ഭാരതത്തിന്റെ നിലവിലുള്ള പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയി ആയിരുന്ന ലോർഡ് ഇർവിനായിരുന്നു. പ്രമുഖ മന്ദിരനിർമ്മാണ വിദഗ്ദ്ധരായ എഡ്‌വിൻ ല്യൂട്ടൻസും ഹെർബെർട്ട് ബേക്കറുമാണ് രൂപകല്പയുടേയും നിർമ്മാണത്തിന്റേയും ചുമതല നിർവഹിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബർ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിച്ചത്. മന്ദിരത്തിന്റെ രൂപകല്പന നിർവഹിച്ചത് ബിമൽ ഹസ്‌മുഖ് പട്ടേലാണ്. നിർമ്മാണം പൂർത്തിയാക്കിയത് ടാറ്റാ കമ്പനിയും.
പഴയ പാർലമെന്റ് മന്ദിരം ബ്രിട്ടീഷ് രാജകീയ മന്ദിരങ്ങളുടെ ഗരിമ പേറുന്നതാണ്. രൂപകല്പനയിലും കാഴ്ചയിലും ഭാരതീയതയുടെ പഴമയും പുതുമയും ഇഴചേരുന്നതാണ് പുതിയ മന്ദിരം. പൂർണമായും ഭാരതീയർ ഭാരതത്തിലെ ജനങ്ങൾക്കായി നിർമ്മിച്ച മന്ദിരം. പഴയ മന്ദിരത്തിന് നൂറുവർഷത്തോളം പഴക്കമായി. തുടരെ ചെറുഭൂകമ്പങ്ങൾ ആവർത്തിക്കുന്ന സ്ഥലമാണ് ഡൽഹി. അതിനാൽ ഭൂകമ്പങ്ങളെ ചെറുക്കാനാവുന്നതും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും പാലിക്കാനാവുന്നതുമായ മന്ദിരം ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പുതിയ മന്ദിരം നിർമ്മിച്ചത്.
നിശ്ചയിച്ച സമയത്തിന് രണ്ട് മാസം മുമ്പ് റെക്കാഡ് വേഗത്തിലാണ് മന്ദിരം പൂർത്തിയാക്കിയത്. ശിലാസ്ഥാപനം നടത്തിയ പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യുന്നത്. ഭാരതീയരായ എല്ലാവരും അഭിമാനപൂർവം കാത്തിരിക്കുന്ന ഒന്നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം. എന്നാൽ അതിൽ രാഷ്ട്രീയം കലർത്തി ഭിന്നത സൃഷ്ടിക്കാൻ പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചിരിക്കുന്നതിനെ ശരിയല്ലാത്ത ബഹിഷ്കരണമെന്നേ വിശേഷിപ്പിക്കാനാവൂ. ഈ മന്ദിരം നിർമ്മിച്ചത് ബി.ജെ.പിയുടെ പാർട്ടിഫണ്ടിൽ നിന്നെടുത്ത പണം കൊണ്ടല്ല. മറിച്ച് ഇന്ത്യയിലെ ജനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നല്‌കിയ നികുതിപ്പണം ഉപയോഗിച്ചാണ്. അതിനാൽ ഇത് എല്ലാവരുടെയും മന്ദിരമാണ്. അവിടെ ഭരണകക്ഷി, പ്രതിപക്ഷം എന്ന വേർതിരിവ് കൊണ്ടുവരുന്നത് ശരിയല്ല. പാർലമെന്റിന്റെ തലവനായ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒറ്റക്കെട്ടായി 19 പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരണ തീരുമാനം പ്രഖ്യാപിച്ചത്. മറ്റ് രണ്ട് കക്ഷികൾ ബഹിഷ്കരിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പമില്ല. ഉദ്ഘാടന മുഹൂർത്തത്തിൽ പങ്കെടുക്കുമെന്നും
രണ്ട് പ്രതിപക്ഷകക്ഷികൾ അറിയിച്ചിട്ടുണ്ട്. ബഹിഷ്കരണ കാര്യത്തിൽപ്പോലും ഒന്നിച്ച് നില്‌ക്കാൻ പ്രതിപക്ഷകക്ഷികൾക്ക് കഴിയുന്നില്ല. പിന്നെ ഇവർ തിരഞ്ഞെടുപ്പ് വരുമ്പോൾ എങ്ങനെ ഒന്നിച്ച് നില്‌ക്കുമെന്ന സംശയം ജനങ്ങളിൽ ഉണ്ടാകാതിരിക്കില്ല. ആദിവാസി സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റാണ് ദ്രൗപദി മുർമു. ഇതിന്റെ പേരിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുർമുവിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തെ ഭൂരിപക്ഷം കക്ഷികളും തയ്യാറായിരുന്നില്ല. മറിച്ച് മുൻ ബി.ജെ.പിക്കാരനായ എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്കാണ് ഇവർ വോട്ട് ചെയ്തത്. അവർ ഇപ്പോൾ രാഷ്ട്രപതിയുടെ പേരിൽ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെ ഇരട്ടത്താപ്പായി മാത്രമേ സമബുദ്ധിയുള്ളവർക്ക് വീക്ഷിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |