ഹർഷീന സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം പ്രഖ്യാപിച്ചു. ഉടൻ പ്രഖ്യാപനമുണ്ടായി. ഹർഷീനയ്ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കത്രിക കോഴിക്കോട് മെഡിക്കൽകോളജിന്റേതാണെന്ന് കണ്ടെത്താനായിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ പ്രത്യേകസംഘം വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും. എന്നാൽ അതും വെറുവാക്കായി. പ്രഖ്യാപിച്ചെന്നുപറഞ്ഞ ഒരന്വേഷണവും നടന്നില്ല. അന്നുതന്നെ ദാനമായി വെച്ചു നീട്ടിയ രണ്ടുലക്ഷം ഹർഷീന നിരസിച്ചു. കഴിഞ്ഞ അഞ്ചാറുവർഷം കൊണ്ട് തനിക്ക് നഷ്ടമായത് ജീവിതമാണ്. ചികിത്സയ്ക്കായി വീടുവരെ പണയപ്പെടുത്തേണ്ടിവന്നു. ലക്ഷങ്ങളുടെ നഷ്ടം. കേവലം ഒരു രണ്ടുലക്ഷത്തിൽ തീരില്ലെന്റെ വേദന. അർഹമായ നഷ്ടപരിഹാരത്തിനൊപ്പം കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആ യുവതി ആവശ്യപ്പെട്ടു. ആദ്യ രണ്ട് ശസ്ത്രക്രിയകൾ നടന്നതും സർക്കാർ ആശുപത്രികളിൽ നിന്ന്. അതും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ. രണ്ട് ശസ്ത്രക്രിയക്ക് ശേഷവും ഹർഷീനയ്ക്ക് ആരോഗ്യപ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. മൂന്നാമത്തെ ശസ്ത്രക്രിയ 2017ൽ നടന്നശേഷമാണ് ഇക്കണ്ട പ്രശ്‌നങ്ങളെല്ലാമുണ്ടായത്. പക്ഷെ അവസാനത്തെ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ കോഴിക്കോട് മെഡിക്കൽകോളജിന്റേതല്ല ആ കത്രികയെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു കളഞ്ഞു. ശരി അങ്ങനെയെങ്കിൽ അത് എവിടുന്ന് കുടുങ്ങി എന്ന് വ്യക്തമാക്കേണ്ടതല്ലേ. അതിനുമുമ്പ് നടന്ന രണ്ട് സർജറികളും സർക്കാർ ആശുപത്രിയിൽ നിന്നു തന്നെയാണെന്ന് വരുമ്പോൾ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമല്ലേ. ഹർഷീന പറയുന്നത് കേൾക്കുക..
ആ കത്രിക, ആരു നിക്ഷേപിച്ചു, ഞാൻ വിഴുങ്ങിയതാണോ..?
' മെഡിക്കൽകോളജടക്കം സർക്കാർ ആശുപത്രികളിൽ മാത്രമാണ് താൻ ചികിത്സ തേടിയത്. അഞ്ചുവർഷം ആ കത്രിക വയറ്റിൽ പേറി നടന്നു. ഇല്ലാത്ത അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. വയറ്റിൽ പഴുപ്പ് കാരണം ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് ലോഹഭാഗം വയറ്റിലുണ്ടെന്ന് സ്‌കാനിംഗിലൂടെ കണ്ടെത്തിയത്. വീണ്ടും മെഡിക്കൽകോളജിലേക്ക്. ഒടുക്കം കത്രിക പുറത്തെടുത്തു. 2022 സെപ്തംബർ 17ന്. അതിനിടെ മൂന്ന് അന്വേഷണം. അവസാനം നീതി ആവശ്യപ്പെട്ട് മെഡിക്കൽകോളജിന് മുമ്പിൽ നിരാഹാരമിരിക്കാൻ തുടങ്ങിയപ്പോഴാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. കത്രിക മെഡിക്കൽകോളജിന്റേതല്ലെന്ന വിചിത്രമായ വാദം. കത്രിക പുറത്തെടുത്തത് കോഴിക്കോട് മെഡിക്കൽകോളജിൽ നിന്നല്ലെന്ന് അവർപറയാതിരുന്നത് ഭാഗ്യം. എന്തായാലും എന്റെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തിട്ടുണ്ട്. അത് മെഡിക്കൽകോളജിന്റേതല്ലെന്ന് പറയാൻ മാത്രം അഞ്ചുമാസം. ഇനി അത് എവിടുത്തേതാണെന്ന് തെളിയിക്കാൻ എത്രമാസം വേണ്ടിവരും. ഞാൻ കത്രികവിഴുങ്ങിയതാണെന്ന് തെളിയിക്കാൻ എത്രമാസം വേണ്ടിവരും. അവസാനപ്രസവം നടന്നത് മെഡിക്കൽകോളജിലാണെങ്കിൽ ആദ്യ രണ്ടുപ്രസവവും താമരശേരി ഗവ.ആശുപത്രിയിലാണ്. അതും സർക്കാരിന്റേതല്ലേ...രാഷ്ട്രീയമില്ലാത്ത, പണമില്ലാത്ത കേവലം ഒരു വീട്ടമ്മ മാത്രമാണ് താൻ...തന്നെപ്പോലുള്ളവർക്ക് എവിടുന്നാണ് നീതീ കിട്ടു...'
ജയിലിൽ നിന്ന് കൊല്ലപ്പെട്ട തടവുപുള്ളിയുടെ കുടുംബത്തിന് പത്തുപതിനഞ്ച് വർഷം മുമ്പ് 20ലക്ഷം കൊടുത്ത സർക്കാരാണ് ഇന്നും കേരളം ഭരിക്കുന്നത്. അതിനുശേഷവും ചെറുതും വലുതുമായ സംഭവത്തിൽ കൈയ്യഴിഞ്ഞ് സഹായം നൽകി. പക്ഷെ ഹർഷീനയെന്ന യുവതി തന്റെതല്ലാത്ത കാരണംകൊണ്ട്, അതിലേറെ സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ ഒന്നു കൊണ്ടുമാത്രം അനുഭവിച്ച അവഗണനയ്ക്ക് കേവലമൊരു രണ്ടുലക്ഷം വെച്ചുനീട്ടി അടിച്ചൊതുക്കുന്നതിന്റെ നീതി ഏത് രാഷ്ട്രീയ പാഠപുസ്തകത്തിലേതാണ്. ഹർഷീന കോൺഗ്രസോ ലീഗോ അല്ല. എന്നാൽ കമ്യൂണിസ്റ്റുമല്ല. അതാണോ അവർക്കുള്ള അയോഗ്യത. പാർട്ടി കുടുംബമല്ല, ബന്ധുവല്ല, നേതാക്കളുടെ മക്കളോ മരുമക്കളോ അല്ല, എന്തിന് ഒരു പ്രമുഖ നേതാവിന്റെ അയൽവാസിയോ അല്ല. എന്തായാലും ഹർഷീന വീണ്ടും സമരപന്തലിലാണ്. അർഹമായ നഷ്ടപരിഹാരവും കുറ്റക്കാർക്കെതിരെ ഇനിയൊരന്വേഷണമല്ല നടപടി വേണം. മെഡിക്കൽകോളജിൽ നിന്നല്ലെങ്കിൽ എവിടുന്ന് ആ കത്രിക അവരുടെ വയറ്റിൽ പെട്ടന്ന് തെളിയിക്കപ്പെടണം. ഉത്തരവാദിത്വമുള്ള സർക്കാരും ആരോഗ്യമന്ത്രിയും ഇത്തരമൊരു നടപടിയിലേക്ക് എത്തുംവരെ എത്രകാലം ആ പാവം വീട്ടമ്മയും മക്കളും മെഡിക്കൽകേളജിന് മുമ്പിൽ സത്യാഗ്രഹമിരിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |