പത്തനംതിട്ട : പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഘത്തിലെ ഒരാളെ കൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇടുക്കി മ്ലാമല സ്വദേശി വെൽഡിംഗ് വർക്ക് ഷോപ്പ് ജീവനക്കാരൻ ശരത്ത് (30) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. പൊന്നമ്പല മേട്ടിലെ കടന്നുകയറ്റം ആസൂത്രണം ചെയ്തത് ശരത്ത് ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി. ശരത്തിന് സംഘത്തിലെ തമിഴ്‌നാട് സ്വദേശികളുമായി ബന്ധമില്ലെന്നും ഇവരെ കണ്ടെത്താൻ മുഖ്യപ്രതി നാരായണൻ നമ്പൂതിരി പിടിയിലാകണമെന്നും അന്വേഷണസംഘം അറിയിച്ചു.
പൊലീസ് കസ്റ്റഡിയിൽ ലഭിച്ച കെ.എഫ്.ഡി.സി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, വർക്കർ സാബുമാത്യു എന്നിവരെ ചോദ്യം ചെയ്യലുകൾക്കുശേഷം പൊന്നമ്പലമേട്ടിലെത്തിച്ച് തെളിവെടുത്തു. വനംവകുപ്പ് പിടികൂടിയ മറ്റുളളവരെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൂഴിയാർ എസ്.എച്ച്.ഒ കിരൺ വി.എസ് പറഞ്ഞു. കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ട്. ഒളിവിലുള്ള നാരായണൻ നമ്പൂതിരി പത്തനംതിട്ട സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജൂൺ 6ന് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. എതിർത്ത് വനംവകുപ്പും പൊലീസും തടസഹർജി നൽകിയിട്ടുണ്ട്.
വാച്ച് ടവർ പുനഃസ്ഥാപിച്ചു
പൊന്നമ്പല മേട്ടിൽ അതിക്രമിച്ചു കയറുന്നത് തടയാൻ പച്ചക്കാനത്ത് പരിശോധന കർശനമാക്കിയതിനും പൊന്നമ്പല മേട്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിനും പിന്നാലെ വാച്ച് ടവർ പുനഃസ്ഥാപിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കി. തകർന്ന വാച്ച് ടവർ നന്നാക്കി 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി. ഇതിനായി രണ്ടു ബാച്ചായി 6 വനപാലകരെ നിയോഗിച്ചതായി പമ്പാ റേഞ്ച് ഓഫീസർ ജി.അജികുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |