കൊച്ചി: അർജുൻ കാൻവാസിലേക്ക് പകർത്തിയ സൂപ്പർ കാർ ഫെരാരി എഫ് 40 അദാനിയുടെ മകൻ കരൺ ഗൗതം അദാനി സ്വന്തമാക്കി. വില പുറത്തുപറഞ്ഞിട്ടില്ല.
അതിസമ്പന്നരുടെ ഹരമായ സൂപ്പർകാറുകളെ കാൻവാസിലേക്ക് പകർത്തുന്നത് തെക്കൻപറവൂർ സ്വദേശി അർജുൻ സി.മോഹന്റെ ഹരമാണ്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടാണ് അദാനി പോർട്‌സ് സി.ഇ.ഒയായ കരൺ അദാനി വാങ്ങിയത്.
മൂല്യമറിയുന്നവർ മനസറിഞ്ഞ് തരുന്നത് വാങ്ങുകയാണ് പതിവെന്ന് എൻജിനീയർകൂടിയായ അർജുൻ പറഞ്ഞു.
ചിത്രകല അഭ്യസിച്ചിട്ടില്ല. ജന്മസിദ്ധമാണ് 'വര"പ്രസാദം.
സ്‌കൂളിൽ പഠിക്കുമ്പോഴേ കാറുകളോട് ഭ്രമമുണ്ടായിരുന്നു. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ ഉടൻ ജോലി ലഭിച്ചെങ്കിലും വര ഉപേക്ഷിച്ചില്ല. ഒടുവിൽ പ്രിയപ്പെട്ട കാറുകൾക്കു വേണ്ടി മുഴുവൻ സമയ ചിത്രകാരനായി. യൂറോപ്പിലെയും അമേരിക്കയിലെയും കാർ കമ്പനികളുടെ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് റോയൽറ്റിയായി മോശമല്ലാത്ത തുക ലഭിക്കുന്നു.
അക്രിലിക്, വാട്ടർകളർ, ഓയിൽ പെയിന്റ് ചിത്രങ്ങൾക്കു പുറമെ പെൻസിൽ ഡ്രോയിംഗും ശേഖരത്തിലുണ്ട്. ബൈക്കുകൾ, തെയ്യം, പ്രകൃതിദൃശ്യങ്ങൾ തുടങ്ങിയവയും പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കെ.എസ്.ഇ.ബിയിൽ നിന്നു വിരമിച്ച സി.പി.മോഹനന്റെയും ഒ.ഇ.എൻ ഉദ്യോഗസ്ഥ രമയുടെയും മകനാണ്. കാഞ്ഞിരമറ്റം സ്വദേശിനിയും എൻജിനീയറുമായ അപർണയാണ് ഭാര്യ.
വമ്പൻമാരെ അടുത്തറിയാം
പോർഷെ, ഫെരാരി, ബുഗാട്ടി തുടങ്ങിയ കാറുകളെ 7x5, 4x3 അടി കാൻവാസുകളിലാണ് വരയ്ക്കുന്നത്. കമ്പനികളുടെ താത്പര്യപ്രകാരം താമസിയാതെ ചിത്ര പ്രദർശനം നടത്തും. പഴയ വാഹനങ്ങൾ വാങ്ങി, കമ്പനിയിറക്കിയ അതേരീതിയിൽ നവീകരിക്കുന്നതും ഹോബിയാണ്. മാരുതി കാറും ബജാജിന്റെ രണ്ട് സ്കൂട്ടറും ഇത്തരത്തിലുണ്ട്.
സൂക്ഷ്മ ഘടകങ്ങൾ
മൂല്യം കൂട്ടും
ഒരേസമയം മൂന്നോ നാലോ ചിത്രങ്ങൾ വരയ്ക്കും. പൂർത്തിയാക്കാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. എത്രമാത്രം സൂക്ഷ്മഘടകങ്ങൾ ഉൾപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് മൂല്യവും വിലയും. ജോലിയിൽ നിന്നു കിട്ടുന്നതിനേക്കാൾ മികച്ച വരുമാനം 'കാറുകളിൽ" നിന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |