SignIn
Kerala Kaumudi Online
Saturday, 03 June 2023 11.38 PM IST

അഴിമതിയിൽ മുൻ സർക്കാരിനെ തോല്പിച്ചു

ramesh-chennithala

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ സമാപനത്തിലെത്തുമ്പോൾ, സർക്കാരിനെതിരെ ശക്തമായി വിരൽചൂണ്ടുകയാണ് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാർ അധികാരത്തിലേറിയതു മുതലുള്ള വീഴ്ചകൾ ഒന്നൊന്നായി നിരത്തി തുടർപോരാട്ടമാണ് ചെന്നിത്തല നടത്തുന്നത്. പുതിയ വെളിപ്പെടുത്തലുകളുമായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമ്പോൾ, ചെന്നിത്തലയുടെ കരുനീക്കങ്ങൾ രാഷ്ട്രീയ നിരീക്ഷകരും കൗതുകത്തോടെയാണ് കാണുന്നത്. ജനജീവിതം തീർത്തും ദുസ്സഹമാക്കിയ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അഴിമതിക്കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനെ കടത്തിവെട്ടുന്ന പ്രകടനമാണ് രണ്ടാം പിണറായി സർക്കാരിന്റേതെന്നും ചെന്നിത്തല പറയുന്നു. കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്.

രണ്ടുവർഷത്തെ ഇടതുഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, കൊള്ളയുടെയും കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനെ കടത്തിവെട്ടുന്ന പ്രവർത്തനമാണ് രണ്ടാം പിണറായി സർക്കാർ കാഴ്ചവയ്ക്കുന്നത്. ജനങ്ങൾക്ക് മടുത്തുതുടങ്ങി. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാൻ ഇടതു സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനക്ഷേമം എന്നത് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുന്നു. അടിമുടി അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്ര. ഈ സർക്കാരിന്റെ ഏതെങ്കിലും ഒരു നേട്ടം പറയാമോ എന്ന് ചോദിച്ചാൽ മുഖ്യമന്ത്രിക്ക് പോലും കൃത്യവും സത്യസന്ധവുമായി ഉത്തരം പറയാൻ കഴിയില്ല. സാമ്പത്തികരംഗം അമ്പേ കുത്തഴിഞ്ഞു.

തുടർഭരണം എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ?

പ്രതിസന്ധിയേയുള്ളൂ. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. ക്രമസമാധാനരംഗം മുമ്പെങ്ങുമില്ലാത്തവിധം താറുമാറായി. എന്തു ചെയ്യണമെന്നറിയാതെ നിഷ്ക്രിയാവസ്ഥയിലാണ് പൊലീസ്. എല്ലായിടവും അക്രമികളുടെ അഴിഞ്ഞാട്ടം. സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള ആക്രമണങ്ങൾ അനുദിനം വർദ്ധിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി ഫലപ്രദമായി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കഴിയുന്നില്ല. ആകെ അരക്ഷിതാവസ്ഥ. സർക്കാരിൽ നിന്നും തങ്ങൾക്ക് സുരക്ഷ കിട്ടില്ലെന്ന തോന്നലാണ് ജനങ്ങൾക്ക്.

വികസന മുരടിപ്പാണ് മറ്റൊരു വലിയ പ്രതിസന്ധി. ഓരോ വർഷവും പറയുന്ന കാര്യങ്ങൾ ആവർത്തിക്കുകയല്ലാതെ കഴിഞ്ഞ ഏഴുവർഷമായി എടുത്തുപറയാവുന്ന ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല.

ഏറെ അഴിമതികൾ പ്രതിപക്ഷം , പ്രത്യേകിച്ച് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നു. പക്ഷേ പലതിലും നിയമനടപടികൾ സ്വീകരിച്ചിട്ടില്ലല്ലോ?

ഞാൻ കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളിലും സർക്കാരിന് യു ടേൺ അടിക്കേണ്ടിവന്നു. ബ്രൂവറി ഡിസ്റ്റലറി മുതൽ അവസാനം കൊണ്ടുവന്ന എഐ ക്യാമറ അഴിമതി വരെ തെളിവുകൾ സഹിതം ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാരിന് ഒരു മറുപടിയും പറയാനുണ്ടായില്ല. പല തീരുമാനങ്ങളിൽ നിന്നും പിന്നോട്ടു പോകേണ്ടിവന്നത് ഉന്നയിച്ച ആരോപണങ്ങൾ കൃത്യമായതിനാലാണ്. പമ്പ മണൽക്കടത്തിലും, സ്പ്രിംഗ്ലർ അടക്കമുള്ള ആരോപണങ്ങളിലും കൃത്യമായ വസ്തുതകളോടെ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാരിൽ അഭിനന്ദനാർഹമായ വിധം പ്രവർത്തിച്ച ഏതെങ്കിലും മന്ത്രിമാരോ, വകുപ്പോ ഉണ്ടോ? ഒന്നുമില്ല, ഒരു വകുപ്പ് മറ്റേ വകുപ്പിനെക്കാൾ എത്ര മോശമാക്കാം എന്നതിലാണ് അവർ തമ്മിൽ മത്സരം. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു മന്ത്രിയും ഉണ്ടെന്ന് തോന്നുന്നില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചുവരവ് സാദ്ധ്യമാണോ?

അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. അടുത്തതവണ ഒരു കൊടുങ്കാറ്റ് പോലെ യു.ഡി. എഫ് തിരിച്ചുവരും. ജനങ്ങൾ യു.ഡി.എഫിനെ തിരികെ കൊണ്ടുവരും. കാരണം അത്രയ്ക്കാണ് ജനം അനുഭവിക്കുന്ന ഭരണദുരന്തങ്ങൾ.

യു.ഡി.എഫിന്റെ അടുത്ത നീക്കം എന്താണ് ?

രാഷ്ട്രീയ തന്ത്രങ്ങളെല്ലാം യു.ഡി.എഫ് നേതൃത്വം ചർച്ചയിലൂടെ കൂട്ടായി തീരുമാനിക്കുന്നതാണ്. യഥാസമയം അതുണ്ടാവും.

ലോക് സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രധാനമായി ഉന്നയിക്കുന്ന വിഷയം എന്താവും?

നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും ഭീഷണിയാണ്. ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുകയും അതുവഴി ഈ രാഷ്ട്രത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുകയുമാണ് അവർ ചെയ്യുന്നത്. രാജ്യത്തെ ശിഥിലമാക്കുന്ന മോദി സർക്കാരിനെ തൂത്തെറിഞ്ഞ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ മതേതര ജനാധിപത്യ വികസോന്മുഖ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കും. അതോടൊപ്പം കേരളത്തിലെ പിണറായി സർക്കാരും സംഘപരിവാറും തമ്മിലുള്ള ഒത്തുകളി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാണിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.