കോട്ടയം: പങ്കാളിയെ കൈമാറിയ കേസിൽ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയിൽ കണ്ട യുവതിയുടെ ഭർത്താവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ഇയാൾ മരിച്ചത്. ഈ മാസം 19ന് വീട്ടുമുറ്റത്ത് വെട്ടേറ്റ് കമിഴ്‌ന്നുകിടന്ന നിലയിലായിരുന്നു യുവതിയെ കണ്ടത്. കൊലനടത്തിയ അന്ന് വൈകിട്ടുതന്നെ പങ്കാളിയെ കൈമാറിയ കേസിൽ പ്രതിയായ ഷിനോ വിഷം കഴിച്ച് അവശനിലയിൽ ചങ്ങനാശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വിവരമറിഞ്ഞ് പൊലീസ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ കേസിൽ ചോദ്യം ചെയ്യാനായിരുന്നു ശ്രമം. ഇതിനിടെ ഇന്ന് പുലർച്ചെ ആരോഗ്യം മോശമായി പ്രതി മരിച്ചു.
മണർകാട് മാലത്തെ വീട്ടിൽവച്ചാണ് 26കാരിയായ യുവതിയെ ഷിനോ വെട്ടി കൊലപ്പെടുത്തിയത്. യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് അന്നുതന്നെ യുവതിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കൾ കളിക്കാൻ പോയിരുന്നു. ഇവർ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. മെസഞ്ചർ, ടെലിഗ്രാമടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്.
ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |