പൊതുഇടങ്ങളിലും ബസുകളിലും ട്രെയിനുകളിലുമെല്ലാം ഇന്ന് പ്രായഭേദമെന്യേ സ്‌ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളിലൊന്നാണ് ഞരമ്പുരോഗികളായ ചിലരുടെ നഗ്നതാപ്രദർശനം. യുവാക്കൾ മാത്രമല്ല, കുഴിയിലേക്കു പടുവൃദ്ധർവരെ സ്‌ത്രീത്വത്തിനു വെല്ലുവിളിയായി ചുറ്റിലുമുണ്ട്. ഇക്കൂട്ടരുടെ നിലവിട്ട പെരുമാറ്റം നേർദൃഷ്ടിയിൽപ്പെട്ടാലും കണ്ടില്ലെന്നുനടിച്ച് അവഗണിക്കുകയാണ് പതിവ്. എന്നാൽ സമീപകാലത്തായി അതിനു മാറ്റം വന്നതായി കാണുന്നു. അവഗണിച്ചോ നിസാരവത്‌കരിച്ചോ തള്ളിക്കളയേണ്ട സാമൂഹ്യപ്രശ്നമല്ല ഇതെന്ന ബോധം യുവതികൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. പരസ്യമായിത്തന്നെ പ്രതികരിക്കാനും മനോവൈകൃതം കാട്ടുന്ന ഞരമ്പുരോഗികളെ നിയമപാലകരെ ഏല്പിക്കാനും തക്ക തന്റേടമുള്ള പുതുതലമുറ എണ്ണത്തിൽ കുറവാണെങ്കിലും ഇന്ന് ധൈര്യം കാണിക്കുന്നു. തീർച്ചയായും ഈ മാറ്റം സമൂഹത്തിനു നല്ല സന്ദേശമാണു നല്‌കുന്നത്. അനീതി കണ്ടാൽ ചുമ്മാതിരുന്നിട്ടു കാര്യമില്ലെന്നും ഉറക്കെ പ്രതികരിക്കുകയാണു വേണ്ടതെന്നും സ്‌ത്രീസമൂഹത്തെ ഒന്നാകെ ഓർമ്മപ്പെടുത്തുകയാണ് സാമൂഹ്യവിരുദ്ധരുടെ നാണമില്ലാത്ത ചെയ്തികൾ പരസ്യമാക്കുന്നതിലൂടെ അവർ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസിൽ ഒറ്റയ്ക്കു യാത്രചെയ്യവേ തനിക്കുണ്ടായ ദുരനുഭവം മറച്ചുപിടിക്കാനല്ല ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കാനാണ് യുവതി ശ്രമിച്ചത്. പുറപ്പെടാനൊരുങ്ങിനിന്ന ബസിൽ യുവതിയുടെ സീറ്റിന് അഭിമുഖമായി വന്നിരുന്ന് നഗ്നതാപ്രദർശനത്തിന് ഒരുമ്പെട്ട മദ്ധ്യവയസ്‌കനെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ. ഒറ്റയ്ക്ക് ഒരു പെണ്ണിനെ കാണുന്ന മാത്രയിൽ എന്ത് ആഭാസത്തരവും കാണിക്കാൻ ഒരു മടിയുമില്ലാത്ത സാമൂഹ്യവിരുദ്ധർ നാട്ടിലെങ്ങും പെരുകിവരികയാണ്. ഏതാനും ദിവസം മുൻപ് ഇതുപോലെ തൃശൂർ - എറണാകുളം റൂട്ടിൽ ഒരു ബസിലെ ഏതാനും യുവതികൾക്കു ഇതേ അനുഭവം നേരിട്ടിരുന്നു. ഈ സംഭവത്തിലും ദൃശ്യം തൽക്ഷണം പകർത്തി അക്രമിയായ യുവാവിനെ കുടുക്കാൻ യുവതികൾക്കു സാധിച്ചു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള ഒട്ടേറെ സംഭവങ്ങൾ നടക്കാറുണ്ട്. പലരും പുറത്തു പറയാറില്ലെന്നു മാത്രം. ഒറ്റയ്ക്കു യാത്രചെയ്യേണ്ടിവരുന്ന പെൺകുട്ടികളും പല പ്രായക്കാരായ സ്‌ത്രീകളുമാണ് മിക്കപ്പോഴും ഈ സാമൂഹ്യവിരുദ്ധന്മാരുടെ ഇരകളാകാറുള്ളത്. അതിക്രമം കണ്ട് തലതാഴ‌്‌ത്തി രംഗത്തുനിന്ന് നിഷ് ക്രമിക്കുന്നതിനു പകരം ധീരമായിത്തന്നെ അക്രമികളെ നേരിടുന്നവരുടെ സംഖ്യ കൂടിക്കൂടി വരുന്നുണ്ട്. പെൺകുട്ടികൾക്ക് ഇക്കാലത്ത് പഠനത്തിനും ഉദ്യോഗത്തിനുമൊക്കെയായി ധാരാളം യാത്രചെയ്യേണ്ടിവരുന്നുണ്ട്. അകമ്പടിയൊന്നുമില്ലാതെ ഒറ്റയ്ക്കു യാത്രചെയ്യേണ്ടിവരുന്ന അവസ്ഥയിൽ പുരുഷമൃഗങ്ങളെ പേടിക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാവുക സാധാരണമാണ്. അതിക്രമത്തിനു മുതിരുന്ന അക്രമികളിൽനിന്ന് ഒളിച്ചോടുന്നതിനു പകരം പ്രതിരോധത്തിനു ശ്രമിക്കുന്നവരെ പിന്തുണയ്ക്കാൻ സമൂഹം ഒപ്പമുണ്ടാകും.
ആശുപത്രി ജീവനക്കാരെ അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കാൻ നിയമം ഈയിടെ ശക്തമാക്കിയതുപോലെ സ്‌ത്രീകൾക്കെതിരെ ഏതുതരത്തിലുള്ള അതിക്രമവും തടയാൻ നിയമം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം. പൊതുസ്ഥലത്തെ നഗ്നതാപ്രദർശനവും അതിനൊപ്പമുള്ള മറ്റു തെമ്മാടിത്തരങ്ങളും ശിക്ഷിക്കപ്പെടണം. നിസാരവകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടേണ്ട കുറ്റകൃത്യമായി ഇതിനെ കാണരുത്. അഭിമാനത്തോടെ പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും പൊതുഇടങ്ങളിൽ യാത്രചെയ്യാൻ കഴിയണം. അതുപോലെ പൊതുവാഹനങ്ങളിലും അവർക്കു പൂർണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സ്‌ത്രീത്വത്തെ അപമാനിക്കുന്ന ഏതു പ്രവൃത്തിയും കഠിനശിക്ഷ ക്ഷണിച്ചുവരുത്തുമെന്നു വന്നാൽ പൊതുസ്ഥലങ്ങളിൽ അവർക്കെതിരെ അതിക്രമത്തിനു തുനിയാൻ ഞരമ്പുരോഗികളും മടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |