കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുംവിധം സംസ്ഥാനത്തിനുള്ള വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടി ആർക്കും ന്യായീകരിക്കാൻ കഴിയില്ല. നിത്യനിദാന ചെലവുകൾക്കും വികസന പദ്ധതികൾക്കും വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വീണ്ടുവിചാരമില്ലാതെ കൈക്കൊണ്ടതെന്ന് കരുതാവുന്ന ഈ തീരുമാനം. വ്യത്യസ്‌തമായ നയവും നിലപാടുകളുമുള്ള പാർട്ടികളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഇതൊരു രാഷ്ട്രീയ പകപോക്കലായും ആരോപിക്കപ്പെടാം.
മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്ന് ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥപ്രകാരം 32,440 കോടി രൂപയാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 15,390 കോടിരൂപയ്ക്കുള്ള അനുമതിയാണ് ലഭിച്ചത്. ഇതിലൂടെ ഉണ്ടാകാനിടയുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സമസ്തമേഖലയിലും പ്രതിഫലിക്കും. ജൂൺ ആദ്യം ശമ്പളവും പെൻഷനും നൽകാൻ പണം തികയാതെ കേന്ദ്രത്തിന്റെ വായ്പാനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിപോലെ പുതിയ തീരുമാനം കേന്ദ്രം അറിയിച്ചത്. 7610 കോടിരൂപയുടെ കുറവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമേ ധനക്കമ്മി കുറയ്ക്കുന്നതിനു കിട്ടുന്ന സഹായധനത്തിലും പതിനായിരം കോടി ഈ വർഷംതന്നെ വെട്ടിക്കുറയ്ക്കുമെന്നാണ് അറിയുന്നത്. എല്ലാ അർത്ഥത്തിലും സംസ്ഥാനത്തെ വരിഞ്ഞു മുറക്കുന്നതായിപ്പോയി കേന്ദ്രം സ്വീകരിച്ച ഈ സമീപനം.
ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടായാൽ അത് പൊതുവിപണിയിലെ പണത്തിന്റെ ക്രയവിക്രയത്തെപ്പോലും ബാധിക്കും. ഖജനാവ് പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഈയിടെയായി താരതമ്യേന മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു കേരളം. ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യത്തിൽ പുലർത്തിയ ജാഗ്രതയും ഭാവനാപൂർണമായ നടപടികളും എടുത്തുപറയേണ്ടതാണ്. ദൈനംദിനച്ചെലവിന്റെ 64 ശതമാനം തനത് വരുമാനത്തിൽ നിന്നാണ് ഇപ്പോൾ കേരളം കണ്ടെത്തുന്നത്. പല സംസ്ഥാനങ്ങളിലും ഇത് വെറും മുപ്പതുശതമാനം മാത്രമാണ്. നികുതി പിരിവിന്റെ കാര്യത്തിലും കേരളം വളരെ മെച്ചപ്പെട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 47000 കോടിരൂപയിൽ നിന്ന് 71000 കോടിയിലേക്ക് അത് ഉയർന്നിട്ടുണ്ട്.
ജനസംഖ്യാനിയന്ത്രണം, വിദ്യാഭ്യാസ പുരോഗതി, എല്ലായിടത്തും ശുചിമുറി, ആരോഗ്യമേഖലയിലെ മുന്നേറ്റം എന്നീ വികസന മുദ്രകൾ പോസിറ്റീവായ ഘടകങ്ങളാണെങ്കിലും കേന്ദ്ര സഹായത്തിനുള്ള മാനദണ്ഡങ്ങൾ വരുമ്പോൾ നെഗറ്റീവ് ഫാക്ടറായി മാറാറുണ്ട്. മറ്റു സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റും കേരളത്തിനു കിട്ടുന്നുമില്ല. ജി.എസ്.ടി നഷ്ടപരിഹാരവും നിലച്ചു. വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതിനു മതിയായ കാരണങ്ങളൊന്നും കേന്ദ്രം അറിയിച്ചിട്ടുമില്ല.
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹവർത്തിത്വത്തോടെ പ്രവർത്തിക്കണമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. റോഡ്-റെയിൽ വികസനം ഉൾപ്പെടെയുള്ള പല പദ്ധതികളിലും കേന്ദ്രം കേരളത്തോട് ഉദാര സമീപനം പുലർത്തുമ്പോഴാണ് ഇത്രയും ദോഷകരമായ നടപടി ഉണ്ടായിരിക്കുന്നത്. ആ തീരുമാനം പിൻവലിക്കാനും കേരളത്തിന്റെ വായ്‌പാ പരിധി ഉയർത്തി നീതികാട്ടാനും കേന്ദ്രസർക്കാർ തയ്യാറാകേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് രാഷ്ട്രീയകക്ഷിഭേദമന്യെ കേന്ദ്രത്തെ ധരിപ്പിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. മതിയായ കണക്കുകൾ സമർപ്പിക്കാതിരിക്കുക പ്രോജക്ടുകൾക്ക് അനുവദിക്കുന്ന പണം കൃത്യമായി വിനിയോഗിക്കാതിരിക്കുക തുടങ്ങി പതിവായി കേൾക്കുന്ന പരാതികൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്നും ചെയ്യാനുള്ളതെല്ലാം ചെയ്യണം. കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചാൽ മാത്രം പോര, അഖിലകക്ഷി നിവേദകസംഘം തന്നെ പ്രധാനമന്ത്രിയെക്കണ്ട് കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കണം. അത്ര ഗൗരവതരമാണ് സാഹചര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |