SignIn
Kerala Kaumudi Online
Monday, 05 October 2026 8.17 AM IST

വീട്ടുമാലിന്യം തള്ളാനും ജീവനക്കാ‌ർക്ക് സെക്രട്ടേറിയറ്റ്, നാപ്കിനും കൊണ്ടിട്ടു, നടപടിയുമായി സർക്കാർ

secretariate-

തിരുവനന്തപുരം: വീട്ടുമാലിന്യങ്ങൾ നിക്ഷേപിക്കാൻ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെപ്പോലും ഉപയോഗിക്കാൻ ജീവനക്കാർ ഒരുമ്പെട്ടതോടെ അച്ചടക്കനടപടിയുടെ വാളെടുത്ത് സർക്കാർ. ഗ്രീൻ പ്രോട്ടോക്കോൾ നി‌ർബന്ധമാക്കുകയും ചെയ്തു.

മാലിന്യങ്ങൾ കവറിലും സഞ്ചികളിലുമാക്കി ജീവനക്കാരിൽ ചിലർ കാറിൽ കൊണ്ടുവന്ന് ബിന്നുകളിൽ തള്ളുകയായിരുന്നു. മഴക്കാലത്തിനു മുന്നോടിയായി ശുചീകരണം നടത്തിയപ്പോഴാണ് പലയിടത്തും മാലിന്യനിക്ഷേപം കണ്ടെത്തിയത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി.

ഭക്ഷണത്തിന്റെയും പച്ചക്കറികളുടെയും അവശിഷ്ടം അതിലുണ്ട്. സാനിറ്ററി പാഡുകളും വേസ്റ്റ് ബിന്നുകളിൽ തള്ളി. ഇതോടെയാണ് വേസ്റ്റ് ബിന്നുകൾ സി.സി.ടിവിയുടെ പരിധിയിലാക്കിയത്.

സെക്രട്ടേറിയറ്റിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഹൗസ് കീപ്പിംഗ് വിഭാഗം അഡിഷണൽ സെക്രട്ടറി പി.ഹണി സർക്കുലറിൽ നിർദ്ദേശിച്ചു. ജീവനക്കാർ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത് സ്റ്റീൽ പാത്രത്തിൽ മാത്രമായിരിക്കണം. ടോയ്‌ലെറ്റുകൾ വൃത്തിയും വെടിപ്പോടെയും സൂക്ഷിക്കണം. സോപ്പ്,​ ജലലഭ്യത എന്നിവ ഉറപ്പാക്കണം. ആവശ്യമുള്ളിടത്ത് നാപ്കിൻ ഇൻസിനിറേറ്റർ സ്ഥാപിക്കണം. സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരും നായ്‌ക്കൾക്ക് ഭക്ഷണം നൽകുന്നതും വിലക്കി. നായ്‌ക്കൾ സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ സാദ്ധ്യതയുള്ള ഗ്രില്ലുകളിലെ വിടവുകൾ അടയ്ക്കണം. പല സെക്ഷനുകളിലും കുപ്പിയിൽ വെള്ളം നിറച്ച് വളർത്തിയിരിക്കുന്ന ചെടികൾ സൂപ്പർവൈസർക്ക് കൈമാറണം.

പഴയ ഫയൽ, ഫർണിച്ചർ

നീക്കണം

1. വരാന്തകളിലെ അലമാരകളിലും റാക്കുകളിലുമുള്ള പഴയ ഫയലുകൾ നീക്കണം

2. ഒഴിഞ്ഞ അലമാര ,റാക്ക്,​കസേര, മേശ എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗം മാറ്റണം

3. ഇല്ലെങ്കിൽ വകുപ്പിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് പിഴ

4. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളടക്കമുള്ളവ ഉടൻ നീക്കണം

5. ഉപയോഗയോഗ്യമല്ലാത്ത സർക്കാർ വാഹനങ്ങൾ അടിയന്തരമായി മാറ്റണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA